ശൂരനാട് (കൊല്ലം)> 2014 ജുലൈ 12. രാത്രി പന്ത്രണ്ടോടെയായിരുന്നു ആ സംഭവം. തഴവ കടത്തൂർ നഴ്‌സറി മുക്കിന് സമീപം കണ്ണങ്കര കുറ്റിയിൽ ഹസൻകുഞ്ഞിന്റെയും മൈമൂനയുടെയും മകൾ ഹസീന (27)യുടെ ശരീരത്തിൽ കയറിക്കൂടിയ ജിന്നിനെ ഒഴിപ്പിക്കാൻ മന്ത്രവാദം നടക്കുകയാണ‌് വീട്ടിൽ.
യുവതിയെ നിലത്ത‌് കമിഴ‌്ത്തിക്കിടത്തി സിറാജുദ്ദീൻ എന്ന ഉസ‌്താദ‌് കാൽമുട്ടുകൾ ഹസീനയുടെ നട്ടെല്ലിനു മുകളിൽ അമർത്തി മുടിയിൽ പിടിച്ച‌് തല ശക്തിയോടെ പിറകോട്ടുവലിച്ചു ജിന്നിനോട‌് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. നട്ടെല്ലും ആന്തരിക അവയവങ്ങളും തകർന്ന യുവതി ബോധരഹിതയായതോടെ ആശുപത്രിയിലേക്ക‌് മാറ്റി. അപ്പോഴേക്കും ഹസീനയുടെ ജീവൻ പറന്നുപോയിരുന്നു.
കുട്ടിക്കാലം മുതലേ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടായിരുന്ന ഹസീനക്ക് ഇത് ജിന്നിന്റെ ഉപദ്രവം ആണെന്നും അതിനെ മന്ത്രവാദത്തിലൂടെ പുറത്തെത്തിച്ച് കുപ്പിയിലാക്കിയാൽ രോഗം ഭേദമാകുമെന്നും മാവേലിക്കര ആദിക്കാട്ടുകുളങ്ങര ബിസ്മി മൻസിലിൽ സിറാജുദ്ദീൻ വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു. വീട്ടിൽ രാത്രി പത്തുമുതൽ പുലർച്ചെവരെ നീണ്ട മന്ത്രവാദക്രിയയിൽ കടുത്ത മർദനമുറയായിരുന്നു അരങ്ങേറിയത‌്. മന്ത്രവാദിയുടെ ക്രൂരതയിൽ മകൾ അലറിവിളിക്കുമ്പോഴും അത് ബാധയെ ഒഴിപ്പിക്കലാണെന്ന വിശ്വാസത്തിൽ എല്ലാ ഒത്താശയും ചെയ്യുകയായിരുന്നു ഹസീനയുടെ മാതാപിതാക്കൾ.
പൊലീസ് ഇടപെടൽ വഴിത്തിരിവായി
തുടർച്ചയായ മന്ത്രവാദ ചികിത്സയ്ക്കിടെ ബോധംനഷ്ടപ്പെട്ട ഹസീനയെ ഒടുവിൽ ഓച്ചിറയിലെ ഒരു സ്വകാര്യആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ച ഡോക്ടർ സ്വാഭാവിക മരണമെന്ന നിലയിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് അയൽവാസികളിൽ ഒരാൾ പൊലീസിനെ അറിയിച്ചു. ഇതെതുടർന്ന് അന്നത്തെ കരുനാഗപ്പള്ളി സിഐ കെ എ വിദ്യാധരൻ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ നിർദേശിക്കുകയായിരുന്നു. അപ്പോഴേക്കും കബറടക്കത്തിനുള്ള തയ്യാറെടുപ്പുകൾ നടന്നിരുന്നു.
റമദാൻ നോമ്പുകാലമാണെന്ന‌് ചൂണ്ടിക്കാട്ടി മൃതദേഹം പെട്ടെന്ന് മറവുചെയ്യാൻ ബന്ധുക്കൾ ധൃതി കാട്ടി. എതിർപ്പുകളുണ്ടായെങ്കിലും പൊലീസ് പിന്മാറിയില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫൊറൻസിക് വിദഗ്ധ ഡോ. വത്സല പോസ‌്റ്റുമോർട്ടം നടത്തി. ഹസീനയുടെ ആന്തരികാവയവങ്ങൾ പലതും ചതഞ്ഞ നിലയിലായിരുന്നു. നിരന്തരപീഡനങ്ങൾ ഏറ്റുവാങ്ങിയതിന്റെ ലക്ഷണങ്ങൾ നിരവധി. തുടർന്ന് മന്ത്രവാദം നടത്തിയ സിറാജുദ്ദീനെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോഴാണ് പീഡനങ്ങൾ പുറത്തറിഞ്ഞത്.
പ്രതിക്ക് ജീവപര്യന്തം
ഈ വർഷം ഫെബ്രുവരിയിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാം പ്രതി സിറാജുദ്ദീനെ ജീവപര്യന്തം തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മന്ത്രവാദിക്ക് സഹായം ചെയ്തുകൊടുത്ത യുവതിയുടെ ഉപ്പയും മൂന്നാംപ്രതിയുമായ ഹസൻകുഞ്ഞ്, രണ്ടാംപ്രതി അബ്ദുൽ കബീർ, നാലാംപ്രതി മുഹമ്മദ് അൻസർ, അഞ്ചാം പ്രതി മുഹമ്മദ് അഷ്‌റഫ്, ആറാംപ്രതി ഹാഷിം ഹബീബ് എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2LVQDmf
via IFTTT
No comments:
Post a Comment