സ്വന്തം ലേഖകൻ
നീലക്കുറിഞ്ഞി വിരിയുന്നതിന്റെ വിസ്മയവും ക്ലിന്റ‌് സ്മാരക ചിത്രരചനാ മത്സരവും ഉൾപ്പെടെ മൂന്നു പ്രചാരണപരിപാടികളിലൂടെ 2018–--19ൽ സംസ്ഥാന ടൂറിസം വെബ്സൈറ്റായ www.keralatourism.org ൽ അഭൂതപൂർവമായ സന്ദർശകത്തിരക്ക്. ഇക്കാലയളവിൽ വെബ്സൈറ്റിൽ എത്തിയത് 71,32,491 സന്ദർശകർ. 10,252,887 പേർ വീണ്ടും സന്ദർശിച്ചു. ലോകത്തിലെ 19,140 നഗരങ്ങളിൽനിന്നുള്ള സന്ദർശകരാണ് സൈറ്റിലെത്തിയത്. 2017-–-18ൽ 14,219 നഗരങ്ങളിൽനിന്ന് 31,61,986 പേർ 41,02,061 പ്രാവശ്യം വെബ്സൈറ്റ് സന്ദർശിച്ചിരുന്നു.
12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിക്കും ക്ലിന്റ‌് രാജ്യാന്തര ചിത്രരചനാ മത്സരത്തിനുംപുറമെ 20 ഇന്ത്യൻ നഗരങ്ങളിലും 20 വിദേശ നഗരങ്ങളിലുമായി നടത്തിയ നൂതനമായ പ്രളയാനന്തര പ്രചാരണവും വെബ്സൈറ്റിന്റെ ജനപ്രീതി ഉയർത്തി. വെബ്സൈറ്റ് സന്ദർശകരുടെ എണ്ണം പരിഗണിച്ചാണ് പ്രചാരണത്തിനുള്ള നഗരങ്ങളെ തെരഞ്ഞെടുത്തത്. ആവശ്യമായ വിവരം ഇന്ത്യയിലെയും വിദേശത്തെയും 23 ഭാഷയിൽ ചിട്ടപ്പെടുത്തിയിരുന്നു.
മൂന്നു പ്രചാരണങ്ങളിൽ ഏറ്റവും മികച്ചത് ക്ലിന്റിന്റെ സ്മരണാർഥമുള്ള രാജ്യാന്തര ചിത്രരചനാ മത്സരമായിരുന്നു. കേരളമെന്ന വാക്ക് ലോകത്തെമ്പാടുമുള്ള 50 ലക്ഷം ഭവനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു. രാജ്യാന്തര ചിത്രരചനാമത്സര പ്രചാരണത്തിലൂടെ 134 രാജ്യത്തുനിന്നായി 48,390 പേർ രജിസ്റ്റർ ചെയ്യുകയും 97 രാജ്യത്തുനിന്നായി 38,000 എൻട്രി ലഭിക്കുകയും ചെയ്തു. വെബ്സൈറ്റിലെ ക്ലിന്റിന്റെ പേജാണ് കൂടുതൽ പേർ സന്ദർശിച്ചത്. നീലക്കുറിഞ്ഞിയുടെയും ആയുർവേദത്തിന്റെയും വെബ്പേജുകളാണ് രണ്ടും മൂന്നും സ്ഥാനത്ത‌്.
80 ശതമാനം പേരും പ്രവേശിച്ചത് മൊബൈൽ ഫോണുകളിലൂടെയാണ‌്. തൊട്ടു മുൻവർഷം ഇത് 60 ശതമാനമായിരുന്നു. ഒരു കോടിയിലേറെ സന്ദർശനങ്ങളുമായി കേന്ദ്ര സർക്കാരിന്റേതടക്കം (www.incredibleindia.org) രാജ്യത്തെ സർക്കാർ ടൂറിസം വെബ്സൈറ്റുകളിൽ മുന്നിലെത്തിയിരിക്കുകയാണ് കേരളം. ഇതിലും ഉയർന്ന റാങ്കിനുവേണ്ടി ഇനി മത്സരം ഹോങ്കോങ്, ന്യൂസിലൻഡ്, ദക്ഷിണകൊറിയ, ഓസ്ട്രേലിയ എന്നിവയുമായിട്ടാകും. ഏഷ്യ- പസഫിക് മേഖലയിലെയും മധ്യപൂർവേഷ്യയിലെയും ടൂറിസം വെബ്സൈറ്റുകളെടുത്താൽ ഏഴാം സ്ഥാനത്താണ് കേരള ടൂറിസം. 2018–-19 കാലയളവിലെ മൂന്നു മികച്ച പ്രചാരണങ്ങളാണ് കേരള ടൂറിസം വെബ്സൈറ്റിന് നേട്ടം കൈവരിക്കുന്നതിന് സഹായിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വെബ്സൈറ്റിലെ തിരക്ക് പ്രകടമാക്കുന്നത് കേരള ടൂറിസത്തിന‌് ലോകമെമ്പാടുമുള്ള അംഗീകാരമാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു. ഉത്സവങ്ങൾ, പരിസ്ഥിതി ടൂറിസം, പടയണി തുടങ്ങിയ അനുഷ്ഠാനങ്ങൾ എന്നിവയെക്കുറിച്ചറിയാൻ ലോകജനത കൂടുതൽ താൽപര്യം കാണിക്കുന്നുവെന്ന‌് ടൂറിസം ഡയറക്ടർ പി ബാലകിരൺ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2WuYdrU
via IFTTT
No comments:
Post a Comment