പ്രസവസമയത്തെ അപ്രതീക്ഷിത സങ്കീർണതകൾമൂലമുണ്ടാകുന്ന മാതൃ–- ശിശു മരണം തടയാൻ സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ദ്രുത പ്രതികരണ ടീം രൂപീകരിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ ആരോഗ്യദൗത്യമാണ‌് പദ്ധതി നടപ്പാക്കുന്നത‌്. ലേബർ റൂം സൗകര്യമുള്ള എല്ലാ സർക്കാർ, സ്വകാര്യ ആരോഗ്യ സംവിധാനങ്ങളിലും ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ദ്രുതകർമ സംഘത്തിന്റെ സേവനം 24 മണിക്കൂറും രോഗികൾക്ക‌് ലഭ്യമാക്കും.
മാതൃമരണ നിരക്ക് കുത്തനെ കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ‌് ദ്രുതകർമ സംഘങ്ങളുടെ രൂപീകരണം. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ലേബർ റൂം സംവിധാനമുള്ള 42 പ്രധാന ആശുപത്രികളിലായിരിക്കും നടപ്പാക്കുക. പിന്നീട‌് വ്യാപിപ്പിക്കും.
ഓരോ ആശുപത്രിയിലെയും ഗൈനക്കോളജിസ്റ്റ‌്, അത്യാഹിത, തീവ്രപരിചരണ പരിശീലനം ലഭിച്ച ഡോക്ടർമാർ, സ്റ്റാഫ‌് നേഴ‌്സുമാർ, നേഴ‌്സിങ‌് അസിസ്റ്റന്റുമാർ എന്നിവരുൾപ്പെട്ടതാണ‌് ദ്രുതകർമ സംഘം. മുഴുവൻ സമയവും ടീം അംഗങ്ങളുടെ സേവനം ജോലിസമയം ക്രമീകരിക്കും.പ്രസവാനന്തര അമിത രക്തസ്രാവം, അപകടകരമായ രക്താതിസമ്മർദം, അംനിയോട്ടിക‌് സ്രവം രക്തത്തിൽ കലരുന്നത‌്, മരുന്നുകളോടുണ്ടാകുന്ന അലർജി തുടങ്ങിയ സങ്കീർണതകൾമൂലമുണ്ടാകുന്ന മാതൃമരണം തടയുകയാണ‌് മുഖ്യ ദൗത്യം. പ്രസവസമയത്ത‌് കുഞ്ഞിന്റെ തോൾഭാഗം പുറത്തേക്കുവരാതെ കുടുങ്ങിപ്പോകുന്നത‌്, നവജാതശിശുവിന‌് അനുഭവപ്പെടുന്ന ശ്വാസതടസ്സം എന്നിവ തുടക്കത്തിലേ കണ്ടെത്തി അടിയന്തര സേവനവും നൽകും. ഓരോ സാഹചര്യത്തിനും അനുസൃതമായി അതിവേഗം ഇടപെടും. വിദഗ‌്ധ പരിശീലനത്തിന‌് കേരള ഫെഡറേഷൻ ഓഫ‌് ഒബ‌്സ‌്റ്റെട്രിക‌് ആൻഡ‌് ഗൈനക്കോളജി നേതൃത്വം നൽകും.
എൻഎച്ച‌്എം ഫണ്ടിനു പുറമെ വിവിധ കമ്പനികളുടെ സിഎസ‌്ആർ ഫണ്ടും പദ്ധതിക്കായി വിനിയോഗിക്കും. ജില്ലാ മാതൃമരണ അവലോകനയോഗങ്ങളിൽ ടീമുകളുടെ പ്രവർത്തനം വിലയിരുത്തുമെന്ന‌് എൻഎച്ച‌്എം സ‌്റ്റേറ്റ‌് പ്രോജക്ട‌് മാനേജർ ഡോ. നിത വിജയൻ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2WtTMO4
via IFTTT
No comments:
Post a Comment