ഒറ്റമഴയിൽ കൊച്ചി നിശ‌്ചലം; കോർപ്പറേഷൻ കാനകൾ വൃത്തിയാക്കിയില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 10, 2019

ഒറ്റമഴയിൽ കൊച്ചി നിശ‌്ചലം; കോർപ്പറേഷൻ കാനകൾ വൃത്തിയാക്കിയില്ല

കൊച്ചി > ‘ഒറ്റ മഴയല്ലേ പെയ‌്തുള്ളൂ...’ ഞായറാഴ‌്ച വൈകിട്ട‌് തുടങ്ങിയ മഴയിൽ നഗരം വെള്ളക്കെട്ടിലായതോടെ കൊച്ചി നഗരത്തിലെത്തിയവർ ആദ്യം പറഞ്ഞതിങ്ങനെ. ഗതാഗതക്കുരുക്ക‌് രൂക്ഷമായതോടെ വാഹനങ്ങൾ ഇഴഞ്ഞാണ‌് തിങ്കളാഴ‌്ച രാവിലെമുതൽ നീങ്ങിയത‌്.

ഇടപ്പള്ളി, പാലാരിവട്ടം, കലൂർ, ജവഹർലാൽ നെഹ‌്റു സ‌്റ്റേഡിയം പരിസരം, കെഎസ‌്ആർടിസി ബസ‌്സ‌്റ്റാൻഡ‌് പരിസരം, സൗത്ത‌്, വൈറ്റില തുടങ്ങിയ സ്ഥലങ്ങളെല്ലാം വെള്ളക്കെട്ടിലായി. ഉച്ചയായപ്പോൾ മഴയ‌്ക്ക‌് താൽക്കാലിക ശമനമുണ്ടായെങ്കിലും വാഹനഗതാഗതം താറുമാറായി. ബസുകൾ പലതും വൈകിയോടിയത‌് യാത്രക്കാരെ വലച്ചു.
കോർപറേഷൻ കാനകൾ കൃത്യമായി വൃത്തിയാക്കാത്തതാണ‌് പല സ്ഥലങ്ങ‌ളിലും വെള്ളക്കെട്ട‌് രൂക്ഷമാക്കിയത‌്. പല സ്ഥലങ്ങളിലും റോഡുകളുടെ വശങ്ങളിൽ കാനകൾക്ക‌് മുകളിൽ ടൈൽ വിരിച്ചെങ്കിലും വെള്ളം ഒഴുകിപ്പോകാൻ ചാലുകളില്ലാത്തത‌് പ്രശ‌്നം രൂക്ഷമാക്കി.

ചാലുകളില്ലാത്തതിനാൽ പെയ‌്ത വെള്ളം റോഡിലേയക്ക‌് തന്നെയൊഴുകി. ഇടപ്പള്ളി ലുലുമാളിന്റെ   മുന്നിൽനിന്ന‌് പറവൂർക്ക‌് പോകുന്ന റോഡിലുള്ള ബസ‌്സ‌്റ്റോപ്പ‌് വെള്ളക്കെട്ടിലായി. വളരെ കഷ്ടപ്പെട്ടാണ്‌ ആൾക്കാർ ബസിൽ കയറിയത‌്. കെഎസ‌്ആർടിസി ബസ്‌സ‌്റ്റാൻഡ‌് മുഴുവനായി വെള്ളക്കെട്ടിലായത‌് ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവരെ വലച്ചു. യാത്രക്കാർക്ക‌് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ ഇട്ടിരിക്കുന്ന സ്ഥലത്തും സ‌്റ്റാൻഡിനകത്തെ കടകളിലും വെള്ളം കയറി.
വൈറ്റില ജങ‌്ഷനിലെ പല റോഡുകളും വെള്ളക്കെട്ടിലായി. പൊന്നുരുന്നിയിൽനിന്ന‌് വൈറ്റില ഹബ്ബിലേക്കു പോകുന്ന റോഡിൽ പൊന്നുരുന്നി അണ്ടർപാസിനു സമീപം വെള്ളക്കെട്ട‌് രൂക്ഷമായി. കാൽനടയാത്രികരും ഇരുചക്രവാഹനങ്ങളും ബുദ്ധിമുട്ടിയാണ‌് ഈ വഴി കടന്നുപോയത‌്. തമ്മനത്തേക്കും വൈറ്റിലയിലേക്കും പെട്ടെന്ന‌് എത്തിച്ചേരാൻ ഉപയോഗിക്കുന്ന കലൂർ സ‌്റ്റേഡിയം റോഡിന്റെ പല ഭാഗവും വെള്ളക്കെട്ടിലായി.

തെങ്ങ് വീണ് വീടുകൾ തകർന്നു

കാലടി > കാലവർഷക്കാറ്റിൽ തെങ്ങ് വീടിനുമുകളിൽ മറിഞ്ഞുവീണ് വീടിന് ഭാഗിക നാശം. ശ്രീമൂലനഗരം പഞ്ചായത്ത് ആറാം വാർഡിൽ  ചക്കനാലി വീട്ടിൽ ഷീലയുടെ വീടിന് മുകളിലാണ് തെങ്ങ് മറിഞ്ഞത്. ഞായറാഴ‌്ച രാത്രി പതിനൊന്നോടെയാണ‌് സംഭവം.  ഉറക്കത്തിലായിരുന്ന ഷീലയുടെ തലയിൽ ഓട‌് വീണ്  പരിക്കുണ്ട്. ഷീല മകനുമൊത്താണ് വീട്ടിൽ താമസം.

കളമശേരി തേവക്കലിൽ വൃദ്ധയും രോഗിയുമായ വിധവയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണ‌് വീടിന്റെ ഒരുഭാഗം തകർന്നു.  ഞായറാഴ്ച പകൽ വീശിയടിച്ച കാറ്റിലാണ്  16–--ാം ഡിവിഷനിലെ  മലയിത്താറ്റിൽ ലീല വാസുവിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണത്. ആളപായമില്ല.

മരം മുറിഞ്ഞുവീണ്‌ ഗതാഗതം സ്‌തംഭിച്ചു

ആലുവ > കനത്ത കാറ്റിലും മഴയിലും തണൽമരം മറിഞ്ഞുവീണ് ദേശീയപാതയിൽ നാലുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ആലുവ–- എറണാകുളം റോഡിൽ കെഎസ്ആർടിസി ഗ്യാരേജിനുസമീപം തിങ്കളാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. ജനത്തിരക്കും വാഹനത്തിരക്കും കുറഞ്ഞ സമയമായതിനാൽ അത്യാഹിതം ഒഴിവായി. റോഡിൽ വീണ മരം മുറിച്ചുമാറ്റുന്നതിനിടെ മരക്കഷണം കാലിൽ വീണ് ഫയർമാൻ പി എൽ കിരണിന് പരിക്കേറ്റു.

ഗ്യാരേജിന് എതിർവശം റെയിൽവേ ഗേറ്റിനോട് ചേർന്ന് നിന്ന കൂറ്റൻ തണൽമരമാണ് മറിഞ്ഞുവീണത്. ഇതിന്റെ ശിഖരം തട്ടി റെയിൽവേ ഗേറ്റിന്റെ തൂണിന് കേടുപറ്റി. എറണാകുളം ഭാഗത്തേക്ക് പോയ വാഹനയാത്രക്കാരാണ് വിവരം ആലുവ ഫയർഫോഴ്‌സിനെ അറിയിച്ചത്. തുടർന്ന് ഫയർഫോഴ്‌സും ട്രാഫിക് പൊലീസും സ്ഥലത്തെത്തി. എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മെട്രോ സ്‌റ്റേഷനുസമീപത്തുനിന്ന‌് എതിർദിശയിലൂടെ കടത്തിവിട്ടാണ് ഗതാഗതം ക്രമീകരിച്ചത്. മരം പൂർണമായും മുറിച്ചുമാറ്റിയശേഷം രാവിലെ എട്ടോടെയാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.

ചുവട്ടിൽനിന്ന‌് മണ്ണൊലിച്ച‌്, മരം ചരിഞ്ഞ് അപകടനിലയിലായ വിവരം അധികൃതരെ നേരത്തെ അറിയിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ല. ഇതാണ‌് മരം വീഴാൻ ഇടയാക്കിയത്.

ചെല്ലാനത്ത് കടലാക്രമണം രൂക്ഷം; അഞ്ഞൂറോളം വീടുകളിൽ വെള്ളംകയറി
പള്ളുരുത്തി > കാലവർഷം ശക്തിപ്പെട്ടതോടെ ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. തിങ്കളാഴ്ച രാവിലെമുതൽ ശക്തമായ തിരകളോടെ കരയിലേക്ക് കടൽ ഇരച്ചുകയറി. ചെല്ലാനത്തെ ബസാർ,  കമ്പനിപ്പടി, വേളാങ്കണ്ണി, ചെറിയകടവ്, മറുവാക്കാട് എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണം ഉണ്ടായത‌്. തീരപ്രദേശത്തെ അഞ്ഞൂറിലധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ശക്തിയായ ഒഴുക്കായതിനാൽ മറുവക്കാട് പ്രദേശത്തെ വീടുകളുടെ അടിത്തറയ‌്ക്ക് കേടുപാടുകൾ സംഭവിച്ചു. വീട്ടുസാമഗ്രികൾ ഒഴുകിപ്പോയി. ചെല്ലാനം - കമ്പനിപ്പടിയിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിൽ  വെള്ളംകയറി ഭക്ഷണസാധനങ്ങൾ നശിച്ചു. കടൽവെള്ളം ഒഴുകിപ്പോകുന്ന വിജയം കനാലും ഉപ്പത്തുംകാട് കനാലും നിറഞ്ഞൊഴുകിയതാണ് വീടുകളിൽ വെള്ളം കയറാൻ കാരണം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തീരപ്രദേശത്ത് നിർമിച്ച മണൽവാടകൾ തകർന്നു. കടൽഭിത്തിക്കായി നിർമിച്ച ജിയോബാഗുകൾ ഒഴുകിപ്പോയി. കലക്ടർ ഇടപെട്ട് ആലപ്പുഴ - അന്ധകാരനഴി ഷട്ടർ തുറക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ചെല്ലാനത്തെ കിഴക്കൻ പ്രദേശത്തെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലാകുമെന്ന‌് നാട്ടുകാർ പറഞ്ഞു. ജിയോബാഗ് നിർമാണത്തിന് സർക്കാർ തുക അനുവദിച്ചെങ്കിലും ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ നിർമാണത്തിൽ അനാസ്ഥ കാണിക്കുന്നതായി ആക്ഷേപമുണ്ട‌്. ചെല്ലാനത്തെ സെന്റ് മേരീസ് സ്കൂളിൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2R1uf9W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages