തിരുവനന്തപുരം
തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണവുമായി രണ്ട‌് പേരെ ഡിആർഐ (ഡയറക്ടറേറ്റ‌് ഓഫ‌് റവന്യു ഇന്റലിജൻസ‌്) പിടികൂടി. തിരുവനന്തപുരം തിരുമല വിശ്വപ്രകാശം സ‌്കൂളിന‌് സമീപം സുനിൽകുമാർ (45), സുഹൃത്ത‌് കഴക്കൂട്ടം സ്വദേശിനി സെറീന (42) എന്നിവരാണ‌് പിടിയിലായത‌്. ഇവരെ ചൊവ്വാഴ‌്ച കോടതിയിൽ ഹാജരാക്കും. എട്ട‌് കോടിരൂപ വിലമതിക്കുന്നതാണ‌് പിടിച്ചെടുത്ത സ്വർണം. സംസ്ഥാനത്ത‌് ഡിആർഐയുടെ ഏറ്റവും വലിയ സ്വർണവേട്ടയാണിത‌്. 2014ൽ കൊച്ചിയിൽ 20 കിലോ സ്വർണം പിടിച്ചതാണ‌് ഇതിനുമുമ്പ‌് നടത്തിയ വലിയ സ്വർണവേട്ട.
ഒമാൻ എയർവേയ‌്സിൽ രാവിലെ 7.45നാണ‌് ഇരുവരും എത്തിയത‌്. കസ‌്റ്റംസ‌് ഹാളിൽ ഡിആർഐ ഉദ്യോഗസ്ഥർ കസ‌്റ്റഡിയിലെടുക്കുകയായിരുന്നു. ഒരുകിലോ തൂക്കമുള്ള സ്വർണബാറുകൾ ഹാൻഡ‌്ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കറുത്ത കടലാസ‌് ഉപയോഗിച്ച‌് ഇവ പൊതിഞ്ഞിരുന്നു. രണ്ട‌് ദിവസം മുമ്പാണ‌് സുനിൽകുമാറും സെറീനയും ദുബായിലേക്ക‌് പോയത‌്. ഇവിടെനിന്നാണ‌് സ്വർണം ലഭിച്ചത‌്. തുടർന്ന‌് ഒമാനിലേക്ക‌് പോയി. ഒമാനിൽനിന്നാണ‌് തിരുവനന്തപുരത്ത‌് എത്തിയത‌്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിആർഐ ഇവരെ കസ‌്റ്റഡിയിൽ എടുത്തത‌്. ചോദ്യംചെയ്യലിൽ ദുബായ‌് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത‌് മാഫിയയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായാണ‌് സൂചന. ഇവർ തിരുവനന്തപുരം കേന്ദ്രീകരിച്ച‌് മുമ്പും സ്വർണം കടത്തിയിട്ടുള്ളതായി സമ്മതിച്ചു. സെറീനയ‌്ക്ക‌് ഗൾഫിൽ ബ്യൂട്ടിപാർലറുണ്ട‌്. സുനിൽകുമാർ കെഎസ്‌ആർടിസിയിൽ കണ്ടക്ടറാണ്.
വിമാനത്താവളത്തിൽ ഇവരുമായി ബന്ധമുള്ള ആരെങ്കിലും ഉണ്ടായിരുന്നോ എന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ‌്. വിമാനത്താവള ജീവനക്കാർക്ക‌് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട‌്. അടുത്തിടെ ഒമ്പത‌് കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവള ജീവനക്കാരനായ സുരേഷ‌്കുമാറിൽനിന്ന‌് പിടിച്ചെടുത്തിരുന്നു. ഇയാൾ റിമാൻഡിലാണ‌്.
from Kerala || Deshabhimani Online News http://bit.ly/2JDJ8xG
via IFTTT
No comments:
Post a Comment