തിരുവനന്തപുരം> നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്തിൽ സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവ് കണ്ണിയാണെന്ന് സൂചന. നയതന്ത്രപരിരക്ഷ ദുരുപയോഗിച്ച് നടത്തിയ സ്വർണക്കടത്തിനുപിന്നിൽ വൻ സ്രാവുകളുണ്ടെന്ന് കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്. മുഖ്യകണ്ണിയായ സന്ദീപ് നായരുടെ ബിജെപി ബന്ധം വ്യക്തമായതിനു പിന്നാലെ ബിജെപിയുടെ ഉന്നത നേതാക്കളുമായി ബന്ധമുള്ള ട്രേഡ് യൂണിയൻ നേതാവ് ഹരിരാജിന്റെ എറണാകുളം ഞാറയ്ക്കലിലെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.
ബിജെപി, ആർഎസ്എസ് പ്രമുഖരുമായി അടുത്തബന്ധമുള്ള കസ്റ്റംസ് ക്ലിയറൻസ് അസോസിയേഷൻ നേതാവായ ഹരിരാജിന് വൻകിട ബിസിനസുകാരുമായും ഇടപാടുകളുണ്ട്. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും രക്ഷപ്പെടാൻ സഹായിച്ചതും ഇയാളാണെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. നയതന്ത്ര ബാഗേജിലെത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയപ്പോൾ ആദ്യം വിളിച്ചത് ഒരു ട്രേഡ് യൂണിയൻ നേതാവാണെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. നയതന്ത്ര പരിരക്ഷയുള്ള ബാഗേജ് തുറന്നാൽ ജോലിപോകുമെന്നായിരുന്നു ഭീഷണി. കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ഇടപെടുവിക്കാനും ഇയാൾ ശ്രമിച്ചു. അപകടം ഉറപ്പായപ്പോൾ ബാഗേജ് യുഎഇയിലേക്ക് തിരിച്ചയക്കാനും ശ്രമിച്ചു.
ഇത്തരം നീക്കങ്ങളാണ് സ്വർണക്കടത്തിനു പിന്നിൽ വൻതോക്കുകളുണ്ടെന്ന നിഗമനത്തിലേക്ക് കസ്റ്റംസിനെ എത്തിച്ചത്. ഹരിരാജ് മുഖേന മറ്റൊരു പ്രമുഖനാണ് ഇത്തരം ബിസിനസുകൾ നിയന്ത്രിച്ചിരുന്നതെന്ന് സൂചനയുണ്ട്. ഇത് തെളിയിക്കാനുള്ള രേഖകൾ അധികൃതർ ശേഖരിക്കുന്നു. ബിജെപിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള സന്ദീപ് നായരെപ്പോലെ ഹരിരാജിന്റെയും വളർച്ച പെട്ടെന്നായിരുന്നു.
കൊച്ചിയിൽ സജീവമല്ലാതിരുന്ന ഹരിരാജിന് തിരുവനന്തപുരത്ത് എത്തിയശേഷം വളർച്ച പെട്ടെന്നായിരുന്നു എന്ന് ബിജെപി നേതാക്കൾതന്നെ പറയുന്നു. കേന്ദ്രമന്ത്രി വി മുരളീധരനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകളും സ്വർണം പിടികൂടിയ സംഭവത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെയും അസിസ്റ്റന്റ് കമീഷണറെയും അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പും ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ ബിജെപി നേതാക്കൾ പൊടുന്നനെ കേസ് വഴിതിരിച്ചുവിടാൻ നടത്തിയ ശ്രമങ്ങൾ ആദ്യം മുതൽ സംശയമുണർത്തിയിരുന്നു. പൂർണമായും കേന്ദ്രസർക്കാരിന് അന്വേഷണവും നടപടിയും എടുക്കാവുന്ന കേസായിട്ടും അതിനു മുതിരാതെ സംസ്ഥാന സർക്കാരിനുമേൽ ആരോപണം ഉന്നയിക്കാനാണ് ബിജെപി നേതാക്കൾ ശ്രമിച്ചത്. സ്വർണം എവിടേക്കാണ് പോകുന്നതെന്ന ചോദ്യം ഇവരാരും ഇതുവരെ ഉയർത്തിയിട്ടുമില്ല.
from Kerala || Deshabhimani Online News https://ift.tt/2Oe26Ma
via IFTTT
No comments:
Post a Comment