മറയൂർ> മൂന്നാർ വന്യജീവി ഡിവിഷന്റെ കീഴിലുള്ള ഇരവികുളം, പാമ്പാടുംചോല, മതികെട്ടാൻചോല എന്നീ ദേശീയോധ്യാനങ്ങളിലും ചിന്നാർ വന്യജീവി സങ്കേതത്തിലുമായി ഏപ്രിൽ മാസം നടത്തിയ വവ്വാൽ കണക്കെടുപ്പിൽ ഇരുപത് ഇനം വവ്വാലുകളെ കണ്ടെത്തി. ഇതിൽ ഏഴ് ഇനം വവ്വാലുകൾ കേരളത്തിൽനിന്ന് ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കണ്ടെത്തിയ ഇരുപതിനങ്ങളിൽ പതിനേഴെണ്ണം കീടങ്ങളെ ഭക്ഷിക്കുന്നതും മൂന്നെണ്ണം പഴം തീനികളുമാണ്. ക്യാന്റേർസ‌് ലീഫ‌് നോസ‌്ഡ‌്(Cantor’s Leaf-nosed ), ആൻഡേർസൻസ‌് ലീഫ‌് നോസ‌്ഡ‌്(Anderson’s Leaf-nosed ), പൈതൊൺസ‌് വിസ‌്ക്കേഡ‌് മയോടിസ‌്(Peyton’s Whiskered Myotis), ലെസ്സർ ഹെയറി വിങ്സ‌്( Lesser Hairy-winged Bat) എന്നീ അപൂർവ വവ്വാലുകളെ കണ്ടെത്തി.
പഠനത്തിന‌് നേതൃത്വം നൽകിയത് പശ്ചിമഘട്ടത്തിലെ വവ്വാലുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ശ്രീഹരി രാമനാണ്. മൂന്നാർ വൈൽഡ‌് ലൈഫ‌് അസിസ്റ്റന്റ് സലീഷ് മേനാച്ചേരി, ബയോളജിസ്റ്റ് രാജൻ പിലാകണ്ടി, രാജീവ് ബാലകൃഷ്ണൻ, ശ്വേത, ബവദാസ് എന്നിവർ സർവെയിൽ പങ്കെടുത്തു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച‌് വവ്വാലുകളുടെ ശബ്ദം റെക്കോർഡ‌് ചെയ്തതിനുശേഷം അതിസൂക്ഷ്മ വിശകലനം ചെയ്താണ് ഓരോ ഇനങ്ങളെയും തിരിച്ചറിഞ്ഞത്.
മൂന്നാർ വൈൽഡ‌് ലൈഫ‌് ഡിവിഷന്റെ കീഴിൽ ഇത് ആദ്യമായാണ് ഒരു വവ്വാൽ സർവേ നടത്തുന്നത്. കാലാവസ്ഥ വ്യതിയാനം വവ്വാലുകളെ എങ്ങനെ ബാധിക്കും എന്നത് മനസ്സിലാക്കാനായി ദീർഘകാല പഠനം നടത്താനും പദ്ധതിയുണ്ടെന്ന‌് മൂന്നാർ വൈൽഡ‌് ലൈഫ‌് വാർഡൻ ആർ ലക്ഷ‌്മി, അസിസ്റ്റന്റ‌് വാർഡമാരായ എം കെ സമീർ, എസ‌് സന്ദീപ്, പി എം പ്രഭു എന്നിവർ അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2JbYsSy
via IFTTT
No comments:
Post a Comment