തിരുവനന്തപുരം > സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നതിന് ഈ വർഷം 342 കോടി രൂപയുടെ പദ്ധതിക്ക‌് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ അംഗീകാരം. ഇതിൽ 219 കോടി രൂപ കേന്ദ്ര വിഹിതമാണ്. സംസ്ഥാനം ആവശ്യപ്പെട്ട മുഴുവൻ തുകയും അനുവദിച്ചു.കഴിഞ്ഞവർഷത്തെക്കാൾ 20 കോടി കൂടുതലാണ് ഇത്തവണ. സംസ്ഥാന സർക്കാരിനുവേണ്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനാണ് 342 കോടിയുടെ പദ്ധതി കേന്ദ്രത്തിനു സമർപ്പിച്ചത്. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽവരുന്ന എല്ലാ സ്കൂളുകൾക്കും പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിന് 5000 രൂപ വീതം അനുവദിച്ചു. 1285 സ്കൂളുകളിൽ പാചകപ്പുരകൾ നവീകരിക്കുന്നതിനു സ്കൂൾ ഒന്നിനു 10,000 രൂപ വീതം അനുവദിച്ചു. 3031 സ്കൂളുകളിൽ ഈ വർഷം പാചകപ്പുര നിർമാണം പൂർത്തിയാക്കും.
കേരളത്തിന്റെ ഇടപെടലിന‌് പ്രശംസ
കേരളത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ടെന്നു യോഗം വിലയിരുത്തി. കഴിഞ്ഞ അധ്യയന വർഷം അനുവദിച്ച കേന്ദ്ര വിഹിതം കൃത്യമായി ചെലവഴിക്കുകയും ധനവിനിയോഗ രേഖകൾ കൃത്യമായി കേന്ദ്രത്തിനു സമർപ്പിക്കുകയും ചെയ്തിരുന്നു. കൃഷിവകുപ്പുമായി ചേർന്നു സ്കൂളുകളിൽ നടപ്പാക്കുന്ന അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി, സ്കൂൾ കുട്ടികൾക്കു മുട്ടയും പാലും നൽകുന്നത്, ഭക്ഷണ സാമ്പിളുകളുടെ പരിശോധന, ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലൂടെ പാചകത്തൊഴിലാളികൾക്കു നൽകുന്ന പരിശീലനം എന്നിവയെ യോഗം പ്രശംസിച്ചു. പാചകച്ചെലവ്, പാചകത്തൊഴിലാളികളുടെ പ്രതിഫലം എന്നീ ഇനങ്ങളിൽ കേന്ദ്ര നിർദേശത്തെക്കാൾ കൂടുതൽ തുക അനുവദിക്കുന്ന സംസ്ഥാനത്തിന്റെ നടപടിയും അഭിനന്ദിക്കപ്പെട്ടു .എന്നാൽ, പാചകത്തൊഴിലാളികളുടെ പ്രതിഫലം കാലാനുസൃതമായി പരിഷ‌്ക്കരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ല. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജെസി ജോസഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2QdRzB2
via IFTTT
No comments:
Post a Comment