പത്തനംതിട്ട> ജില്ലയിൽ വെള്ളിയാഴ‌്ച മഴ കനത്തു. മഴയെ തുടർന്ന‌് ഒരു മരണം. പമ്പാ, മണിമലയാർ, അച്ചൻകോവിൽ, കല്ലാർ നദികളിലെ ജലനിരപ്പ് ഉയർന്നു. ടികെ റേഡിൽ മനയ‌്ക്കചിറയ‌്ക്കും തോട്ടഭാഗത്തിനും മധ്യേ വഴിയരികിൽ നിന്നിരുന്ന വാക മരം കടപുഴകി രണ്ടു കാറുകൾക്ക‌് മുകളിൽ പതിച്ചു. പന്തളത്ത് മരം കടപുഴകി വീണ് വീട് തകർന്നു.
മണിമലയാറ്റിൽ മീൻ പിടിക്കാൻ ഇറങ്ങിയ വള്ളംകുളം പരുത്തിക്കാട്ട‌് കോശി പി വർഗീസ‌് (53) ആണ‌് കാൽ വഴുതി വീണ‌് ഒഴുക്കിൽപ്പെട്ട‌് മരിച്ചത‌്. വെള്ളിയാഴ‌് പകൽ മൂന്നരയോട‌് വീടിന‌് സമീപം പരുത്തിക്കടവിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. വെള്ളിയാഴ‌്ച ജില്ലയിൽ റെഡ‌് അലർട്ട‌് പ്രഖ്യാപിച്ചിരുന്നു. കോന്നിയിലാണ‌് ഏറ്റവും കൂടുതൽ മഴയുടെ അളവ് രേഖപ്പെടുത്തിയത്. കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന്റെ കീഴിൽ സ്ഥാപിച്ചിട്ടുള്ള മഴമാപിനിയിൽ എട്ട് സെന്റീ മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
തിരുവല്ല തോട്ടഭാഗത്തിന‌് സമീപം വൈകിട്ട‌് ഏഴോടെയാണ‌് മരം കടപുഴകി കാറുകൾക്ക‌് മീതേ പതിച്ചത‌്. കാറുകൾക്ക‌് സാരമായ കേടുപാടുകൾ സംഭവിച്ചു. ഇരു വാഹനങ്ങളിലെയും യാത്രക്കാർക്ക‌് പരിക്കില്ല. അഗ‌്നിശമന സേനയും നാട്ടുകാരും ചേർന്ന‌് മരം മുറിച്ചുനീക്കി. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
പന്തളത്ത് കടയ്ക്കാട് ആലുംതറയിൽ സലീനയുടെ വീടിനു മുകളിൽ താന്നി മരം കടപുഴകി വീണ് വീട് ഭാഗീകമായി തകർന്നു. സലീനയും മക്കളും അടങ്ങുന്ന കുടുംബം വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അപകടത്തിൽനിന്ന‌് രക്ഷപ്പെട്ടു. മരം വീണ് ഗതാഗതവും തടസ്സപ്പെട്ടു. അടൂരിൽനിന്ന‌് അഗ‌്നിശമന സേന എത്തി മരം മുറിച്ചു മാറ്റി. നഗരസഭ കൗൺസിലർ എ. നൗഷാദ് റാവുത്തർ, സ്പെഷ്യൽ വില്ലജ് ഓഫീസർ എഫ് അൻവർഷ, ഫയർസ്റ്റേഷൻ ഓഫീസർ ടി ശിവദാസൻ, ഫയർമാൻമാരായ കെ രവീന്ദ്രൻ, രാജ്കുമാർ എന്നിവർ നേതൃത്ത്വം നൽകി.
കോന്നിയിൽ രണ്ട് ദിവസമായി തുടരുന്ന മഴയിൽ അച്ഛൻകോവിലാറ്റിലും കല്ലാറിലുമുൾപ്പെടെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
റാന്നിയിൽ വെള്ളിയാഴ്ച രാവിലെ കുറുമ്പൻമുഴി കേസ് വേയിൽ ചെറിയതോതിൽ വെള്ളം കയറി. മഴയുടെ ശക്തി കുറഞ്ഞതോടെ ഇത് പിൻവലിഞ്ഞു. പമ്പാവാലി അരയാഞ്ഞിലി മൺ, കുരുമ്പൻ മുഴി കോസ് വേകളിൽ ഏതുനിമിഷവും വെള്ളം കയറുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ മഹാപ്രളയത്തിൽ ഒഴുകിയെത്തിയ ചെളിയും മണ്ണും മൂടി നദിയുടെ ആഴം കുറഞ്ഞത് പെട്ടെന്ന് ജലനിരപ്പ‌് ഉയരാൻ ഇടയാക്കി.
from Kerala || Deshabhimani Online News https://ift.tt/2O4ZzH5
via IFTTT
No comments:
Post a Comment