സ്വന്തം ലേഖകൻ
ദീർഘദൂര യാത്രക്കാരുടെ സൗകര്യാർഥം കെഎസ്ആർടിസി തിരുവനന്തപുരം–-തൃശൂർ റൂട്ടിൽ തിങ്കളാഴ‌്ച മുതൽ സൂപ്പർഫാസ്റ്റ് ചെയിൻ സർവീസുകൾ ആരംഭിക്കും. പൊതുഗതാഗത സംവിധാനത്തിൽ ആദ്യമായാണ‌് ദീർഘദൂര ചെയിൻ സർവീസ‌് ആരംഭിക്കുന്നത‌്. ഞായറാഴ‌്ച അർധരാത്രി മുതൽ 15 മിനിറ്റ‌് ഇടവിട്ട‌് ബസുണ്ടാകും.
തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട് തൃശൂർ വഴി കടന്നുപോകുന്ന സൂപ്പർഫാസ്റ്റ് സർവീസുകളെ കൃത്യമായ ഇടവേളകളിൽ ദേശീയപാത വഴിയും എംസി റോഡ് വഴിയും ക്രമീകരിക്കും. കൂടുതൽ മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കും വിധമാണ‌് സമയ പുനഃക്രമീകരണം. ഇരുദിശയിലേക്കും ഓരോ 15 മിനിറ്റിലും 24 മണിക്കൂറും ലഭ്യമാകുന്ന വിധത്തിൽ സൂപ്പർഫാസ്റ്റ് സർവീസുകൾ ഉണ്ടാകും. ജനപ്രിയ സർവീസുകളുടെ സമയക്രമം പരമാവധി സംരക്ഷിച്ചാണ‌് ക്രമീകരണം. കൂടുതൽ ദീർഘദൂര യാത്രക്കാരുള്ള റൂട്ടിൽ കൃത്യമായ ഇടവേളകളിൽ സർവീസുകൾ ലഭ്യമാക്കുന്നത് രാത്രികാല യാത്രക്കാർക്ക് സഹായകമാകുമെന്ന‌് പ്രതീക്ഷിക്കുന്നതായി മാനേജിങ് ഡയറക്ടർ എം പി ദിനേശ് പറഞ്ഞു. ഒരേസമയം തന്നെ മൂന്നുനാല് ബസുകൾ ഒരുമിച്ചു കടന്നുപോകുന്നതും തുടർന്ന് മണിക്കൂറുകളോളം സർവീസുകൾ ലഭ്യമല്ലാതിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പുനഃക്രമീകരണം.
സർവീസുകൾ കൃത്യമായി നടത്തുന്നതിനായി തിരുവനന്തപുരം, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശൂർ എന്നീ പ്രധാനപ്പെട്ട ഡിപ്പോകളിൽ 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയോഗിച്ചു. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ http://bit.ly/2Wnqsp9 ൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തി.
7025041205, 8129562972 നമ്പരുകളിലും 8129562972 എന്ന വാട്സാപ് നമ്പരിലും ബന്ധപ്പെടാം. മുഴുവൻ സമയ കൺട്രോൾ റൂം നമ്പരുകളായ 0471-2463799, 9447071021 നിന്നും വിവരങ്ങൾ ലഭിക്കും.
from Kerala || Deshabhimani Online News http://bit.ly/2V5xrBM
via IFTTT
No comments:
Post a Comment