തെരഞ്ഞെടുപ്പ‌് ഫണ്ട‌് തട്ടിയെടുത്തത‌് മുതൽ പാലംവലി വരെയുള്ള ആരോപണങ്ങൾ ചൂഴ‌്ന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് അവലോകനത്തിനായി കെപിസിസി യോഗം ചൊവ്വാഴ‌്ച. വിവാദവിഷയങ്ങൾ അജൻഡയിലുണ്ടായില്ലെങ്കിലും മുള്ളും മുനയും കുത്തുവാക്കുകളും ആരോപണങ്ങളും ഉയരും.
ഫണ്ട‌് അടിച്ചുമാറ്റൽ സംബന്ധിച്ച‌് കാസർകോട്ടെ സ്ഥാനാർഥി രാജ‌്മോഹൻ ഉണ്ണിത്താന്റെ പരാതിയാണ‌് ഏറ്റവും ഒടുവിൽ ഉയർന്നത‌്. തനിക്ക‌് ഫണ്ട‌് നൽകിയില്ലെന്ന‌് പാലക്കാട്ടെ സ്ഥാനാർഥി വി കെ ശ്രീകണ‌്ഠൻ വോട്ടെടുപ്പിന‌് മുമ്പുതന്നെ ആരോപണം ഉന്നയിച്ചതാണ‌്.
തനിക്കെതിരെ ചിലർ ഗൂഢാലോചന നടത്തിയെന്നും ഫലപ്രഖ്യാപനത്തിന‌് ശേഷം ഇത‌് വെളിപ്പെടുത്തുമെന്നുമുള്ള ശ്രീകണ‌്ഠന്റെ പ്രസ‌്താവനയും നിലവിലുണ്ട‌്.
ആറ്റിങ്ങലിലെ കോൺഗ്രസ‌് സ്ഥാനാർഥി അടൂർ പ്രകാശ‌് മണ്ഡലത്തിലെ രണ്ട‌് മുൻ എംഎൽഎമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കെപിസിസിക്ക‌് പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ‌് കൺവൻഷൻ ബഹിഷ‌്കരിച്ചിറങ്ങിപ്പോയ വർക്കല കഹാറിനെതിരെ അടൂർ പ്രകാശ‌് പ്രചാരണത്തിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ ഉമ്മൻചാണ്ടിയോട‌് പരാതിപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ‌് പ്രവർത്തനം സംബന്ധിച്ച‌് എഐസിസിക്ക‌് നൽകിയ റിപ്പോർട്ടിൽ ആറ്റിങ്ങലിലെ ‘പാലംവലി’ ആരോപണവും ഉൾപ്പെടുത്തിയതായാണ‌് സൂചന.
അഞ്ച‌് ലക്ഷം രൂപ അടിച്ചുമാറ്റിയെന്ന രാജ‌്മോഹൻ ഉണ്ണിത്താന്റെ പരാതി സ്വന്തം വിശ്വസ്തനെതിരെയാണ‌്. ഉണ്ണിത്താനും ഇയാളും തമ്മിലുള്ള ‘ഇടപാട‌്’ കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രന‌് അറിവുള്ളതാണ‌്.
കോഴിക്കോട‌് സ്ഥാനാർഥി എം കെ രാഘവനെതിരെ ഉയർന്ന അഞ്ച‌് കോടിയുടെ കോഴപ്രശ‌്നവും കെപിസിസി ഭാരവാഹികളിൽ ചിലർക്കെതിരായ രാഘവന്റെ പരാതിയും കൂട്ടത്തിലുണ്ട‌്. തന്നെ പ്രതിരോധിക്കാൻ കോൺഗ്രസ‌് നേതൃത്വം വേണ്ടവിധം രംഗത്തുവന്നില്ലെന്ന വേദന രാഘവൻ യോഗത്തിൽ പങ്കുവയ്ക്കും. തിരുവനന്തപുരത്ത‌് പ്രവർത്തനം മന്ദഗതിയിലാണെന്ന‌് സ്ഥാനാർഥി ശശി തരൂർ എഐസിസിക്ക‌് നേരിട്ട‌് പരാതി നൽകിയിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിലെ പോരായ്മ സംബന്ധിച്ചും എഐസിസിയുടെ പക്കൽ റിപ്പോർട്ടുണ്ട‌്. തെരഞ്ഞെടുപ്പ‌് ഫലത്തെ ആശ്രയിച്ചായിരിക്കും ഇതിലെല്ലാം അനന്തരനടപടി.
വോട്ടർപട്ടികയിൽനിന്ന‌് ലക്ഷക്കണക്കിന‌് യുഡിഎഫുകാരെ വെട്ടിമാറ്റിയെന്ന‌് തെരഞ്ഞെടുപ്പിന‌് ശേഷം പരാതി ഉന്നയിച്ചതിലെ യുക്തിരാഹിത്യവും കെപിസിസി യോഗത്തിൽ ചർച്ചയാകും. തെരഞ്ഞെടുപ്പ‌് പ്രവർത്തനത്തിനുള്ള കെപിസിസിയുടെ ഫണ്ട‌് വിഹിതം സംബന്ധിച്ച‌് വലിയ വിമർശനമാണ‌് സ്ഥാനാർഥികൾക്കുള്ളത‌്. ഒരു ലോക‌്സഭാ മണ്ഡലത്തിൽ 35 ലക്ഷം രൂപ രണ്ട‌് ഘട്ടമായി നൽകിയെന്നാണ‌് കെപിസിസി നേതൃത്വം അവകാശപ്പെടുന്നത‌്. ഈ ഇനത്തിൽമാത്രം ഏഴു കോടി രൂപ കെപിസിസിക്ക‌് ചെലവായതായാണ‌് കണക്ക‌്. ബൂത്തുകളിൽനിന്ന‌് പിരിച്ചെടുത്ത തുകയുടെ കണക്ക‌് ഇതുവരെ ഭാരവാഹികളെപോലും അറിയിച്ചിട്ടില്ല. എഐസിസിയിൽനിന്ന‌് ലഭിച്ച ഫണ്ട‌് വിഹിതവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, ലോക‌്സഭാ സ്ഥാനാർഥികൾ എന്നിവരുടെ സംയുക്തയോഗം രാവിലെ പത്തിനും രാഷ‌്ട്രീയകാര്യ സമിതി വൈകിട്ട‌് മൂന്നിനുമാണ‌് നിശ്ചയിച്ചിട്ടുള്ളത‌്. 23ന‌് ശേഷം കെപിസിസി പുനഃസംഘടന നടത്താൻ തീരുമാനമുണ്ട‌്. ഇത‌് സംബന്ധിച്ച‌് രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യും.
from Kerala || Deshabhimani Online News http://bit.ly/2W17A2u
via IFTTT
No comments:
Post a Comment