മനുഷ്യചങ്ങല പൗരസമത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള ജനകീയ പോരാട്ടം : കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 26, 2019

മനുഷ്യചങ്ങല പൗരസമത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള ജനകീയ പോരാട്ടം : കോടിയേരി

തിരുവനന്തപുരം> പൗരസമത്വം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാൻ ദേശവ്യാപകമായി ജനങ്ങൾ ഉണർന്നിരിക്കുകയാണെന്നും ഈ പോരാട്ടത്തിൽ കേരളവും മുന്നിലാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബഹുജന സമരമുന്നേറ്റത്തിൽ ചരിത്രം കുറിക്കാൻ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് കേരളം മനുഷ്യച്ചങ്ങല തീർക്കുകയാണ്. ഇത് ജാതി‐മത‐വിഭാഗീയ രാഷ്ട്രീയങ്ങൾക്ക് അതീതമായ ജനകീയ കൂട്ടായ്മയാണ്. അതിനാൽ രാജ്യസ്നേഹികളായ എല്ലാവരും പങ്കെടുക്കണം.

സ്വാതന്ത്ര്യ സമരകാലത്തെ അനുസ്മരിക്കുന്ന രംഗങ്ങളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദൃശ്യമാകുന്നത്. രാജ്യമാകെ പടർന്ന് പിടിക്കുന്ന പ്രതിഷേധങ്ങളിലെ തിളക്കമുള്ള ഏടായിരിക്കും ജനുവരി 26 ന്റെ മനുഷ്യചങ്ങല.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കേന്ദ്രഭരണവും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ തീവ്രമായ പല ഘട്ടങ്ങളിലുമുണ്ടായിട്ടുണ്ട്. കേന്ദ്രഭരണവും ജനങ്ങളും തമ്മിലുള്ള വൈരുധ്യം ഇന്നത്തെപ്പോലെ വളർന്ന മറ്റൊരുഘട്ടം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ഉണ്ടായിട്ടില്ല. വലിയ ഭൂരിപക്ഷത്തോടെ രണ്ടാംവട്ടവും അധികാരത്തിലേറിയ മോഡി സർക്കാർ ദേശവ്യാപകമായി അലയടിക്കുന്ന പ്രക്ഷോഭത്തിനുമുന്നിൽ വിയർക്കുകയാണ്.

ഡൽഹിയിലെ രാംലീല മൈതാനത്ത് ഒന്നര മണിക്കൂർ പ്രസംഗിച്ചെങ്കിലും മൗലികമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിഞ്ഞിട്ടില്ല. പൗരത്വ ഭേദഗതി നിയമം അടിസ്ഥാനപരമായി വിവേചനപരവും ഇന്ത്യ ഒപ്പുവച്ച അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകൾക്ക് എതിരുമാണെന്ന ഐക്യരാഷ്ട്രസംഘടനയുടെ അഭിപ്രായത്തെ ഖണ്ഡിക്കാൻ മോഡിക്ക് കഴിഞ്ഞിട്ടില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾ ഇന്ത്യ തകർക്കുന്നുവെന്ന് അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷനും പാർലമെന്റ് വിദേശകാര്യസമിതിയും ചൂണ്ടിക്കാട്ടിയതിനും മോഡിക്ക് മറുപടിയില്ല.

പൗരത്വ ഭേദഗതി നിയമം 2019 ഡിസംബർ ഒമ്പതിന് ലോക്സഭയും 11ന് രാജ്യസഭയും പാസാക്കി. നിമിഷങ്ങൾക്കുള്ളിൽ അത് ഒപ്പിട്ടു കൊടുക്കുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒരു രാഷ്ട്രപതി പുലർത്തേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റിയിട്ടില്ല.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന്, 2014 ഡിസംബർ 31നുമുമ്പ് വന്ന ഹിന്ദു, സിക്ക്, ബുദ്ധ, പാഴ്സി, ജൈന, ക്രൈസ്തവ മതത്തിൽപ്പെട്ടവർക്ക് പൗരത്വം നൽകണമെന്നാണ് പുതിയ നിയമത്തിലെ പ്രധാന ശുപാർശ. പൗരത്വം കിട്ടാൻ 11 വർഷത്തെ താമസമെന്നത്, 5 വർഷമാക്കി ചുരുക്കി. മുസ്ലിം ജനവിഭാഗത്തെ വിവേചനപൂർവം മാറ്റിനിർത്തി. ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവർക്കും ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും പൗരത്വം നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. ഇവിടെ മതപരമായ വിവേചനവും മതനിരപേക്ഷ ചിന്താഗതിക്കാരോടുള്ള ഭ്രഷ്ടും പ്രകടമാക്കിയിരിക്കുന്നു.

മതത്തെ അടിസ്ഥാനമാക്കി പൗരത്വം നൽകുന്നത് ആർഎസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്ര തത്വസംഹിതയിലാണ്. മനുസ്മൃതിയെ അവലംബമാക്കി വി ഡി സവർക്കറും എം എസ് ഗോൾവാൾക്കറും വിഭാവനം ചെയ്തതാണ് ഹിന്ദുരാഷ്ട്രം. പാകിസ്ഥാൻ മുസ്ലിം രാഷ്ട്രമാക്കി പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് സവർക്കറുടെയും ഗോൾവാൾക്കറുടെയും ശിഷ്യന്മാരും ആർഎസ്എസും ആവശ്യപ്പെട്ടു. അതിനെ തള്ളിയാണ് നെഹ്റുവും അംബേദ്കറുമെല്ലാം ചേർന്ന് മതവിവേചനം അനുവദിക്കാത്തതും മതനിരപേക്ഷതയ്ക്ക് കാതൽ നൽകിയതുമായ പൗരസമത്വം ഉറപ്പാക്കിയ ഭരണഘടനയ്ക്ക് രൂപം നൽകിയതും അത് നിയമനിർമാണ സഭ അംഗീകരിച്ചതും.

അപ്രകാരമുള്ള മഹത്തായ ഭരണഘടനയുടെ അടിസ്ഥാനതത്വത്തെ കാറ്റിൽ പറത്തുന്നതാണ് പൗരത്വ ഭേദഗതി നിയമം. അതുകൊണ്ടാണ് ജാതി‐മത പരിഗണനകൾക്ക് അതീതമായി ജനങ്ങൾ രാജ്യത്ത് മോഡി സർക്കാരിന്റെ വിനാശകരമായ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത്.

ജനങ്ങളുടെ രോഷം അടിച്ചമർത്താൻ പൊലീസിനെയും അർധസൈനികരെയും ഇറക്കി നടത്തിയ വേട്ടയിൽ കൊല്ലപ്പെട്ടത് 27 പച്ചമനുഷ്യരാണ്. അതിൽ എട്ട് വയസ്സുള്ള കുട്ടിയുമുണ്ട്. സമരം ചെയ്യുന്നവരുടെ വേഷം നോക്കൂ എന്നുപറഞ്ഞ് പ്രക്ഷോഭത്തെ വർഗീയമായി തരംതാഴ്ത്താൻ പ്രധാനമന്ത്രി നടത്തിയ വിലകുറഞ്ഞ പരിശ്രമത്തെ ഇന്ത്യയിലെ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട മനുഷ്യർ സ്വമേധയാ പ്രക്ഷോഭത്തിനിറങ്ങി മറുപടി നൽകിയെന്നും കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2PZulzR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages