ഇ വാർത്ത | evartha
മഹാമാരിയ്ക്കിടെ മാതൃകയായി ‘മുനിയ ദീദി’

കൊവിഡ് എന്ന മഹാമാരി ലോകത്തെ ഭീതിപ്പെടുത്തി മുന്നേറുകയാണ്. ഈയൊരു സാഹചര്യത്തിൽ മുൻമുൻ സർക്കാർ എന്ന ഇ-റിക്ഷ ഡ്രൈവർ നാടിനു മാതൃകയായി നിലകൊള്ളുകയാണ്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സുമനസുകളായ നിരവധി പേരുടെ വാർത്തകളാണ് ഓരോ ദിവസവും ഇത്തരത്തിൽ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ മറ്റുള്ളവർക്ക് മാതൃക ആകുകയാണ് മുൻമുൻ സർക്കാർ എന്ന ഇ-റിക്ഷ ഡ്രൈവറും. കൊവിഡ് രോഗികളെ സൗജന്യമായി ആശുപത്രിയിൽ എത്തിച്ചാണ് ഈ വനിതാ റിക്ഷ ഡ്രൈവർ സമൂഹത്തിന് മാതൃക ആകുന്നത്.
സമൂഹമാധ്യമങ്ങളിലടക്കം മുൻമുൻ ഇതിനോടകം വൈറലായി കഴിഞ്ഞു. വടക്കൻ ബംഗാൾ സ്വദേശിനിയാണ് 48 കാരിയായ മുൻമുൻ. ഡാർജിലിംഗ് ജില്ലയിലെ സിലിഗുരിയിലെ ആദ്യത്തെ വനിതാ ഇ-റിക്ഷ ഡ്രൈവർ കൂടിയാണ് ഇവർ. എല്ലാവരും മുൻമുന്നിനെ സ്നേഹപൂർവ്വം ‘മുനിയ ദീദി’ എന്നാണ് വിളിക്കുന്നത്. ഏകദേശം ആറര വർഷം മുമ്പാണ് മുൻമുൻ ഇ-റിക്ഷ ഓടിക്കാൻ തുടങ്ങിയത്. സൗജന്യ യാത്രയ്ക്ക് പുറമേ ആവശ്യക്കാർക്ക് ഭക്ഷണവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നുമുണ്ട് മുൻമുൻ.
“തുടക്കത്തിൽ കൊവിഡ് രോഗികളെ സൗജന്യമായി കൊണ്ടുപോയപ്പോൾ പ്രാദേശിക കൗൺസിലർ എന്നോട് ഇതിൽ നിന്നും മാറാൻ ആവശ്യപ്പെട്ടു. അയൽക്കാർ എന്നെ പ്രദേശത്ത് നിന്ന് പുറത്താക്കാൻ ശ്രമിച്ചു. എന്നാൽ ഞാൻ ദൃഢ നിശ്ചയം ചെയ്തു, എനിക്ക് പിന്തുണയുമായി കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ പരിണതഫലങ്ങൾ നേരിടാൻ അവർ തയ്യാറായിരുന്നു“, മുൻമുൻ പറയുന്നു.
സ്ത്രീകളെ ശാക്തീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇ-റിക്ഷ ഓടിക്കാൻ തീരുമാനിച്ചതെന്ന് മുൻമുൻ പറയുന്നു. മഹാമാരി തുടങ്ങിയത് മുതൽ തന്നെ രോഗികളെ മുൻമുൻ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയിരുന്നു. ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ആയവരെ തിരികെ വീടുകളിലേക്കും ഇവർ കൊണ്ടെത്തിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് മുൻമുൻ സവാരി നടത്തുന്നത്. മുൻമുനിന്നെ പോലുള്ളവർ നാടിനാവശ്യമാണെന്നാണ് സമീപവാസികൾ പറയുന്നത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Z3uOp3
via IFTTT
No comments:
Post a Comment