തുറക്കാം മനസും ജീവിതവും (മനസാണ്‌ മനസിലാക്കാം ഭാഗം‐2) - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 20, 2020

തുറക്കാം മനസും ജീവിതവും (മനസാണ്‌ മനസിലാക്കാം ഭാഗം‐2)


തയ്യാറാക്കിയത് : എം ജഷീന, എ എസ് ജിബിന, അശ്വതി ജയശ്രീ

‘എനിക്കിപ്പോ പുറത്തുപോണം... എന്തേലും ചെയ്ത് തരാൻ പറ്റ്വോ...? ഇല്ലെങ്കി... ഞാൻ പോയി തൂങ്ങി ചത്തോളാം...’ എറണാകുളം ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ടെലി കൗൺസലിങ്ങിലേക്ക് വിളിച്ച യുവാവ് ഇത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഉടൻ സൈക്കോ സോഷ്യൽ കൗൺസലർ ശാന്തി രാജൻ അയാളെ തിരിച്ചുവിളിച്ചു. ‘ഇനിയെപ്പഴാ... പുറത്തിറങ്ങാൻ പറ്റണേ... എനിക്കെങ്ങാനും കോവിഡ് വര്വോ... എനിക്ക് ഭ്രാന്ത് പിടിക്കുന്നു...മരിക്കാനാണ് തോന്നുന്നത്’ ആകെ അസ്വസ്ഥനാണ് അയാൾ. നിരീക്ഷണ കാലയളവ് 14ൽനിന്ന് 28 ദിവസമാക്കിയപ്പോഴായിരുന്നു ഈ പ്രതികരണം.

നിരീക്ഷണത്തിലിരിക്കേണ്ടതിന്റെ ആവശ്യകത കൗൺസലർ ക്ഷമയോടെ യുവാവിനെ പറഞ്ഞു മനസ്സിലാക്കി. ഇടയ്ക്കിടെ വിളിച്ച് ആശ്വാസം പകർന്നതോടെ അയാൾ ശാന്തനായി. ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ നിരവധിപേരാണ് ഇത്തരം അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ഹെൽപ്ലൈനുകളിലേക്ക് വിളിച്ചത്. പുറത്തിറങ്ങിയും സുഹൃത്തുക്കളുമായി കൂട്ടുകൂടിയും കഴിഞ്ഞവർക്ക് ഒറ്റപ്പെട്ട് ഒരു മുറിയിൽ ദിവസങ്ങൾ കഴിയുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകൾ പറഞ്ഞറിയിക്കാനാകില്ല. അതിനുപുറമെയാണ് രോഗഭീതിയിൽ അയൽവാസികളുടെയും പരിചയക്കാരുടെയും അനാവശ്യമായ ഒറ്റപ്പെടുത്തൽ.

ജോലി തരാൻ പറ്റില്ലെന്നറിയാം..എങ്കിലും

ആലപ്പുഴ ചേർത്തലയിൽ നിന്നാണ് ടെലി കൗൺസലിങ് സെന്ററിലേക്ക് ആ കോൾ വന്നത്. ‘എന്റെ പ്രശ്നങ്ങൾ നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ലാന്ന് അറിയാം. നിങ്ങൾക്ക് എനിക്കൊരു ജോലി തരാനാകില്ല. പക്ഷേ, എന്നാലും ഞാനിങ്ങനെ പറയും. എനിക്കിത് ആരോടെങ്കിലുമൊക്കെ പറയണം. അല്ലെങ്കി, ഞാൻ ശ്വാസം മുട്ടി വല്ലാണ്ടാകും. ഏറെ കാത്തിരുന്ന് കിട്ടിയ ജോലി ആയിരുന്നു. അത് പോയി. ഈ മുറിയിലിങ്ങനെ ആരേം കാണാതെ കഴിയുമ്പോൾ വല്ലാത്തൊരു വിങ്ങലാണ്. സുഹൃത്തുക്കളെയും വീട്ടുകാരെയും ഇനിയും വേദനിപ്പിക്കാനാകില്ല. അതാണ് ഇവിടേക്ക് വിളിച്ചത്.’കരച്ചിലിന്റെ വക്കത്തായിരുന്നു ആ യുവാവ്.
പാവപ്പെട്ട കുടുംബത്തിലെ മൂത്ത മകനാണ്. ഐടി കമ്പനിയിൽ ജോലി കിട്ടിയപ്പോൾ കടം വാങ്ങിയും മറ്റും ഫെബ്രുവരി ആദ്യം ഖത്തറിലേക്ക് വിമാനം കയറിയതാണ്. കോവിഡിന്റെ ഫലമായുണ്ടായ പിരിച്ചുവിടലിൽ ഒരാഴ്ചയ്ക്കുള്ളിൽ ജോലി പോയി. കൂട്ടുകാർ ചേർന്ന് പണം സമാഹരിച്ച് അയച്ചുകൊടുത്താണ് നാട്ടിലേക്ക് തിരിച്ചുവന്നത്. ഇങ്ങനെ തൊഴിൽ നഷ്ടപ്പെട്ട, വരുമാനം കുറഞ്ഞ ഒട്ടനവധി പേർ. മാനസിക സമ്മർദത്തിന്റെയും ഉൽക്കണ്ഠയുടെയും കാരണങ്ങളിൽ ഒന്നാം സ്ഥാനത്ത് തൊഴിലാണ്.

വായ്പാതിരിച്ചടവും കടബാധ്യതയുമുള്ള യുവാക്കളെയും മധ്യവയസ്കരെയുമാണ് തൊഴിൽനഷ്ടം പ്രധാനമായും ബാധിക്കുന്നത്. തിരിച്ചടവിനുള്ള കാലാവധി നീട്ടിയിട്ടുണ്ടെങ്കിലും ജോലിയില്ലാതെ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ചിന്തയും സാമ്പത്തിക ബുദ്ധിമുട്ടും ഇവരെ പിരിമുറക്കത്തിലാക്കുന്നു. മാനസിക സമ്മർദത്തിലായ കൊച്ചിയിലെ ചെറുകിട മരാമത്ത് പണിക്കാരൻ മാനസികാരോഗ്യ വിദഗ്ധനോട് പറഞ്ഞതിങ്ങനെയാണ്- ‘ബാറ്ററി ഡൗണായ വണ്ടി ഉന്തിത്തള്ളി നീക്കുന്ന പോലെയായിരുന്നു ജീവിതം. ലോക്ഡൗൺ വന്നതോടെ വണ്ടിയുടെ നാല് ടയറും പഞ്ചറായ സ്ഥിതിയായി’

ഓൺലൈൻ പഠനത്തിന്റെ കാണാപ്പുറം

ഓൺലൈൻ ക്ലാസിലിരിക്കുമ്പോഴും ചില കുട്ടികൾ അസ്വസ്ഥരാണ്. വീട്ടിലുള്ളവരോട് പറയാൻ മടിക്കുന്ന പലതും പങ്കുവച്ചിരുന്നത് സ്കൂളുകളിലെ കൂട്ടുകാരോടും അധ്യാപകരോടുമാണ്. അവരെയൊന്നും കാണാനാകാത്തതും സ്കൂളിലെ അന്തരീക്ഷം നഷ്ടപ്പെടുന്നതും അവരെയും ബാധിക്കുന്നുണ്ടെന്ന് ഇംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മേധാവി ഡോ. കെ പി അബ്ദുൾ സലാം പറഞ്ഞു. ജോലിക്ക് പോകുന്ന രക്ഷിതാക്കൾ വീട്ടിലിരുന്ന് കുട്ടികൾ പഠിക്കുന്നുണ്ടോയെന്ന് ആശങ്കപ്പെടുമ്പോൾ വീട്ടുജോലിക്കൊപ്പം പഠിപ്പിക്കേണ്ട ചുമതലകൂടി വരുന്നതിൽ മാനസിക സമ്മർദത്തിലാകുന്ന മാതാപിതാക്കളുമുണ്ട്.

പുറത്തു പറഞ്ഞാൽ മാനസികരോഗിയാക്കുമോ?

ഉള്ള് നീറുന്ന പ്രശ്നങ്ങൾ ഉണ്ടായിട്ടും മറ്റൊരാളോടും പറയാതെ ഉള്ളിലൊതുക്കി നടക്കുകയാണ് കുറേ പേർ. സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോപോലും അവർ മനസ്സ് തുറന്നില്ല. വിഷാദമോ മാനസിക പിരിമുറുക്കമോ മറ്റൊരാളോട് പങ്കുവച്ചാൽത്തന്നെ മാനസിക രോഗിയായി കരുതുമോയെന്ന ഭയമായിരുന്നു കാരണം.
ചിലർ വിഷമങ്ങൾ പറയാനൊരുങ്ങിയെങ്കിലും കേട്ടവർ അത് നിസ്സാരമാക്കി തള്ളി. ഓൺലൈനും ഫോണും വഴിയുള്ള കൗൺസലിങ് ആരംഭിച്ചത് ഇതിൽ കുറച്ചുപേർക്കൊക്കെ ആശ്വാസമായി.

കുട്ടികളുടെ ആത്മഹത്യ: പഠനം നടത്തും: മുഖ്യമന്ത്രി
ചെറിയ കുട്ടികൾ ആത്മഹത്യ ചെയ്യുന്നതിന്റെ കാരണം അറിയാൻ ബഹുതലത്തിലുള്ള പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം ആത്മഹത്യാവാർത്ത കൂടുതൽ വരുന്ന സാഹചര്യത്തിലാണിത്. കുട്ടികളുടെ കുടുംബസാഹചര്യം, മരണകാരണം എന്നിവയുൾപ്പെടെ പഠിക്കും.

ഒരു സൂചനയും നൽകാതെ പെട്ടെന്ന് ആത്മഹത്യക്കൊരുങ്ങുന്നത് ചുരുക്കംപേർ ‐ഡോ സി ജെ ജോൺ

തൊഴിൽനഷ്ടം, വരുമാന നഷ്ടം എന്നിവയുണ്ടാക്കിയ മാനസിക സമ്മർദവുമായാണ് ഭൂരിഭാഗവും മാനസികാരോഗ്യ വിദഗ്ധനടുത്തെത്തുന്നത്. കോവിഡ് എന്ന് അവസാനിക്കുമെന്ന് പറയാനാകില്ല. ആ ഉറപ്പില്ലായ്മയാണ് പലരെയും വലയ്ക്കുന്നത്. മാനസികമായി ഒരു ലക്ഷ്യസ്ഥാനത്തേക്ക് ഒരുങ്ങാൻ സാധ്യമല്ലാത്തതാണ് പ്രതിസന്ധി. ആദ്യമൊക്കെ ഒന്നും വ്യക്തിപരമായി എടുക്കേണ്ടതില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഇനി അങ്ങനെ പറഞ്ഞതുകൊണ്ട് പ്രയോജനമില്ല. പത്ത് ശതമാനം പേർ മാത്രമാണ് ഒരു സൂചനയും നൽകാതെ പെട്ടെന്നുള്ള വിഷമത്തിൽ ആത്മഹത്യക്കൊരുങ്ങുന്നത്.

(കേൾക്കാനും അന്വേഷിക്കാനും 1143 കൗൺസലർ സംസ്ഥാനത്തുണ്ട്:
അതേപ്പറ്റി നാളെ)



from Kerala || Deshabhimani ​Online ​News https://ift.tt/2BsakgQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages