പാനൂര്> രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയായി ജയില്ശിക്ഷ അനുഭവിച്ചുവന്ന സിപിഐ എം പാനൂര് ഏരിയാ കമ്മിറ്റി അംഗം പാറാട് കണ്ണങ്കോട്ടെ പടിഞ്ഞാറെ കുഞ്ഞിക്കാട്ടില് പി കെ കുഞ്ഞനന്തന് (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് വ്യാഴാഴ്ച രാത്രി 9. 25ന് ആയിരുന്നു അന്ത്യം. ടി പി ചന്ദ്രശേഖരന് കേസില് ശിക്ഷിക്കപ്പെട്ട് ജയിലില് കിടക്കുന്നതിനിടെ വയറ്റിലുണ്ടായ അണുബാധയെതുടര്ന്ന് ഒരു വര്ഷത്തിലേറെയായി ചികിത്സയിലായിരുന്നു.സംസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പാന്നൂരിലെ വീട്ടുവളപ്പിൽ നടക്കും.തിരുവനന്തപുരത്ത് നിന്ന് പാനൂരിലേക്ക് എത്തിച്ച മൃതദേഹം രാവിലെ 9 മണി വരെ സിപിഐ ഏരിയ കമ്മിറ്റി ഓഫീസിലും 9.30 മുതൽ 11 വരെ പാറാട് ടൗണിലും പൊതുദർശനത്തിന് വയ്ക്കും
.jpg)
പാറാട് ടൗണില് അടിയന്തരാവസ്ഥക്കെതിരെ പ്രകടനം നയിച്ചാണ് പി കെ കുഞ്ഞനന്തന് പൊതുരംഗത്ത് സജീവമായത്. 1970ല് സിപിഐ എം അംഗമായി. 15 വര്ഷം കുന്നോത്തുപറമ്പ് ലോക്കല് സെക്രട്ടറിയായിരുന്നു. കര്ഷകത്തൊഴിലാളി യൂണിയന് കണ്ണൂര് ജില്ലാ കമ്മിറ്റി അംഗമായും പ്രവര്ത്തിച്ചു. 1980 മുതല് സിപിഐ എം പാനൂര് ഏരിയാ കമ്മിറ്റി അംഗമാണ്. ടി പി ചന്ദ്രശേഖരന് കേസില് 2014 ജനുവരിയിലാണ് വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിധിക്കെതിരായ അപ്പീല് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പരേതരായ കേളോത്താന്റവിടെ കണ്ണന്നായരുടെയും കുഞ്ഞിക്കാട്ടില് കുഞ്ഞാനമ്മയുടെയും മകനായി 1948ലാണ് ജനനം. കണ്ണങ്കോട് യുപി സ്കൂളിലെ പഠനത്തിനുശേഷം അമ്മാവന് ഗോപാലന്മാസ്റ്ററുടെ പാത പിന്തുടര്ന്ന് കമ്യൂണിസ്റ്റ് പാര്ടിയിലെത്തി. ജോലി ആവശ്യാര്ഥം ഇടക്കാലത്ത് ബംഗളൂരുവിലേക്ക് പോയെങ്കിലും 1975ല് അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പ് മടങ്ങിയെത്തി. എതിരാളികളുടെ കടന്നാക്രമണങ്ങളില്നിന്ന് പ്രസ്ഥാനത്തെ സംരക്ഷിക്കാന് കുഞ്ഞനന്തന് എന്നും മുന്നിരയില്നിന്നു.
.jpg)
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലും കുന്നോത്തുപറമ്പ് പഞ്ചായത്തിലും അംഗമായിരുന്ന ശാന്തയാണ് ഭാര്യ. മക്കള്: ശബ്ന (അധ്യാപിക, കണ്ണങ്കോട് യുപി സ്കൂള്), ഷിറില് (ഖത്തര്). മരുമക്കള്: മനോഹരന്, നവ്യ (അധ്യാപിക, പാറേമ്മല് യുപി സ്കൂള്). സഹോദരങ്ങള്: പി കെ നാരായണന് (പ്രധാനാധ്യാപകന്, കണ്ണങ്കോട് യുപി സ്കൂള്), പരേതനായ ബാലന്നായര്.
മരണ വിവരം അറിഞ്ഞതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സിപിഐ എം നേതാക്കളും പാർടി പ്രവർത്തകരും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തി.രാത്രി 11.15ഓടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കുഞ്ഞനന്തന്റെ മൃതദേഹം ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുവന്നു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ എം വി ഗോവിന്ദൻ, എ വിജയരാഘവൻ, ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ ചേർന്ന് രക്തപതാക പുതപ്പിച്ചു.
രാഷ്ട്രീയ വേട്ടയുടെ ഇരയായ നേതാവ്
രാഷ്ട്രീയ വേട്ടയാടലിനും വിവാദങ്ങൾക്കും തളർത്താനാവാത്ത കമ്യൂണിസ്റ്റ് കരുത്തിന്റെ ആൾരൂപമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി അന്തരിച്ച പി കെ കുഞ്ഞനന്തൻ. ടി പി ചന്ദ്രശേഖരൻ കേസിൽ ഹൈക്കോടതിയുടെ തീർപ്പ് കാക്കാതെ വിടപറയുമ്പോൾ ജീവിതം പ്രസ്ഥാനത്തിനായി സമർപ്പിച്ച കമ്യൂണിസ്റ്റാണ് ഓർമയാകുന്നത്. ആർഎസ്എസ്സുകാരന്റെ സാക്ഷിമൊഴിയിൽ വിചാരണക്കോടതി ശിക്ഷിച്ചപ്പോഴും ഹൈക്കോടതിമുമ്പാകെയുള്ള അപ്പീലിൽ അദ്ദേഹം നീതി പ്രതീക്ഷിച്ചിരുന്നു.
സർക്കാരും അന്വേഷണസംവിധാനവും വിചാരിച്ചാൽ ഏത് നിരപരാധിയെയും അപരാധിയാക്കാമെന്നതിന്റെ തെളിവാണ് കുഞ്ഞനന്തന്റെ ജീവിതം. ഉമ്മൻചാണ്ടി സർക്കാരും സിപിഐ എം വിരുദ്ധരും ചേർന്ന് രചിച്ച തിരക്കഥയിലാണ് ടി പി ചന്ദ്രശേഖരൻ കേസിൽ അദ്ദേഹത്തെ കുടുക്കിയത്. സാക്ഷിമൊഴി കെട്ടിച്ചമച്ചതാണെന്ന് അറിയാമായിരുന്നിട്ടും ഒരുവിഭാഗം മാധ്യമങ്ങളും ഇതിന് കൂട്ടുനിന്നു. ഒടുവിൽ, ജയിലിൽനിന്ന് അസുഖം ബാധിച്ച് ചികിത്സയിലിരിക്കെയുള്ള അകാല വിയോഗം.
ചന്ദ്രശേഖരൻ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ 2012 ജൂൺ 23ന് വടകര കോടതിയിൽ ഹാജരായി വിചാരണ നേരിട്ട പൊതുപ്രവർത്തകനാണ് കുഞ്ഞനന്തൻ. അന്നു മുതൽ ജയിലിൽകിടന്ന് കമ്യൂണിസ്റ്റുകാരന്റെ ഇച്ഛാശക്തിയോടെ എല്ലാ പീഡനവും അഭിമുഖീകരിച്ചു. ഒരുവിധത്തിലും ബന്ധമില്ലാത്ത കേസായിട്ടും എല്ലാം സഹിച്ചു. വിവാദങ്ങൾക്കും വേട്ടയാടലുകൾക്കുംമുന്നിൽ തലകുനിച്ചില്ല. നിയമാനുസൃതം അനുവദിച്ച പരോൾപോലും വിവാദമാക്കിയവരുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2URv7RR
via IFTTT
No comments:
Post a Comment