തൃശൂർ
നഗരത്തിൽനിന്നും മൂന്നുകോടിയുടെ മയക്കുമരുന്നുമായി രണ്ടുപേരെ തൃശൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി. ഓൺലൈനിലൂടെ മയക്കുമരുന്ന് വരുത്തി സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ വിൽപ്പന നടത്തുന്നവരാണ് പിടിയിലായത്. തൃശൂർ കിഴക്കേകോട്ട സ്വദേശി മാജിക് മിഥിൻ എന്ന മിഥിൻ (25), കണ്ണൂർ ഓളയാർ സ്വദേശി ചിഞ്ചു മാത്യു (26) എന്നിവരെയാണ് പിടികൂടികൂടിയത്. രണ്ടു ദിവസമായി നടന്ന നാടകീയ നീക്കങ്ങളിലൂടെയാണ് ജില്ലയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന ഇവരെ 2.250കിലോ ഹാഷിഷ് ഓയിൽ, മാരക മയക്കുമരുന്നുകളായ എംഡിഎംഎ (1.5ഗ്രാം ), അംഫെറ്റമിൻ (2.60ഗ്രാം ) എന്നിവ സഹിതം എക്സൈസ് ഇൻസ്പെക്ടർ എം എഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മിഥിനെ തൃശൂർ ആമ്പക്കാടൻ മൂലയിൽനിന്ന‌് 23നു രാവിലെ മുക്കാൽ കിലോയോളം ഹാഷിഷ് ഓയിൽ, എംഡിഎംഎ, ആംഫിറ്റമിൻ, എന്നിവയുമായി പിടികൂടി. മിഥിന്റെ അലങ്കാരമത്സ്യവില്പന കേന്ദ്രത്തിന്റെ മേൽവിലാസം ഉപയോഗിച്ച് ഓൺലൈനിലൂടെ വിവിധ മയക്കുമരുന്നുകൾ പാർസൽ വരുത്തിയായിരുന്നു വിൽപ്പന. രഹസ്യവിവരമനുസരിച്ച് പ്രതിയെ നിരീക്ഷിച്ചായിരുന്നു അറസ‌്റ്റ‌്. പകൽ മുഴുവൻ അലങ്കാര മത്സ്യവിപണന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഇയാൾ പെട്ടെന്ന് ഓർഡർ അനുസരിച്ച‌് ആൾക്കാരെ വിളിച്ചുവരുത്തി മയക്കു മരുന്ന് വിൽപ്പന നടത്തും. നിമിഷങ്ങൾക്കകം തിരികെയെത്തി മത്സ്യവിപണനം തുടരും. അതിനാൽ ആരും സംശയിച്ചിരുന്നില്ല. അലങ്കാരമത്സ്യം വാങ്ങാനെന്ന വ്യാജേന എക്സൈസ് സംഘാംഗം ഇയാളെ സമീപിച്ച് സൗഹൃദത്തിലായി. തുടർന്ന് തന്ത്രപരമായി മയക്കുമരുന്ന് ആവശ്യപ്പെട്ട‌് കുടുക്കുകയായിരുന്നു. ഒരു ഗ്രാം ഹാഷിഷ് ഓയിൽ 1250 രൂപക്കാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ഒരു കോടി രൂപയുടെ മയക്കു മരുന്നാണ് പ്രതിയിൽനിന്നും പിടിച്ചെടുത്തത്.
മിഥിന്റെ ഫോണിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ സ്വദേശി ചിഞ്ചുമാത്യു തൃശൂരിലെ ചെറുപ്പക്കാർക്ക് ഹാഷിഷ് ഓയിൽ എത്തിക്കാറുണ്ടെന്നറിഞ്ഞു. എല്ലാ വെള്ളിയാഴ്ചയും ഇയാൾ തൃശൂരിൽ വരുമെന്നും വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. തൃശൂർ റെയിൽവേ സ്റ്റേഷനു പിറകിൽ നിന്നും 8.7ഗ്രാം വീതമുള്ള 226 പ്ലാസ്റ്റിക് ഡപ്പി ഹാഷിഷ് ഓയിലുമായാണ് ചിഞ്ചു മാത്യുവിനെ പിടികൂടിയത്. അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നവർക്കാണ് ഇയാൾ മയക്കുമരുന്നു നൽകുക. ഒന്നരക്കോടി രൂപ വിലവരുന്ന 1.500കിലോ ഹാഷിഷാണ് ഇയാളിൽനിന്നും പിടികൂടിയത്. തൃശൂർ എക്സൈസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യൻ, പ്രിവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ, വിപിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, ടി ആർ സുനിൽ, മനോജ് കുമാർ, ജയ്സൺ, ദേവദാസ്, ബിജു, രാജു, സനീഷ്, ഷനുജ്, സുധീർ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2EwoA6R
via IFTTT
No comments:
Post a Comment