കൊച്ചി > പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ റിമാൻഡിലുള്ള മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പെടെ നാലു പ്രതികൾക്കായി വിജിലൻസ് സമർപ്പിച്ച കസ്‌റ്റഡി അപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തിങ്കളാഴ്‌ച പരിഗണിക്കും. മൂവാറ്റുപുഴ സബ്‌ജയിലിൽ കഴിയുന്ന പ്രതികളുടെ നാലുദിവസത്തെ റിമാൻഡ് തിങ്കളാഴ്‌ച അവസാനിക്കും. ഇവർ സമർപ്പിച്ച ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.
കിറ്റ്‌കോ മാനേജിങ് ഡയറക്‌ടർ ഇൻ ചാർജ് ബെന്നി പോൾ, ആർബിഡിസികെ മുൻ അഡീഷണൽ ജനറൽ മാനേജർ എം ടി തങ്കച്ചൻ, കരാർ കമ്പനി എംഡി സുമിത് ഗോയൽ എന്നിവരാണ് ജയിലിലുള്ളത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടതെങ്കിലും കോടതി അനുവദിച്ചില്ല. ജാമ്യം നൽകരുതെന്ന ആവശ്യം പരിഗണിച്ച് നാലു ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് റിമാൻഡ് റിപ്പോർട്ടിൽ വിജിലൻസ് പറഞ്ഞിരുന്നു. എന്നാൽ, പ്രതികൾ ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ല. തെളിവുകളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടിവരും. അതിനായി കസ്‌റ്റഡിയിൽ വിടണമെന്നും ജാമ്യം അനുവദിച്ചാൽ ഉന്നതബന്ധങ്ങളുള്ള പ്രതികൾ തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതിയെ വിജിലൻസ് അറിയിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2lFWCyJ
via IFTTT
No comments:
Post a Comment