തിരുവനന്തപുരം
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാനായി പ്രവേശന മേൽനോട്ട സമിതി, ഫീസ‌് നിയന്ത്രണ സമിതി എന്നിവ രൂപീകരിക്കാനുള്ള കേരള മെഡിക്കൽ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജഡ്ജി, ആരോഗ്യ സെക്രട്ടറി, സർക്കാർ നാമനിർദേശം ചെയ്യുന്ന മെഡിക്കൽ കൗൺസിൽ പ്രതിനിധി, ചാർട്ടേഡ് അക്കൗണ്ടന്റ്, സമിതി തെരഞ്ഞെടുക്കുന്ന സ്വതന്ത്രവ്യക്തി എന്നിവരാകും ഫീസ‌് നിയന്ത്രണ സമിതിയിൽ ഉണ്ടാകുക. ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജഡ്ജി, ആരോഗ്യ സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കൽ കൗൺസിൽ പ്രതിനിധി, പ്രവേശനപരീക്ഷാ കമീഷണർ, പട്ടികജാതി/ഗോത്രവർഗ വിഭാഗത്തിൽനിന്ന് സർക്കാർ നാമനിർദേശം ചെയ്യുന്ന വിദ്യാഭ്യാസവിദഗ‌്ധൻ എന്നിവരാകും മേൽനോട്ടസമിതിയിലുണ്ടാവുക.
2017ൽ ഫീസ് നിർണയ സമിതി നടത്തിയ ഫീസ് നിർണയത്തിനെതിരെ സ്വാശ്രയ മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചതോടെ ഫീസ് പുനർനിർണയത്തിന് കോടതിനിർദേശം നൽകി. ക്വാറമില്ലാത്ത സമിതി ഫീസ് നിർണയിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിനടപടി. പ്രവേശന നടപടിയും ഫീസ‌് നിർണയവും രണ്ടായതിനാൽ ഇവ ഓരോന്നിനും പ്രത്യേക സമിതിയാണ‌് നല്ലതെന്നും കോടതി നിരീക്ഷിച്ചു. പത്തംഗ സമിതിയുടെ ഘടന പുനഃപരിശോധിക്കാനും കോടതി നിർദേശിച്ചു. ഇതോടെയാണ‌് പുതിയ ഭേദഗതി കൊണ്ടുവന്നത‌്.
ഫീസ് നിർണയം പൂർത്തിയാക്കിയെങ്കിലേ അടുത്ത അധ്യയന വർഷത്തേക്കുള്ള മെഡിക്കൽ പ്രവേശന നടപടികൾ തുടങ്ങാൻ കഴിയൂ. നേരത്തെ സർക്കാർ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചെങ്കിലും പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ‌് കമീഷൻ അനുമതി നൽകിയില്ല. ഇതേ തുടർന്നാണ് ബിൽ കൊണ്ടുവന്നത്.
ആരോഗ്യമന്ത്രി കെ കെ ശൈലജയാണ‌് ബിൽ അവതരിപ്പിച്ചത‌്. വർഷങ്ങളായി സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശന നടപടി കുത്തഴിഞ്ഞു കിടക്കുകയാണ‌്.
വമ്പിച്ച ചൂഷണവും ഈ മേഖലയിൽ നടക്കുന്നു. എന്നാൽ, പുതിയ രണ്ട‌് സമിതികൾ വരുന്നതോടെ ഈ പ്രശ‌്നങ്ങൾക്ക‌് പരിഹാരം കാണാനാകുമെന്ന‌് മന്ത്രി പറഞ്ഞു. ഇ എസ‌് ബിജിമോൾ, എ പി അനിൽകുമാർ എന്നിവരും സംസാരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2X8jLYI
via IFTTT
No comments:
Post a Comment