ലേശം വെള്ളം, ഒരു കോഴിമുട്ട - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

ലേശം വെള്ളം, ഒരു കോഴിമുട്ട

ആലപ്പുഴ
ആലപ്പുഴ നഗരത്തോടു ചേർന്നുള്ള ഒരു പഞ്ചായത്തിലെ സിദ്ധന്റെയടുത്ത‌് വിദൂരങ്ങളിൽനിന്നുപോലും ആളുകൾ എത്തുന്നു. കുട്ടികളില്ലാത്ത സ്ത്രീകൾ അൽപ്പം വെള്ളം, ഒരു കോഴിമുട്ട, പച്ചക്കായ് എന്നിവയിൽ ഏതെങ്കിലും ഒന്ന് കൊണ്ടുവന്നാൽ ഫലമുറപ്പത്രേ. പഠനം ആറാം ക്ലാസിൽ നിർത്തിയ ബാലന് അത്ഭുതസിദ്ധിയുണ്ടെന്ന് പ്രചരിച്ചതോടെ അയാളുടെ ‘നല്ലകാലം’ തുടങ്ങി.  കോളനിയിൽ താമസിച്ചിരുന്ന ആൾ ആഡംബരങ്ങളിലേക്കുമാറി. ഇപ്പോൾ യുവാവായ സിദ്ധൻ സമീപമുള്ള സ്ഥലങ്ങൾ വിലയ‌്ക്കുവാങ്ങി. കാണാൻ വരുന്നവർ സ്വന്തം വീട്ടിലെ വെള്ളവുമായി വേണം എത്താൻ. അത് സിദ്ധൻ ഓതിക്കൊടുക്കും. അത് കുടിക്കുന്നവർ ഗർഭിണികളാകും എന്നാണ് പ്രചരിപ്പിക്കുന്നത്. കൊണ്ടുവരുന്നത് മുട്ടയാണെങ്കിലും ഓതിക്കൊടുക്കും. അത് വീട്ടിൽക്കൊണ്ടുപോയി തോടുപൊട്ടുംവരെ വറുക്കണം. പൊട്ടുമ്പോൾ ഒഴുകുന്ന വെള്ളത്തിൽ ഒഴുക്കണം. പച്ചക്കായ‌് ഓതിനൽകുന്നത് കഴിച്ചാൽ മതി. വീടിന് നാലുവശത്തുനിന്ന‌് എടുത്തുകൊണ്ടുവരുന്ന മണ്ണും സിദ്ധൻ ഓതിനൽകും. അത് തിരിച്ച് യഥാസ്ഥാനത്ത് കൊണ്ടുപോയിട്ടാലും കാര്യം സാധിക്കുമെന്ന് പ്രചരിപ്പിക്കുന്നു.
പിന്നെ മുട്ട പൊട്ടാതെ അതിൽ സ‌്ക്രൂ കയറ്റുന്ന വിദ്യയുണ്ട‌്. അതുകൊണ്ടുപോയി വീട്ടിലെ പറയുന്ന സ്ഥലത്ത‌് ഇട്ടാലും ഫലം ഉറപ്പാണത്രെ.  വിദ്യാസമ്പന്നർ അടക്കമാണ‌് ഇതിലൊക്കെ തലവച്ചുകൊടുക്കുന്നത‌് എന്നതാണ‌് ദുരന്തം.

ഭയപ്പെടുത്തി മന്ത്രവാദം
ദുർമരണമുണ്ടാകുമെന്നു ഭയപ്പെടുത്തി പരിഹാരത്തിന‌് മന്ത്രവാദം നടത്തി ലക്ഷങ്ങൾ തട്ടിയ ആലപ്പുഴ സ്വദേശി പൊലീസ‌് പിടിയിലായത‌് 2016 മേയിലായിരുന്നു. കോട്ടയം വാഴൂർ സ്വദേശി നൽകിയ പരാതിയിൽ ആയിരുന്നു ആലപ്പുഴ ചേന്നങ്കരി  സ്വദേശിയെ അറസ‌്റ്റുചെയ‌്തത‌്. സമീപത്തെ ക്ഷേത്രത്തിൽ ശാന്തിയായി എത്തിയ ഇയാൾ  ദുർഗാദത്തൻ നമ്പൂതിരിയായാണ‌് അവിടെ കഴിഞ്ഞത‌്. വാഴൂർ സ്വദേശി താമസിക്കുന്ന സ്ഥലം പണ്ട‌് ബ്രാഹ‌്മണ കുടുംബത്തിന്റേതായിരുന്നെന്നും അവിടെ നിധിയുണ്ടെന്നും വിശ്വസിപ്പിച്ചാണ‌് ഇയാൾ തട്ടിപ്പു നടത്തിയത‌്. നിധി കുഴിച്ചെടുത്തു മാറ്റിയില്ലെങ്കിൽ ദുർമരണം സംഭവിക്കുമെന്നും പറഞ്ഞതോടെ വീട്ടുകാർ മന്ത്രവാദത്തിനു തയ്യാറായി. പൂജയ‌്ക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങാനെന്ന പേരിൽ രണ്ടര ലക്ഷം തട്ടി.

ഭൂമി കുഴിച്ചപ്പോൾ കിട്ടിയ ഉരുളി സ്വർണ ഉരുളിയാണെന്നു വിശ്വസിപ്പിച്ച‌് പട്ടിൽ പൊതിഞ്ഞു സൂക്ഷിക്കാൻ പറഞ്ഞു. അത‌് വാങ്ങാൻ ആളെ കൊണ്ടുവരാമെന്നു പറഞ്ഞാണ‌് ഇയാൾ മുങ്ങിയത‌്. പരിശോധനയിൽ ഉരുളി ചെമ്പാണെന്നു തെളിഞ്ഞു. പൊലീസ‌് അന്വേഷണത്തിൽ ഇയാൾ ബ്രാഹ‌്മണനല്ലെന്നും മനസ്സിലായി.

പൂജയും ജ്യോൽസ്യവും ഒരുമിച്ച‌്
ജില്ലയുടെ വടക്കൻ മേഖലയിലെ ചില ക്ഷേത്രങ്ങളിൽ ജ്യോത്സ്യന്മാർ കൂടിയായ പൂജാരിമാർ  പ്രശ്‌നംനോക്കി പരിഹാര ക്രിയകൾ നടത്തും. മാനസികവിഭ്രാന്തി മാറ്റൽ, പേടി മാറ്റൽ, സന്താനകടാക്ഷം, ശത്രുദോഷമകറ്റൽ എന്നിവയ്‌ക്കെല്ലാമാണ് ഇവർ പൂജചെയ്യുന്നത്.

വനിതാപൊലീസിനും കിട്ടി തല്ല‌്
മന്ത്രവാദം സംബന്ധിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ മൂന്നു വർഷംമുമ്പ‌് ആലപ്പുഴ ചാരുംമൂട് ആക്രമണംവരെ ഉണ്ടായി. മന്ത്രവാദിനിയുടെയും സംഘത്തിന്റെയും ആക്രമണത്തിൽ മലപ്പുറം സ്വദേശിനിയും ആലപ്പുഴ വനിതാ സെൽ സിഐയുമായ മീനാകുമാരി, കോൺസ്റ്റബിൾ ലേഖ എന്നിവർക്കാണ‌്  പരിക്കേറ്റത‌്. മീനാകുമാരിയുടെ രണ്ടു വിരൽ ഒടിഞ്ഞു. മന്ത്രവാദിനി, മകൾ, അനുജത്തി എന്നിവരെ  അന്ന‌് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അയൽവാസികൾ മന്ത്രവാദിനിക്കെതിരെ കലക്ടർക്ക് നൽകിയ പരാതിയിൽ വനിതാ സെല്ലിൽ എത്താൻ ആവശ്യപ്പെട്ട‌് നോട്ടീസ് നൽകാൻ എത്തിയപ്പോഴാണ് പൊലീസുകാർ ആക്രമണത്തിന‌് ഇരയായത‌്. 

മതഭേദമില്ലാതെ മന്ത്രവാദം
കരുനാഗപ്പള്ളിയിൽ മാനസികാരോഗ്യ പ്രശ‌്നമുള്ള യുവതിയെ ബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞ‌് ചവിട്ടിക്കൊന്നതിന‌് ആലപ്പുഴ ആദിക്കാട്ടുകുളങ്ങരക്കാരനായ സിദ്ധൻ അറസ‌്റ്റിലായതും ഏതാനും വർഷംമുമ്പ‌്. ബാധ ഒഴിപ്പിക്കലിനിടെ സിദ്ധന്റെ ചവിട്ടേറ്റ‌് നട്ടെല്ലുതകർന്ന‌് വയറ്റിൽ രക്തം നിറഞ്ഞാണ‌് ഒരു കുട്ടിയുടെ അമ്മകൂടിയായ ഇരുപത്താറുകാരി മരിച്ചത‌്. പ്രതി ഇപ്പോൾ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ‌്.

ഈ സംഭവത്തിനുശേഷം ചാരുമൂട്ടിൽ നടത്തിയ പൊലീസ‌് റെയ‌്ഡ‌് വ്യക്തമാക്കിയത‌് മന്ത്രവാദം ചെയ്യുന്നതിനും ആഭിചാരക്രിയകൾ നടത്തുന്നതിനും മതം ഒരു പ്രശ്‌നമല്ലെന്നാണ‌്. ചാരുമൂട്ടിൽ രണ്ട് സിദ്ധൻമാരെയാണ് പൊലീസ് ഒറ്റ ദിവസം അറസ്റ്റ് ചെയ്തത്. ഒരു മുസ്ലിം സിദ്ധനും ഹിന്ദു സ്വാമിയും.

വിശ്വാസചികിത്സ അബദ്ധമാകുന്നു
എംഎ വരെ പഠിച്ച ചെറുപ്പക്കാരന‌് ഇടയ‌്ക്ക‌് മാനസികവിഭ്രാന്തിയുണ്ടായി. തലസ്ഥാനത്തെ ഒരു ‘സ്വാമി’യുടെ കടുത്ത ഭക്തയായിരുന്നു ഇയാളുടെ അമ്മ. നേരെ മകനെയുംകൊണ്ട‌് സ്വാമിയുടെ അടുത്തേക്ക‌്. പൂജകൾ പുരോഗമിക്കുന്തോറും മാനസികനില വഷളായി. മാതാപിതാക്കളെ ശാരീരികമായി ആക്രമിക്കുന്ന ഘട്ടം വരെയെത്തി. ഇതോടെയാണ‌് പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിയത‌്. ചിട്ടയായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും അയാൾ മാനസികാരോഗ്യം വീണ്ടെടുത്തു.

പലതരം വിശ്വാസങ്ങൾക്ക‌് അടിമയായി മാനസികനിലതെറ്റി ചികിത്സ തേടി നിരവധിപേർ എത്തുന്നതായി പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട‌് ഡോ. സാഗർ പറഞ്ഞു. മറ്റുള്ളവർക്ക‌് യുക്തിസഹമായിരിക്കില്ല ഈ വ്യക്തികളുടെ വിശ്വാസം. എന്നാൽ, അയാൾ ആ വിശ്വാസത്തിൽ അടിയുറച്ച‌് നിൽക്കും.  മാനസികവും ശാരീരികവുമായ ആരോഗ്യനില ഏറ്റവും ഗുരുതരമാകുമ്പോൾ മാത്രമാകും ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുക.

പ്രസവാനന്തരം ചില മാനസിക പ്രശ‌്നങ്ങൾ പ്രകടിപ്പിച്ച യുവതിയെ ബന്ധുക്കൾ കൊണ്ടുപോയത‌് കാസർകോട്ട‌്. അവിടെ ക്ഷേത്രത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച‌് പൂജ. ഒടുവിൽ  മരുന്നിനുപോലും കാശില്ലാത്ത അവസ്ഥയിൽ അവർ ആശുപത്രിയിലെത്തി. ചികിത്സയിലൂടെ സാധാരണ നിലയിൽ എത്തിച്ചെന്നും ഡോ. സാഗർ പറഞ്ഞു.
കേരളീയസമൂഹം വലിയ ദുരന്തത്തിലേക്കാണ‌് നീങ്ങുന്നതെന്ന‌് തിരുവനന്തപുരം മെഡിക്കൽ കോളേജ‌് സൈക്യാട്രി വിഭാഗം അസി. പ്രൊഫസർ ഡോ. മോഹൻ റോയ‌് പറഞ്ഞു. ചികിത്സയെപോലും സ്വാധീനിക്കുന്ന തരത്തിൽ ശക്തരാണ‌് ഇത്തരം പൂജാരികളും മന്ത്രവാദികളുമെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2Q8WJhH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages