തിരുവനന്തപുരം> സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. പുരുഷന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീക്കും ലഭിക്കണം. അതിനായി നിലകൊള്ളുന്നത് ധാർഷ്ട്യമാണെങ്കിൽ അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ശബരിമല വിഷയത്തിൽ വർഗീയ ശക്തികൾ ഇളകിയാടി വന്നു. അവർക്കു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നവരെയാണ് അവർക്ക് ആവശ്യം. എന്നാൽ തന്നിൽ അർപ്പിതമായ കർത്തവ്യം അനുസരിച്ച് പ്രതിരോധത്തിന് മുന്നിൽ നിന്നു. അതു ധാർഷ്ട്യമാണെങ്കിൽ അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ കോടതിവിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ദര്‍ശനത്തിന് എത്തിയവര്‍ക്ക് സംരക്ഷണം നല്‍കി. നിയമവാഴ്ച നിലനില്‍ക്കുന്നിടത്ത് ഈ നിലപാടേ സ്വീകരിക്കാനാകൂ. വിധിയുടെ അടിസ്ഥാനത്തില്‍ ദര്‍ശനത്തിന് വരുന്നവരേ സര്‍ക്കാരിന് തടയാനാകുമോ? അങ്ങനെ തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമാകില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ദര്‍ശനത്തിന് വന്ന സ്ത്രീകള്‍ക്ക് അക്രമികളില്‍നിന്ന് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.
തെരഞ്ഞെടുപ്പിൽ കാണാൻ കഴിഞ്ഞത് ചില വലതുപക്ഷ മാധ്യമങ്ങൾ വാശിയോടെ കാര്യങ്ങൾ ചെയ്യുന്നതാണ‌്. അത് യുഡിഎഫിനെ ജയിക്കാൻ സഹായിച്ചു. ചെറുപ്ലശ്ശേരി പീഡനക്കേസ് വാർത്ത അതുപോലെ വന്നതാണ്. പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് കോടതി വിധിപോലെയാണ് മാധ്യമങ്ങൾ ചിത്രീകരിച്ചത്. ഓച്ചിറ നാടോടി പെൺകുട്ടി കാണാതായ സംഭവത്തിൽ സർക്കാരിനെതിരെ ചർച്ച കൊണ്ടുവന്നു. പക്ഷെ പിന്നീട് ആ പെൺകുട്ടി കമിതാവിന്റെ കൂടെ പോയതാണെന്ന് കണ്ടെത്തി. ഇടതുപക്ഷ ജനാതിപത്യ മുന്നണി ഒരു ഭാഗത്തും മറ്റുള്ളവർ മറുഭാഗത്തും നിർത്തിയാണ് മാധ്യമങ്ങൾ പ്രചാരണം നടത്തിയത്.
എൽഡിഎഫ് ആദ്യമായിട്ടല്ല തോൽവി ഏറ്റുവാങ്ങുന്നത്. ഒറ്റ സീറ്റും ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടാതെ പിന്നീട് 18 സീറ്റിൽ തിരിച്ചുവന്ന ചരിത്രമുണ്ട്. ഒരു പരാജയംകൊണ്ട് തീർന്നു പോകുന്നതല്ല എൽഡിഎഫ്. വോട്ട് ചെയ്യാത്തവരോട് ഒരു അകൽച്ചയും സർക്കാരിനില്ല. തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ഒരു വികാരവയും ജനങ്ങൾക്കില്ല. നവകേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അതിനു ജനങ്ങൾ കൂടെ ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2VYJFMS
via IFTTT
No comments:
Post a Comment