തിരുവനന്തപുരം > സംസ്ഥാനത്തെ മുഴുവൻ പെട്രോൾ പമ്പുകളിലും സ്ത്രീ സൗഹൃദ ഇ–-ടോയ്ലെറ്റുകൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനുള്ള വിശദമായ പദ്ധതി താമസിയാതെ തയ്യാറാക്കും. യാത്രക്കാർക്കും ഇവ ഉപയോഗിക്കാം. രണ്ട് ജോഡി ടോയ്ലെറ്റാകും നിർമിക്കുക. ഇതിൽ ഒരെണ്ണം സ്ത്രീ സൗഹൃദ ടോയ്ലെറ്റാകും. ഇന്ത്യൻ ഓയിലുമായി ചേർന്ന് ജയിൽ വകുപ്പ് ആരംഭിക്കുന്ന പെട്രോൾ പമ്പുകളുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ച് പൂജപ്പുരയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജയിൽ അന്തേവാസികളുടെ മനഃപരിവർത്തനത്തിന് ഒട്ടേറെ പദ്ധതികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി കഴിയുന്നവർക്ക് നാട്ടിൽ സ്വന്തമായി തൊഴിൽ ചെയ്ത് ജീവിക്കുന്നതിന് പ്രാപ്തമാക്കുന്നതാണ് ഇത്തരം തൊഴിൽ പരിശീലനങ്ങൾ. സംസ്ഥാനത്ത് പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിൽ, ചീമേനി തുറന്ന ജയിൽ എന്നിവയോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി പെട്രോൾ പമ്പ് നിർമിക്കുന്നത്. വിഷുവിന് മുമ്പ് ഇവ യാഥാർഥ്യമാകും.
ഒ രാജഗോപാൽ എംഎൽഎ അധ്യക്ഷനായി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഐഒസി കേരള സിജിഎം വി സി അശോകൻ, വാർഡ് കൗൺസിലർ ഡോ. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. ജയിൽ മേധാവി ഋഷിരാജ് സിങ് സ്വാഗതവും ഡിഐജി എസ് സന്തോഷ് നന്ദിയും പറഞ്ഞു. അന്തേവാസികൾക്കുള്ള തൊഴിൽ പരിശീലന സർട്ടിഫിക്കറ്റ് വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.
from Kerala || Deshabhimani Online News https://ift.tt/37p6HTw
via IFTTT
No comments:
Post a Comment