പട്ടാമ്പി > കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ മറയാക്കി സംസ്ഥാന സര്‍ക്കാറിനെതിരെ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായ നീക്കം. മാസങ്ങള്‍ക്കു മുന്‍പ് സംസ്ഥാനത്താകെ പ്രചരിച്ചിരുന്ന വ്യാജവാര്‍ത്തയാണ് വീണ്ടും വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്നത്.
അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ കിട്ടുന്ന ആയുഷ്മാന്‍ ഭാരത് ഫാമിലി ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ വാര്‍ഷിക പ്രീമിയം തുകയായ 1324 രൂപ അടച്ചാല്‍ സര്‍ക്കാര്‍, പ്രൈവറ്റ് ആശുപത്രികളില്‍ നിന്നും ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെയുള്ള ട്രീറ്റ്‌മെന്റിന് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും എന്ന വ്യാജ സന്ദേശമാണ് പ്രചരിക്കുന്നത്.
പദ്ധതിയുടെ ഭാഗമാകാന്‍ ഓണ്‍ലൈന്‍ വഴിയോ ഗവണ്‍മെന്റ് ആശുപത്രി വഴിയോ കഴിയുമെന്നാണ് വാട്‌സ് ആപ്പ് സന്ദേശം.സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന കാരുണ്യ -ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കുന്നത്. കേരളത്തില്‍ 42 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി ഉള്ളത്.
ഇതില്‍ ഏകദേശം 20 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പരിരക്ഷ ലഭിക്കുകയുള്ളു. 20 ലക്ഷം കുടുംബങ്ങളുടെ പ്രീമിയത്തില്‍ 60 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. ബാക്കി വരുന്ന 40 ശതമാനം തുകയും ബാക്കി വരുന്ന 22 ലക്ഷം കുടുംബങ്ങളുടെ മുഴുവന്‍ പ്രീമിയം തുകയും സംസ്ഥാന സര്‍ക്കാറാണ് വഹിക്കുക. മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതിയില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നത്.
ഒരു കുടുംബത്തില്‍ നിന്നും കേവലം 50 രൂപയാണ് അധികൃതര്‍ ഈടാക്കുന്നത്. എന്നാല്‍ പദ്ധതിക്കായി 1324 രൂപ അടക്കണമെന്നാണ് വ്യാജ പ്രചരണം. മാത്രമല്ല ഓണ്‍ലൈന്‍ വഴിയും സര്‍ക്കാര്‍ ആശുപത്രി വഴിയും പദ്ധതിയില്‍ അംഗമാകാം എന്നു പറയുന്നു.
വസ്തുത ഇതായിരിക്കെ സംസ്ഥാന സര്‍ക്കാറിനെ താറടിച്ചു കാണിക്കാനുള്ള ശ്രമവും ഇക്കൂട്ടര്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തുന്നുണ്ട്. കേരളത്തില്‍ 95 ശതമാനത്തോളം പ്രവര്‍ത്തനവും പൂര്‍ത്തികരിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ലയാണ് പാലക്കാട്. 3,25000 (മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം ) കുടുംബങ്ങളാണ് ജില്ലയില്‍ പദ്ധതിയുടെ ഭാഗമാവുക.
ആയുഷ്മാന്‍ ഭാരത് പദ്ധതി കഴിഞ്ഞ നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്നത്. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ ഏപ്രില്‍ വരെ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജനയിലൂടെ ജനങ്ങള്‍ക്ക് പരിരക്ഷ ലഭിച്ചു വന്നിരുന്നു. തെറ്റായി പ്രചരിക്കുന്ന വാര്‍ത്തകള്‍ പല ഔദ്യോഗിക പേജുകളിലേക്കും വ്യാപിക്കുന്നതായി കാണുന്നുണ്ട്.
കഴിഞ്ഞ ദിവസം പട്ടാമ്പി താലൂക്ക് വികസന സമിതിയുടെ ഔദ്യോഗിക പേജിലും ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കുറിച്ചുള്ള വ്യാജവാര്‍ത്ത ഇടം പിടിച്ചിരുന്നു. വസ്തുത മനസിലാക്കാതെ ഇത്തരം പേജുകളില്‍ പോലും വ്യാജ വാര്‍ത്തകള്‍ കടന്നു കയറുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കും. ഇത്തരം വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണം.
തെറ്റായ വാര്‍ത്തകള്‍ ഔദ്യോഗിക പേജുകളിലെക്ക് ഷെയര്‍ ചെയ്യുമ്പോള്‍ പേജ് കൈകാര്യം ചെയ്യുന്ന ബന്ധപ്പെട്ടവര്‍ പരിശോധിക്കേണ്ടതാണ്. മാത്രമല്ല കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനവുമാണ് കേരളം
from Kerala || Deshabhimani Online News https://ift.tt/2YnmSf7
via IFTTT
No comments:
Post a Comment