പ്രത്യേക ലേഖകൻ
തെരഞ്ഞെടുപ്പ‌് ഫലത്തിന്റെ അവലോകനത്തിനും വിജയാഹ്ലാദം പങ്കിടാനുമായി ചേർന്ന കെപിസിസി നേതൃയോഗത്തിൽ പാർടി മുഖപത്രത്തിന്റെ ഫണ്ടിടപാടിനെ ചൊല്ലി വാക‌്പോര‌്. ആലപ്പുഴയിൽ തോൽവിയിൽ പ്രതിഷേധിച്ച‌് ഷാനിമോൾ ഉസ‌്മാൻ യോഗത്തിൽ പങ്കെടുത്തില്ല. ആലപ്പുഴയിൽ തനിക്കെതിരെ അടിയൊഴുക്കുണ്ടായെന്ന‌് ഷാനിമോൾ പരാതിപ്പെട്ടിരുന്നതായി കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താലേഖകരെ അറിയിച്ചു. ആലപ്പുഴയിലെ തോൽവിയെ കുറിച്ച‌് പഠിക്കാൻ സമിതിയെ വച്ചു.
വീക്ഷണം എഡിറ്റർ പി ടി തോമസ് എംഎൽഎയും മാനേജിങ‌് എഡിറ്ററായ കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരനും തമ്മിലാണ‌് ഏറ്റുമുട്ടിയത‌്. വീക്ഷണത്തിന് രണ്ടരക്കോടി കടബാധ്യതയുണ്ടെന്ന് പി ടി തോമസ് വിവരിച്ചപ്പോൾ അതെങ്ങനെയുണ്ടായെന്ന് ചോദിച്ച് ശൂരനാട് എഴുന്നേറ്റതോടെ രൂക്ഷമായ തർക്കമായി. പത്രത്തിന്റെ സാമ്പത്തികസ്ഥിതിയെപ്പറ്റി കമീഷനെ വച്ച് അന്വേഷിച്ചോളാനും തന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് തെളിയിച്ചാൽ എംഎൽഎസ്ഥാനം രാജിവയ്ക്കാമെന്നും പി ടി തോമസ് തുറന്നടിച്ചു.
പത്രം മുന്നോട്ട് കൊണ്ടുപോകാനായി ഫണ്ടുണ്ടാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പി ടി തോമസ് വിശദീകരിച്ചു. ഈ നിലയിൽ പോകാനാകില്ല. താൻ ചുമതലയേറ്റെടുക്കുമ്പോൾത്തന്നെ ഗതികേടിലായിരുന്നെന്നും ഒരു വർഷം വല്ല വിധേനയും ഓടിക്കുകയായിരുന്നുവെന്നും കണക്കുകൾ നിരത്തി തോമസ് വിവരിച്ചു.
എങ്ങനെ ഈ ബാധ്യതയുണ്ടായെന്ന് ചോദിച്ച് മാനേജിങ‌് എഡിറ്ററായ ശൂരനാട് രാജശേഖരൻ രംഗത്ത‌് വന്നു. മാനേജിങ‌് എഡിറ്ററായിട്ടും ഡയറക്ടർ ബോർഡ് യോഗത്തെപ്പറ്റിയൊന്നും താനറിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.നിയമസഭാ ഉപതെരഞ്ഞെടുപ്പിനമുമ്പ‌് പുനഃസംഘടന നടത്താൻ വൈകിട്ട‌് രാഷ‌്ട്രീയ കാര്യസമിതി യോഗം ധാരണയായി. ഫെയ‌്സ‌്ബുക്കിലൂടെ മോഡി അനുകൂല പരാമർശം നടത്തിയ എ പി അബ‌്ദുള്ളക്കുട്ടിയോട‌് വിശദീകരണം ചോദിക്കാൻ തീരുമാനിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2JJhrEo
via IFTTT
No comments:
Post a Comment