മയ്യഴി > വാഹനത്തിന്റെ അമിതവേഗം ചോദ്യംചെയ്തതിന് മുസ്ലിംലീഗ് ഗുണ്ടാസംഘം ക്രൂരമായി മർദിച്ച വഴിയാത്രക്കാരൻ മരിച്ചു. വടകര ചോറോട‌് പെരുമാന ക്ഷേത്രത്തിനുസമീപം കൂടത്തിൽ താമസിക്കുന്ന മടപ്പള്ളി ആശാരിക്കോട്ട ചാത്തങ്കണ്ടി വിനോദനാണ‌് (47)കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ മരിച്ചത‌്. സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ‌് അഴിയൂർ ഗ്രീൻഫോർട്ട് ശാഖാ പ്രസിഡന്റ് അഴിയൂർ ഗ്രീൻസ് ഹോസ്പിറ്റലിനടുത്ത കിഴക്കെ പാലക്കൂൽ വീട്ടിൽ ഫർസൽ (39), അഴിയൂർ ചുങ്കം ചെറിയത്ത്ഹൗസിൽ ഷിനാസ് (30) എന്നിവരെ മാഹി പൊലീസ‌് അറസ‌്റ്റുചെയ‌്തു. രണ്ടുപേരെയും കോടതി റിമാൻഡുചെയ‌്തു.
തിങ്കളാഴ്ച രാത്രി 9.30ന് മാഹി ആശുപത്രി കവലയിൽവച്ചാണ് വിനോദനെ ക്രൂരമായി അടിച്ചുപരിക്കേൽപ്പിച്ചത്. വിനോദനും സുഹൃത്ത് പ്രദീപ്കുമാറും റോഡരികിലൂടെ നടന്നുപോവുമ്പോൾ അമിതവേഗത്തിൽ ടെമ്പോ ട്രാവലർ കടന്നുപോവുന്നത് ചോദ്യംചെയ്തതിന്റെ വിരോധത്തിലാണ് മർദനം. പ്രദീപ്കുമാറിനും അടിയേറ്റു. അടിയേറ്റ വിനോദൻ തലയിടിച്ച് വീഴുകയായിരുന്നു. മാഹി ഗവ. ആശുപത്രിയിലും തലശേരി ജനറൽ ആശുപത്രിയിലും എത്തിച്ചശേഷമാണ‌് വിനോദനെ കോഴിക്കോട‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിലേക്ക‌് മാറ്റിയത‌്. മർദനത്തിനുശേഷം അക്രമികൾ രക്ഷപ്പെട്ടെങ്കിലും വാഹനത്തിന്റെ നമ്പർ രാത്രിതന്നെ പൊലീസിന് ലഭിച്ചു. ഷിനാസിനെ വ്യാഴാഴ്ച മാഹി മഞ്ചക്കൽ ബോട്ട്ഹൗസ് പരിസരത്തുനിന്നാണ് അറസ‌്റ്റുചെയ‌്തത‌്. ഇയാളിൽനിന്ന് പത്ത്ഗ്രാം കഞ്ചാവും പിടിച്ചു. മാഹി എസ്ഐ ഇളങ്കോ, എഎസ്ഐ സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ‌് പ്രതികളെ പിടിച്ചത‌്.
പ്രദീപ്കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അക്രമത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നറിയാൻ പ്രതികളെ വിശദമായി ചോദ്യംചെയ്യുമെന്ന് മാഹി പൊലീസ് അറിയിച്ചു. മർദനരംഗം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മടപ്പള്ളി ആശാരിക്കോട്ട ചാത്തങ്കണ്ടിയിൽ പരേതരായ ചന്തുവിന്റെയും പാറുവിന്റെയും മകനാണ‌് വിനോദൻ. ഭാര്യ: പ്രബിത. മക്കളില്ല. സഹോദരങ്ങൾ: അശോകൻ, മനോജൻ, ശോഭ, ശൈല.
from Kerala || Deshabhimani Online News https://ift.tt/2l83PaK
via IFTTT
No comments:
Post a Comment