കാസർകോട്
അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരം, പഠനസൗകര്യം വർധിപ്പിച്ചതിനൊപ്പം അഭിമാന നേട്ടം കൊയ്‌ത് പൊതുവിദ്യാലയങ്ങൾ. എസ്എസ്എൽസി ഫലം വന്നപ്പോൾ 55 സർക്കാർ സ്‌കൂളും 14 എയ്‌ഡഡ് സ്‌കൂളും നൂറുമേനി തിളക്കം കൈവരിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മികച്ച പരിശീലനം നൽകി ഉന്നത നിലവാരത്തിലേക്ക് ഉയർത്താൻ അധ്യാപകരും പിടിഎകളും പ്രത്യേക ശ്രദ്ധചെലുത്തിയതാണ് ഇത്തവണ വിജയശതമാനം വർധിക്കാനിടയാക്കിയത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണവും മുൻ വർഷങ്ങളിലേക്കാൾ കുത്തനെ ഉയർന്നു. 1461 കുട്ടികളാണ‌് ഇത്തവണ മുഴുവൻ വിഷയത്തിനും എ പ്ലസ‌് നേടിയത‌്. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 22 പൊതുവിദ്യാലയങ്ങൾ മികവിന്റെ നൂറുമേനി കൊയ്‌തപ്പോൾ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 47 സ്‌കൂളുകളാണ് ഈ നേട്ടം കൈവരിച്ചത്. സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ നയം പൂർണ അർഥത്തിൽ നടപ്പാക്കാനായതിന്റെ വിജയമാണ് ഇത്തവണത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം.
ചായ്യോത്ത്, ഉദിനൂർ, കുട്ടമത്ത്, കുണ്ടംകുഴി, പെരിയ, പിലിക്കോട്, വെള്ളിക്കോത്ത്, തൃക്കരിപ്പൂർ, കക്കാട്ട്, ഇരിയണ്ണി, സൗത്ത് തൃക്കരിപ്പൂർ, കോടോത്ത്, പടന്നക്കടപ്പുറം, പാക്കം, അംഗടിമുഗർ, കയ്യൂർ, ചീമേനി, മടിക്കൈ സെക്കൻഡ്, രാവണീശ്വരം, ആലമ്പാടി, കാഞ്ഞങ്ങാട് ഫിഷറീസ്, രാംനഗർ, ബാര, കാലിച്ചാനടുക്കം, ബങ്കര മഞ്ചേശ്വരം, അമ്പലത്തറ, പൈവളിഗെ നഗർ, കൊളത്തൂർ, കൂളിയാട്, ഹൊസ്‌ദുർഗ്, മടിക്കൈ, കമ്പല്ലൂർ, ബേക്കൽ ഫിഷറീസ്, എടനീർ, ബല്ല ഈസ്‌റ്റ്, ഉദ്യാവർ, ഷിറിയ, കല്യോട്ട്, മുന്നാട്, അട്ടേങ്ങാനം, കാഞ്ഞിരപ്പൊയിൽ, ഉപ്പിലിക്കൈ, ചാമുണ്ഡിക്കുന്ന്, കോട്ടപ്പുറം, പാണ്ടി, കാഞ്ഞങ്ങാട് ഗേൾസ്, തയ്യേനി, നടക്കാവ് എംആർഎസ്, കാസർകോട് എംആർഎസ്, പുല്ലൂർ ഇരിയ, പദ്രെ, മൂഡംബയൽ, സൂരംബയൽ, പെരുന്പട്ട, ബാനം എന്നീ സർക്കാർ സ്‌കൂളുകൾ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച് നാടിന്റെ അഭിമാനമായി.
വെള്ളച്ചാലിലും പരവനടുക്കത്തുമായുള്ള നടക്കാവ‌്, കാസർകോട‌് മോഡൽ റസിഡൻഷ്യൽ സ‌്കൂളുകൾ ഇത്തവണയും നൂറുമേനി തിളക്കം കൈവരിച്ചു. പട്ടികവർഗ–- ജാതി ഹോസ‌്റ്റലുകളിൽ താമസിച്ച‌് പഠിക്കുന്ന കുട്ടികളും ഉന്നത വിജയമാണ‌് സ്വന്തമാക്കിയത‌്.
അൺഎയ്‌ഡഡ് സ്‌കൂളുകളിൽ കനത്ത ഫീസ് നൽകി പഠനം നടത്തുമ്പോൾ പുസ്‌തകവും ബാഗും യൂണിഫോമും പ്രഭാത‐ ഉച്ചഭക്ഷണവും സൗജന്യമായി നൽകിയാണ് സർക്കാർ വിദ്യാലയങ്ങൾ കുട്ടികളുടെ കരുതൽ ഏറ്റെടുത്തത്.
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം വിദ്യാഭ്യാസ വകുപ്പിൽ നടത്തിയ അടിമുടി മാറ്റം പഠനരംഗത്ത് ആകർഷകമായ കുതിപ്പാണുണ്ടാക്കിയത്. കംപ്യൂട്ടർ ഉൾപ്പെടെ സ്ഥാപിച്ച് എല്ലാ ക്ലാസ് മുറികളും സ്‌മാർട്ടാക്കി മാറ്റി. കുട്ടികളും രക്ഷിതാക്കളും സ്വപ്‌നംപോലും കാണാത്തവിധമുള്ള നിലവാരത്തിലേക്കാണ് ഓരോ പൊതുവിദ്യാലയവും മാറിക്കൊണ്ടിരിക്കുന്നത്. അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം തുടങ്ങി നാളുകൾക്കുള്ളിൽതന്നെ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്കാണ്. പല സർക്കാർ സ്‌കൂളിലും കണക്കുപ്രകാരമുള്ള കുട്ടികളായതിനാൽ പ്രവേശനം നിർത്തിവയ്‌ക്കേണ്ട സ്ഥിതിയുണ്ട്. എയ്‌ഡഡ് സ്‌കൂളുകളുടെ സ്ഥിതിയും മറിച്ചല്ല. നാലുവർഷം മുമ്പുവരെ കുട്ടികളില്ലാത്തതിനാൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട സ്‌കൂളുകളും ഇന്ന് നിലവാരമുയർത്തി മുന്നേറുകയാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ് തസ്‌തിക നഷ്ടപ്പെടുന്ന സാഹചര്യത്തിൽനിന്നുള്ള മാറ്റം എൽഡിഎഫ് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ നയത്തിനുള്ള അംഗീകാരമായി. ഇപ്പോഴാകട്ടെ കുട്ടികളുടെ എണ്ണം വർധിച്ച് മിക്ക പൊതുവിദ്യാലയത്തിലും കൂടുതൽ ക്ലാസ് മുറികളും പുതിയ തസ്‌തികകളും വേണ്ടിവരുന്ന അവസ്ഥയാണുള്ളത്.
ഇത്തവണ സ്‌കൂൾ അടച്ചപ്പോൾതന്നെ എല്ലാ പൊതുവിദ്യാലയത്തിലും അടുത്ത അധ്യയന വർഷത്തേക്കുള്ള പുസ്‌തകങ്ങളെത്തി. മിക്കയിടത്തും ഒന്നാംക്ലാസ് പ്രവേശനത്തിനെത്തിയ കുട്ടികൾ പുത്തൻ മണം മാറാത്ത പുസ്‌തകങ്ങളുമായാണ് വീട്ടിലേക്ക് മടങ്ങിയത്. കൈത്തറി യൂണിഫോമാണ് വിദ്യാർഥികൾക്ക് ഇത്തവണ നൽകുന്നത്. ഇതിനാവശ്യമായ തുണി എല്ലാ സ്‌കൂളിലും സർക്കാർ എത്തിച്ചു.
മികവിന്റെ കേന്ദ്രങ്ങളായി പൊതുവിദ്യാലയങ്ങൾ മാറിയതോടെ കഴുത്തറപ്പൻ ഫീസ് വാങ്ങി പ്രവർത്തിക്കുന്ന അൺഎയ്‌ഡഡ് സ്‌കൂളുകളുടെ നിലനിൽപ്പുതന്നെ ഭീഷണിയിലായിരിക്കുകയാണ്. ജൂൺ മൂന്നിന് സ്‌കൂൾ തുറക്കുമ്പോൾ ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രവേശനം പൊതുവിദ്യാലയങ്ങളിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ.
from Kerala || Deshabhimani Online News http://bit.ly/2VOjmNI
via IFTTT
No comments:
Post a Comment