താനൂര്‍ > കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ സ്വന്തം ശരീരം ചവിട്ട് പടിയാക്കി രക്ഷാ പ്രവര്‍ത്തനം നടത്തി ലോക ശ്രദ്ധ നേടിയ കെ പി ജൈസലിന് എസ് വൈ എസ് നിര്‍മിച്ച് നല്‍കുന്ന വീട് 'ദാറുല്‍ ഖൈര്‍ കൈമാറി. പരപ്പനങ്ങാടി ആവിയല്‍ ബീച്ചില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുള്‍ ഖാദിര്‍ മുസ്ലിയാര്‍ വീടിന്റെ താക്കോല്‍ ജൈസലിന് കൈമാറി.
മത്സ്യത്തൊഴിലാളിയും ട്രോമ കെയര്‍ വളണ്ടിയറുമാണ് ജൈസല്‍. എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയും പ്രവാസി ഘടകം ഐസിഎഫിന്റേയും സഹകരണത്തോടെ 16 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനിലയുള്ള വീട് നിര്‍മിച്ചിരിക്കുന്നത്. സ്വന്തമായി വീടില്ലാതെ ഷീറ്റ് മേഞ്ഞ കൂരയിലായിരുന്നു ജൈസലും കുടുംബവും താമസിച്ചിരുന്നത്. കഴിഞ്ഞ സെപ്തംബറില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചത്.
ചടങ്ങില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷനായി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുറഹമാന്‍ ഫൈസി, കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല പ്രസിഡന്റ് സി പി സൈതലവി, സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈവി, വിപി എം ബഷീര്‍, എം മുഹമ്മദ് സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രളയ സമയത്ത് വേങ്ങര മുതലമാട് വെച്ച് രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകള്‍ക്ക് ബോട്ടില്‍ കയറാന്‍ പ്രയാസപ്പെട്ടതിനെത്തുടര്‍ന്ന് സ്വന്തം ശരീരം ചവിട്ടുപടിയായി മാറ്റുകയായിരുന്നു കെ പി ജൈസല്‍. നവമാധ്യമങ്ങളില്‍ ഈ വീഡിയോ ദൃശ്യം പ്രചരിച്ചതോടെ ലോക ശ്രദ്ധയാകര്‍ഷിക്കാന്‍ ജൈസലിന് കഴിഞ്ഞു. ദേശാഭിമാനിയിലൂടെയാണ് ഈ മാതൃകാ രക്ഷാപ്രവര്‍ത്തനം നടത്തിയത് താനൂര്‍ സ്വദേശി ജൈസല്‍ ആണെന്നുള്ള വിവരം ലോകമറിയുന്നത്. ഇതോടെ അഭിനന്ദന പ്രവാഹമായി. ഒട്ടേറെ പേരാണ് ജൈസലിന് സഹായവുമായി രംഗത്തുവന്നത്.
from Kerala || Deshabhimani Online News http://bit.ly/2DPhWIq
via IFTTT
No comments:
Post a Comment