‘കീഴ‌്ജാതിക്കാരെ വിവാഹം ചെയ്ത സ്ത്രീകൾക്ക‌് പ്രവേശനമില്ല’–- തൂത്തുക്കുടിയിലെ തീരദേശ ഗ്രാമമായ പുന്നൈക്കായലിലേക്ക‌് പ്രവേശിക്കുന്നിടത്തുള്ള നോട്ടീസ‌് ബോർഡാണിത‌്. കീഴ‌്ജാതി സ്ത്രീകളെ വിവാഹം ചെയ്ത പുരുഷന്മാർക്ക‌് ഗ്രാമത്തിൽ വിലക്കില്ല.
എന്നാൽ, കീഴ‌്ജാതിയിൽനിന്ന‌് വിവാഹം ചെയ്ത സ്ത്രീകളെ ഊരിൽനിന്ന‌് പുറത്താക്കും. ഇവരുടെ കുടുംബാംഗങ്ങൾക്ക‌് കടലിൽ മീൻ പിടിക്കാനും വിലക്കുണ്ട‌്. ഇതരജാതിക്കാരെ വിവാഹം ചെയ്തതിന്റെ പേരിൽ ഗ്രാമത്തിലെ 12 കുടുംബങ്ങളെ ഊരുവിലക്കി ഓടിച്ചുവിട്ടിട്ടുണ്ട‌്.
ഇനിയും തുറക്കാത്ത തെക്കേനട
ചിദംബരം നടരാജർ കോവിലിന്റെ തെക്കേ പ്രവേശന കവാടം ഇന്നും അടഞ്ഞുകിടക്കുകയാണ‌്. അതിന‌് പിന്നിലെ കഥ പറയാം.പണ്ട‌് ശിവപൂജ ചെയ്യണം എന്ന മോഹവുമായി ശിവഭക്തനായ നന്ദനർ തെക്കേ കവാടം വഴി ക്ഷേത്രത്തിൽ കടന്നു. കലിപൂണ്ട ബ്രാഹ്മണമേധാവികൾ അയാളെ ഉയിരോടെ ചുട്ടെരിച്ചു. തെക്കേ നട എന്നെന്നേക്കുമായി അടച്ചുപൂട്ടി. ക്ഷേത്രം തമിഴ‌്നാട‌് സർക്കാർ നിയന്ത്രണത്തിലായിട്ട‌് പതിറ്റാണ്ടുകളായിട്ടും തെക്കേ നടതുറന്നില്ല.
കാശുവെട്ട‌്, കരിങ്കിടാ വെട്ട‌്
വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന കീഴാളരെ വരുതിയിലാക്കാൻ മേൽജാതിക്കാർ കാലാകാലങ്ങളായി ഉപയോഗിക്കുന്ന തന്ത്രമാണ‌് ദൈവകോപം. ചോദ്യങ്ങൾ ചോദിക്കുകയും നിയന്ത്രണങ്ങൾ മറികടക്കുകയും ചെയ്യുന്നവരുടെ പേര‌് പറഞ്ഞ‌് ഊരിന്റെ നടുക്ക‌് നിന്ന‌് കറൻസി നോട്ട‌് കീറുന്നതാണ‌് കാശുവെട്ട‌്. തെരുമധ്യത്തിൽ കറുത്ത ആട്ടിൻകുട്ടിയെ ബലികഴിക്കുന്നത‌് കരിങ്കിടാ വെട്ട‌്. വിരുദുനഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇത‌് നിത്യസംഭവമാണ‌്. ഈ ആചാരത്തിന‌് ഇരയായവരെ നാട്ടിൽ ഒറ്റപ്പെടുത്തും.
കാപ്പുകെട്ടിന്റെ പേരിലും
മെയ‌്അവസാനം മധുര വളയപട്ടിയിലെ മുത്താരമ്മൻ കോവിൽ ഉത്സവത്തിനായി പ്രദേശത്തെ മുത്തരയർ, പള്ളർ, അരുന്ധതിയർ ഉൾപ്പെടെ സകല വിഭാഗത്തിൽപ്പെട്ടവരും കാപ്പുകെട്ടി. ജനസംഖ്യയിൽ കൂടുതലായ അരുന്ധതിയർ വിഭാഗക്കാർ അധികമായി കാപ്പുകെട്ടിയത‌് മേൽജാതിക്കാരായ മുത്തരയർ വിഭാഗക്കാരെ ചൊടിപ്പിച്ചു. കാപ്പുകെട്ടിയവർ ക്ഷേത്രത്തിൽ പ്രവേശിക്കുമെന്നതും എതിർപ്പിന‌് ഇടയാക്കി. നിർബന്ധത്തിന‌് വഴങ്ങി ക്ഷേത്ര പൂജാരി കീഴ‌്ജാതിക്കാരുമായി സംസാരിച്ച‌് കാപ്പ‌് അഴിച്ചുവാങ്ങി. അനുസരിച്ചില്ലെങ്കിൽ ദൈവകോപം ഉണ്ടാകുമെന്ന‌് ഭീഷണിപ്പെടുത്തി. എതിർത്തവരുടെ പേരുചൊല്ലി നാട്ടിൽ കരിങ്കിടാ വെട്ടി.
ചെരുപ്പിട്ടാൽ അടി
മധുര ഉസിലംപട്ടിക്കടുത്ത‌് വടുകപട്ടി ഗ്രാമത്തിൽ ക്രിക്കറ്റ‌് കളി കഴിഞ്ഞ‌് വീട്ടിലേക്ക‌് മടങ്ങുകയായിരുന്നു 11 വയസ്സുകാരനായ ദളിത‌് ബാലനെ മേൽജാതിക്കാരുടെ തെരുവിൽക്കൂടി ചെരുപ്പിട്ട‌് നടന്നതിന‌് അസഭ്യം പറഞ്ഞു. ഷൂസ‌് അഴിച്ച‌് തലയിൽ വയ്പിച്ച‌് നടത്തിച്ചു. ഏറെ കൊതിച്ച പൊലീസ‌് ജോലിയുടെ ആദ്യദിവസം യൂണിഫോം അണിഞ്ഞ‌് ഡ്യൂട്ടിക്ക‌് പോയ യുവാവിനെ മർദിച്ച‌് അവശനാക്കി ഷൂസ‌് തലയിൽ വയ്പിച്ച‌് നടത്തിയതും തെൻതമിഴകത്തിൽ തന്നെ.
മേൽജാതിക്കാരുടെ തെരുവിൽക്കൂടി ചെരുപ്പിട്ട‌് നടക്കാൻ അനുമതിയില്ലാത്ത നിരവധി ദളിത‌് ഗ്രാമങ്ങളുണ്ട‌് തമിഴ‌്നാട്ടിൽ. കൃഷ്ണഗിരി മൂങ്കിലേരി ഗ്രാമത്തിൽ ഊരുകൂട്ടം ദളിത‌് കുടുംബങ്ങൾ ചെരുപ്പിട്ട‌് നടക്കരുത‌് എന്ന‌് ‘നിയമം’ പാസ്സാക്കി.
വേർതിരിവിന്റെ ചുവർ
വേലൂർ വാലാജാപ്പേട്ടൈ നഗരത്തിൽ പാക്കുപ്പേട്ടൈ അംബേദ‌്കർ നഗറിൽ ദളിത‌് വിഭാഗക്കാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ക്ഷേത്രത്തിൽ പ്രദേശത്തെ ലോറി ഡ്രൈവർമാരും ക്ലീനർമാരും വാഹനം പൂജിച്ചുപോന്നു. കാലക്രമത്തിൽ മേൽജാതിക്കാരായ ലോറി മുതലാളിമാർ ക്ഷേത്രഭരണം കൈയടക്കി.
കീഴ‌്ജാതിക്കാർ ക്ഷേത്രത്തിലേക്ക‌് വന്നിരുന്ന വഴിയിൽ മതിൽകെട്ടി. ദളിത‌് ചെറുപ്പക്കാർ മതിൽ തകർത്തു. ഇവർക്കെതിരെ പൊലീസ‌് കേസ‌് എടുത്തു. പിന്നീട‌് പൊലീസ‌് സഹായത്തോടെ മേൽജാതിക്കാർ 12 അടി ഉയരത്തിൽ മതിൽ കെട്ടി.
മരവേലികളും മുൾക്കമ്പികളും കെട്ടി കീഴ‌്ജാതിക്കാരെ വഴിനടക്കാൻ അനുവദിക്കാത്ത അയിത്ത മതിലുകൾ തമിഴ‌്നാടിന്റെ മുക്കിലും മൂലയിലുമുണ്ട‌്. തിരുനെൽവേലിയിൽ 25 അരുന്ധതിയർ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശം രായ്ക്ക‌് രാമാനം മേൽജാതിക്കാർ കമ്പിവേലി കെട്ടി തിരിച്ചത‌് സംഘർഷത്തിന‌് ഇടയാക്കി.
ചത്താലും തീരാത്ത തരംതിരിവ‌്
മരിച്ചാൽ മൃതദേഹം അടക്കം ചെയ്യുന്നതിൽപ്പോലും കീഴ‌്ജാതിക്കാർക്ക‌് വിലക്കുണ്ട‌്. മൃതദേഹം മേൽജാതി തെരുവിന്റെ പരിസരത്തുകൂടി കൊണ്ടുപോകരുത‌്. കടലൂരിൽ മൃതദേഹവുമായി ഒരു ദിവസം മുഴുവൻ പൊതുനിരത്തിൽ സമരം ചെയ്യേണ്ടിയും വന്നു അത‌് അടക്കികിട്ടാൻ. ഇത്തരത്തിൽ ജാതിയതയുടെ വിളനിലമാണ‌് തമിഴ‌്നാട‌്.
(തുടരും)
from Kerala || Deshabhimani Online News http://bit.ly/2RqT7YZ
via IFTTT
No comments:
Post a Comment