തൃശൂർ
സാംസ്കാരിക നഗരിയെ ജനസാഗരമാക്കിയ തൃശൂർ പൂരം കൊടിയിറങ്ങി. വിളംബരം മുതൽ ഉപചാരം ചൊല്ലിപ്പിരിയുംവരെ എല്ലാ ചടങ്ങിലും കാഴ്ചക്കാരായ അഭൂതപൂർവമായ ജനക്കൂട്ടത്തിന്റെ ഹൃദയതാളമായി മാറി ഈയാണ്ടിലെ പൂരനാളുകൾ. എണ്ണമറ്റ ദൃശ്യവിരുന്നുകളുടെ അനുപമസുന്ദരമായ അനുഭവങ്ങൾ നെഞ്ചേറ്റിയാണ് പതിനായിരങ്ങൾ പൂരനഗരി വിട്ടത്. ചൊവ്വാഴ്ച തട്ടകക്കാരുടെ സ്വന്തം പൂരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമാപന എഴുന്നള്ളിപ്പിനും ഉപചാരം ചൊല്ലലിനും വെടിക്കെട്ടിനും ഇന്നോളം അനുഭവപ്പെടാത്ത ജനസഞ്ചയമായിരുന്നു.
തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ തിടമ്പേറ്റിയ ആനകൾ ചൊവ്വാഴ്ച ഉച്ചക്ക് ശ്രീമൂല സ്ഥാനത്ത് അടുത്ത വർഷത്തെ പൂരത്തിനു കാണാമെന്ന സന്ദേശമെന്ന മട്ടിൽ തുമ്പിക്കെ ഉയർത്തിയുള്ള ഉപചാരംചൊല്ലൽ പൂരം കൊട്ടിക്കലാശിക്കാൻ കൂട്ടാക്കാത്ത മനസ്സുകളെ വികാരസാന്ദ്രമാക്കി. ഉപചാരത്തിനു ശേഷം സമാപന വെടിക്കെട്ട് ആസ്വദിക്കാൻ ജനം കാത്തുനിന്നു. പുലർച്ചെ നാലിനു നടന്ന മുഖ്യവെടിക്കെട്ടിനും നഗരം ജനസാഗരമായി നിറഞ്ഞു. അടുത്ത പൂരം 2020 മെയ് 2ന് നടത്തുമെന്ന് മന്ത്രി വി എസ് സുനിൽകുമാറിന്റെ സാന്നിധ്യത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ഉപചാരം ചൊല്ലൽ വേളയിൽ ശ്രീമൂലസ്ഥാനത്ത് പ്രഖ്യാപിച്ചു.
രാവിലെ എട്ടിന് മണികണ്ഠനാലിൽ നിന്ന് നിന്ന് പാറമേക്കാവും 8.30ന് നായ്ക്കനാലിൽ നിന്ന് തിരുവമ്പാടിയും പതിനഞ്ചാനപ്പുറത്ത് കലാശം എഴുന്നള്ളിപ്പ് തുടങ്ങി. ഗുരുവായൂർ നന്ദൻ പാറമേക്കാവ് ഭഗവതിയുടെയും തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ തിരുവമ്പാടി ഭഗവതിയുടെയും കോലമേന്തി. പെരുവനം കുട്ടൻമാരാർ പാറമേക്കാവിന്റെയും കിഴക്കൂട്ട് അനിയൻമാരാർ തിരുവമ്പാടിയുടെയും മേളനിരയ്ക്ക് നായകരായി. കുടമാറ്റത്തിന്റെയും മേളപ്പെരുക്കത്തിന്റെയും അകമ്പടിയിൽ എഴുന്നള്ളിപ്പുകൾ വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തേക്ക് മൂന്നേറി. ഇരുഭാഗവും മിനി കുടമാറ്റത്തിന്റെ പ്രതീതി ഉണർത്തി. പട്ടണത്തെ ത്രസിപ്പിച്ച സമാപന വെടിക്കെട്ടിനുശേഷം പാറമേക്കാവും തിരുവമ്പാടിയും ക്ഷേത്രങ്ങളിലേക്ക് തിരിച്ചെഴുന്നള്ളി. വൈകിട്ട് ക്ഷേത്രങ്ങളിൽ ഉത്രം വിളക്ക് ആചരണത്തോടെ കൊടി ഇറക്കി.
അനിഷ്ടസംഭവങ്ങളോ അപകടമോ മറ്റ് പരാതികളോ വിവാദമോ കൂടാതെ സമാധാനപരമായി പൂരം സമാപിച്ചതിൽ ദേവസ്വം ഭാരവാഹികൾക്കും ജില്ലാ ഭരണകേന്ദ്രത്തിനും പൊലീസിനും അഭിമാനിക്കാനേറെ. കലക്ടർ ടി വി അനുപമ, ഐജി ബൽറാംകുമാർ ഉപാധ്യായ, സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര, എക്പ്ലോവ സീവ് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ആർ വേണുഗോപാൽ തുടങ്ങിയവർ സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
from Kerala || Deshabhimani Online News http://bit.ly/2HD86uv
via IFTTT
No comments:
Post a Comment