തിരുവനന്തപുരം> അറബിക്കടലിൽ രൂപം കൊണ്ട "വായു'ചുഴലികാറ്റ് ഗുജറാത്ത് തീരത്ത് ശക്തമാകുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ പുലർച്ചെയോടെ മണിക്കൂറിൽ 135 കിലോമീറ്റർ വരെ വേഗത്തിൽ ഗുജറാത്തിലെ പോർബന്ദർ തീരത്തെത്തും. ഇന്നു രാത്രി 11.30 വരെ ശക്തമായ തിരമാലകൾക്കു സാധ്യതയുള്ളതിനാൽ കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ ശക്തി കുറഞ്ഞതിനാൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് കച്ച് ജില്ലയില്‍ നിന്നും 10,000 ആളുകളെ ഒഴിപ്പിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര നാവിക സേനകളും തീരസംരക്ഷണ സേനയും ഗുജറാത്ത് തീരത്ത് സജ്ജമായിട്ടുണ്ട്. മണിക്കൂറിൽ 135 കിലോ മീറ്റർ വേഗതയിലേക്ക് വരെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിക്കുന്നത്. തിരകൾ 1 മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. കച്ച്, ദ്വാരക, പോർബന്ദർ, ജുനഗഢ്, ദിയു, ഗിർ സോമനാഥ്, അമ്രേലി, ഭാവ്‍നഗർ എന്നീ ജില്ലകളിലെ തീരമേഖലയിൽ ശക്തമായ കടൽക്ഷോഭമുണ്ടാകും. വെള്ളം കയറാനും സാധ്യതയുണ്ട്. ഈ ജില്ലകളിൽ 12 മുതൽ 14 വരെ തീയതികളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും.

കേരളത്തിൽ 12 സെന്‍റീമീറ്റർ വരെ മഴ തീരദേശ ജില്ലകളിൽ പെയ്യാൻ സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് നേരത്തെ പിൻവലിച്ചിരുന്നു. എങ്കിലും അപൂർവം ഇടങ്ങളിൽ 12 സെന്‍റീമീറ്ററിന് മുകളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപക മഴയ്ക്കുള്ള മഞ്ഞ അലർട്ട് നൽകി. നിലവിൽ മുംബൈയിൽ നിന്ന് 500 കിലോമീറ്ററോളം അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകും. തിരമാലകളുടെ ഉയരം 4.3 മീറ്റർ വരെയാകാനിടയുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2ZkEnxj
via IFTTT
No comments:
Post a Comment