സ്വന്തം ലേഖകൻ
ചൂർണിക്കരയിൽ തണ്ണീർത്തടം നികത്തി പുരയിടമാക്കാൻ വ്യാജരേഖ ചമച്ച കോൺഗ്രസ‌് നേതാവിന്റെ വീട‌് പൊലീസ‌് റെയ‌്ഡ‌് ചെയ്തു. ശ്രീഭൂതപുരം അപ്പോലി അബുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഭൂമി സംബന്ധമായ നിരവധി രേഖകൾ പിടിച്ചെടുത്തു. ഒളിവിൽപ്പോയ അബുവിനായി പൊലീസ‌് ലുക്ക‌്ഔട്ട‌് നോട്ടീസ‌് ഇറക്കിയേക്കും. ആലുവ റൂറൽ ഡിവൈഎസ‌്പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലായിരുന്നു റെയ‌്ഡ‌്. വിജിലൻസിന്റെ നേതൃത്വത്തിൽ വിവിധ ഓഫീസുകളിലെ രേഖയും പരിശോധിച്ചു.
മുട്ടത്ത‌് ദേശീയപാതയോട‌് ചേർന്ന‌് കോടികൾ വിലയുള്ള തണ്ണീർത്തടം നികത്തി പുരയിടമാക്കാൻ ലാൻഡ‌് റവന്യൂ കമീഷണറുടെയും ഫോർട്ട‌്കൊച്ചി ആർഡിഒയുടെയും പേരിൽ വ്യാജരേഖ ചമച്ചെന്നാണ‌് കേസ‌്. വർഷങ്ങൾക്കുമുമ്പ‌് നികത്തിയ പാടത്ത‌് ഗോഡൗണുകൾ നിർമിച്ചിരുന്നു.
ഇവിടെ വീണ്ടും നിർമാണം നടത്താൻ ഉടമ ശ്രമിച്ചപ്പോഴാണ‌് അബു വ്യാജരേഖയുണ്ടാക്കി നൽകിയത‌്. ഇതിനായി ഏഴുലക്ഷം രൂപയും വാങ്ങി.
സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്ക‌് വരുന്നവർക്ക‌് രേഖകൾ സംഘടിപ്പിച്ച‌് നൽകലാണ‌് അബുവിന്റെ സ്ഥിരംപണി. ചൂർണിക്കര സംഭവം വിവാദമായതോടെ അബു നാട്ടിൽനിന്നും മുങ്ങി. വ്യാജരേഖ നിർമിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കുണ്ടായിരുന്നോ എന്നാണ‌് വിജിലൻസ‌് പരിശോധിക്കുന്നത‌്.
സെൻട്രൽ റേഞ്ച‌് ഡിവൈഎസ‌്പി ടി എം വർഗീസിന്റെ നേതൃത്വത്തിൽ ചൂർണിക്കര വില്ലേജ‌് ഓഫീസറിൽനിന്നും മൊഴിയെടുത്തു. ഇവിടത്തെ രേഖകളും പരിശോധിച്ചു. ഫോർട്ട‌്കൊച്ചി ആർഡിഒ, ആലുവ താലൂക്ക‌് ഓഫീസ‌് എന്നിവിടങ്ങളിലെ ഫയലുകളും സംഘം പരിശോധിച്ചു. ലാൻഡ‌് റവന്യു ഓഫീസിലെ രേഖകൾകൂടി പരിശോധിച്ചശേഷം മൂന്നു ദിവസത്തിനകം വിജിലൻസ‌് റിപ്പോർട്ട‌് നൽകും.
from Kerala || Deshabhimani Online News http://bit.ly/2JfaUkD
via IFTTT
No comments:
Post a Comment