സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആശംസകൾ നേർന്നു. കോടിയേരി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ്:
സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, നമുക്ക് നഷ്ടപ്പെടാനുള്ളത് കൈചങ്ങലകൾ മാത്രം കിട്ടാനുള്ളതോ പുതിയൊരു ലോകം...
സാർവ്വദേശീയ തൊഴിലാളിവർഗ ഐക്യദാർഢ്യദിനമാണ് ഈ മെയ് ദിനം. ഇന്ന് ലോകമാകെ കൈചങ്ങലകൾ പൊട്ടിച്ചെറിയാനുള്ള ആഹ്വാനത്തിൻ്റെ പ്രസക്തി തിരിച്ചറിഞ്ഞിരിക്കുന്നു. ലോകമെങ്ങുമുള്ള മനുഷ്യരാശി കണ്ട കോവിഡ് 19 എന്ന മഹാമാരിയെ നേരിടാൻ അഹോരാത്രം പ്രയത്നിക്കുന്ന ഡോക്ടർമാർ മുതൽ ശുചീകരണ തൊഴിലാളികൾ വരെയുള്ള അർപ്പണബോധമുള്ള ആരോഗ്യ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
നാടാകെ ലോക്ക്ഡൗണിൻ്റെ നിയന്ത്രണങ്ങളിൽ നിൽക്കുമ്പോൾ മനുഷ്യൻ്റെ ജീവനം സാധ്യമാക്കുവാനായി കുടിവെള്ളം, വൈദ്യുതി, വാർത്താവിനിമയം, പാൽ വിതരണം, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, ഔഷധങ്ങൾ, ബാങ്കിങ് തുടങ്ങി വിവിധ അവശ്യസേവനങ്ങൾ സാധ്യമാക്കാൻ കൈമെയ് മറന്ന് പ്രവർത്തിക്കുന്ന തൊഴിലാളികളോട് നമുക്ക് ഐക്യദാർഢ്യപ്പെടാം. അതോടൊപ്പം കർഷകരോടും കർഷകത്തൊഴിലാളികളോടും മറ്റെല്ലാ തൊഴിലാളികളോടും നമുക്ക് കൈകൾ കോർക്കാം.
കൊറോണ വൈറസിനോട് മാനവരാശി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഈ കാലത്ത് അധ്വാനിക്കുന്നവരുടെ ഐക്യം ഏറെ പ്രസക്തമാണ്. മുതലാളിത്ത ക്രമങ്ങളിൽ തൊഴിലാളിവർഗ ഐക്യവും അധ്വാനിക്കുന്ന ജനങ്ങളുമായുള്ള ഐക്യവും തകർത്തെറിയാനും അവരെ മതത്തിന്റെയും വംശത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയുമൊക്കെ പേരിൽ ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുമ്പോൾ ചെറുത്തുനിൽപ്പിൻ്റെ മഹാപ്രസ്ഥാനങ്ങളായി മാറാൻ നമുക്ക് സാധിക്കണം.
മനുഷ്യജീവനെയും ജീവനോപാധികളെയും ലാഭത്തിനായുള്ള ഒടുങ്ങാത്ത അത്യാർത്തിയോടെ കച്ചവടം ചെയ്യാൻ മടിക്കാത്ത അക്രമാസക്തമായ ചൂഷണവ്യവസ്ഥയ്ക്കെതിരെയുള്ള ഐക്യനിര വളർത്തിയെടുത്തുകൊണ്ട് നമുക്ക് മുന്നേറാം.
മെയ് ദിനം നീണാൾ വാഴട്ടെ.
from Kerala || Deshabhimani Online News https://ift.tt/2YqTPuH
via IFTTT
No comments:
Post a Comment