അരീക്കോട് > പ്രാക്തന ഗോത്രവർഗക്കാരായ ചോലനായ്ക്കരുടെ ഭാഷയെക്കുറിച്ച് ആധികാരിക പഠനവുമായി എ ടി ലിജിഷ. കേരളത്തിലെ ഒരു ഗോത്രഭാഷയെപ്പറ്റിയുള്ള ആദ്യ പഠനമാണിത്. ‘ചോലനായ്ക്ക ഭാഷ: പരിസ്ഥിതിഭാഷ ശാസ്ത്രപഠനം' പ്രബന്ധത്തിനാണ് സാഹിത്യകാരികൂടിയായ ലിജിഷക്ക് ഡോക്ടറേറ്റ്.
ഏഷ്യയിലെ ഏക ഗുഹാവാസികളാണ് ചോലനായ്ക്കർ. പ്രകൃതിയിലെ ശബ്ദങ്ങളിൽനിന്ന് ഭാഷ എങ്ങനെ രൂപപ്പെടുന്നുവെന്നത് ഇവരുടെ ജീവിതപരിസരത്തിലൂടെ വ്യക്തം. ലിപിയില്ലാത്ത ഭാഷയാണ് ചോലനായ്ക്കർ സംസാരിക്കുന്നത്. കന്നട, തുളു, തോട, കോട തുടങ്ങിയവയുമായി ഏറെ ബന്ധമുണ്ടെങ്കിലും ഇതൊരു സ്വതന്ത്രഭാഷയാണ്. ഓരോ വസ്തുവിനും പേര് നൽകുകയും വർഗീകരിക്കുകയുംചെയ്തിട്ടുണ്ട്. പ്രകൃതിയോടുചേർന്ന് വസിക്കുന്ന ചോലനായ്ക്കർ സകല ചരാചരങ്ങൾക്കും പ്രാധാന്യമുള്ള പാരിസ്ഥിതിക ബോധമാണ് കാത്തുസൂക്ഷിക്കുന്നതെന്ന് ഗവേഷണത്തിൽ കണ്ടെത്തി.
‘പരിസ്ഥിതി ഭാഷാശാസ്ത്രം' എന്ന വീക്ഷണത്തിലാണ് പഠനം. മലയാള സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിനിയായിരുന്നു ലിജിഷ. ആന്ത്രപ്പോളജിസ്റ്റും ഭാഷാശാസ്ത്രജ്ഞനുമായ പ്രൊഫ. എം ശ്രീനാഥന്റെ മാർഗനിർദേശത്തിലായിരുന്നു ഗവേഷണം. ലിപിയില്ലാത്ത ആശയവിനിമയത്തിന്റെ വസ്തുതാശേഖരണത്തിന് കഠിനാധ്വാനംചെയ്തു. ചോലനായ്ക്കരെക്കുറിച്ച് അധികം പഠനങ്ങളൊന്നും കേരളത്തിലുണ്ടായിട്ടില്ല.
മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലയായതിനാലും വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാലും വനംവകുപ്പിന്റെയും പൊലീസിന്റെയും കടുത്ത നിയന്ത്രണം പാലിച്ചായിരുന്നു വസ്തുതാശേഖരണമെന്ന് ലിജിഷ പറഞ്ഞു. ആദ്യകാലങ്ങളിൽ ഗോത്രാംഗങ്ങൾ മിണ്ടാൻപോലും മടിച്ചു. പിന്നീട് വളരെ സൗഹൃദത്തോടെ വിവരം നൽകി.
ചോലനായ്ക്ക ഗോത്രത്തിൽനിന്ന് ആദ്യമായി പിഎച്ച്ഡി ഗവേഷണത്തിന് യോഗ്യത നേടിയ വിനോദ്, വിനയൻ, ബാലൻ, നിഷ, വിജയൻ, അമ്മിണി, മണി, സുനു തുടങ്ങിയവരാണ് ഭാഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകി സഹായിച്ചതെന്നും ലിജിഷ പറഞ്ഞു. കാവനൂർ മാടാരുകുണ്ടിൽ കെ ഏകാമ്പന്റെയും ലീലയുടെയും മകളാണ്. പാവാട, വാഴ്വാധാരം എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പാവാട’ എന്ന കഥയ്ക്ക് 2019ൽ കേരള കലാകേന്ദ്രയുടെ കമല സുരയ്യ പുരസ്കാരം ലഭിച്ചു.
from Kerala || Deshabhimani Online News https://ift.tt/3eOP56U
via IFTTT
No comments:
Post a Comment