തിരുവനന്തപുരം
തിരുവനന്തപുരത്ത‌് ബിജെപി സ്ഥാനാർഥിയായി ആർഎസ‌്എസ‌് കൊണ്ടുവന്ന കുമ്മനം രാജശേഖരനെ തോൽപിക്കാൻ ബിജെപിയിലെ ഒരുവിഭാഗം കോൺഗ്രസിന‌് വോട്ടുമറിച്ചെന്ന ആരോപണം ആർഎസ‌്എസ‌് ആഭ്യന്തര സമിതി അന്വേഷിച്ച‌് കേന്ദ്രത്തിനു റിപ്പോർട്ട‌് നൽകി. ജയിച്ച‌് കുമ്മനം മന്ത്രിയായാൽ മറ്റു ചിലരുടെ കേന്ദ്ര മന്ത്രിമോഹം പൊലിയുമെന്നുകണ്ട‌് ചിലയിടത്ത‌് ആജ്ഞാനുവർത്തികളെ ഉപയോഗിച്ച‌് വോട്ടുമറിക്കാനുള്ള ശ്രമം ഒരുവിഭാഗം നടത്തിയെന്നാണ‌് റിപ്പോർട്ട‌്. കുമ്മനത്തെ തിരുവനന്തപുരത്ത‌് മത്സരിപ്പിക്കാതിരിക്കാനും ശ്രമം നടന്നു.
സംസ്ഥാന പ്രസിഡന്റ‌് തിരുവനന്തപുരം സീറ്റിൽ കണ്ണുവച്ചതും അത‌് നടക്കാതെ വന്നപ്പോൾ പത്തനംതിട്ട ആവശ്യപ്പെടുകയായിരുന്നു. ഇരു സീറ്റും നിഷേധിക്കപ്പെട്ടതോടെ പി എസ‌് ശ്രീധരൻപിള്ളയും കൂട്ടരും മെല്ലെപ്പോക്ക‌് സമീപനം സ്വീകരിച്ചതായും ആർഎസ‌്എസ‌് വിലയിരുത്തിയിട്ടുണ്ട‌്. അതിനിടെ, തനിക്കു ലഭിച്ചത‌് വ്യക്തിപരമായ വോട്ടാണെന്നും കുമ്മനത്തിന‌് അത‌് കിട്ടില്ലെന്നുമുള്ള ഒ രാജഗോപാലിന്റെ പ്രസ‌്താവനയുംകൂടി വന്നതോടെ തലസ്ഥാനത്ത‌് എന്തെക്കെയോ നടന്നിട്ടുണ്ടെന്ന‌് ആർഎസ‌്എസ‌് ഉറപ്പിച്ചുകഴിഞ്ഞു.
ഇതോടെ തെരഞ്ഞെടുപ്പുഫലം സംബന്ധിച്ച ആദ്യഘട്ട അവലോകന യോഗംപോലും ചേരാനാകാത്ത പ്രതിസന്ധിയിലാണ് സംസ്ഥാന നേതൃത്വം. കുമ്മനത്തിന്റെ തോൽവിയുടെ പേരിൽ ആർഎസ‌്എസ‌് വാളൂരിയതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിലും ഭിന്നിപ്പ‌് രൂക്ഷമായി. തോൽവിയുടെ കാരണങ്ങളായി മുരളീധരപക്ഷം ചൂണ്ടിക്കാട്ടുന്നത് സംഘടനാ ദൗർബല്യവും സംസ്ഥാന അധ്യക്ഷന്റെ തെറ്റായ തീരുമാനങ്ങളുമാണ്. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങളെ തന്ത്രപരമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ‌് ശ്രീധരൻപിള്ള. കുമ്മനം തോറ്റതോടെ പ്രധാന ബിജെപി നേതാക്കൾ തമ്മിൽ ഫോണിൽ പോലും ആശയവിനിമയം നടന്നിട്ടില്ലെന്നാണ‌് സൂചന. വോട്ടെണ്ണൽ ദിവസം തലസ്ഥാനത്തുണ്ടായിരുന്ന ശ്രീധരൻപിള്ളയും കുമ്മനം രാജശേഖരനും തലസ്ഥാനത്തെ തോൽവിയെക്കുറിച്ച‌് ഒരു വാക്കുപോലും പരസ‌്പരം സംസാരിച്ചിട്ടില്ല.
തോൽക്കാൻ കാരണം അപ്രതീക്ഷിതകേന്ദ്രങ്ങളിലെ അടിയൊഴുക്കാണെന്ന‌് തന്നെയാണ‌് കുമ്മനത്തിന്റെയും വിശ്വാസം. തിരുവനന്തപുരത്ത‌് മറ്റു ജില്ലകളിൽനിന്നുള്ള ആർഎസ്എസുകാർ തമ്പടിച്ചപ്പോൾ ബിജെപി ജില്ലാ നേതൃത്വം നിഷ്ക്രിയമായി. അതിനിടെ, വട്ടിയൂർക്കാവ‌് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ബിജെപി ജില്ലാ പ്രസിഡന്റ‌് എസ‌് സുരേഷിന്റെ നേതൃത്വത്തിൽ പുതിയൊരു ഗ്രൂപ്പും തലസ്ഥാനത്ത‌് ഉദയംചെയ്‌തിട്ടുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2VPmQvb
via IFTTT
No comments:
Post a Comment