രാജ്യമാകെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കവെ കോൺഗ്രസ‌് രാജ്യത്തിന‌് നൽകുന്ന സന്ദേശമെന്താണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. റാന്നിയിൽ ചേർന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ കാലത്തും വർഗീയ ശക‌്തികളോട‌് മൃദുസമീപനമുള്ള നിലപാടാണ‌് കോൺഗ്രസിന്റേത‌്. ഈ നയമാണ‌് ബിജെപി നേതൃനിരയിൽ ഒരുപറ്റം കോൺഗ്രസ‌് നേതാക്കൾ എത്താൻ കാരണമായത‌്. കോൺഗ്രസ‌് മുഖ്യമന്ത്രിമാരും എഐസിസി അംഗങ്ങളുമടക്കം ബിജെപിയിലേക്ക‌് കൂടുമാറുകയാണ‌്. ഗോവ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു കൂടുതൽ എംഎൽഎമാർ. എന്നാൽ സർക്കാർ രൂപീകരിച്ചതാകട്ടെ ബിജെപിയും. ത്രിപുരയിൽ പ്രതിപക്ഷ നേതാവും എംഎൽഎമാരും സംസ്ഥാന നേതാക്കളുമടക്കം ഒന്നടങ്കം ബിജെപിയായി. കോൺഗ്രസിൽ ആര‌് എപ്പോ മാറും എന്ന‌് പറയാനാവില്ല. ആട്ടിൻകുട്ടിയെ പ്ലാവിലകെട്ട‌് കാണിച്ച‌് കൊണ്ടുപോകും പോലെ വേറെ ചില കെട്ട‌് കാട്ടിയാണ‌് നേതാക്കളെ കൊണ്ടുപോകുന്നത‌്.
രാജ്യം ആര‌് ഭരിക്കണമെന്ന‌് നിശ‌്ചയിക്കുന്നത‌് യുപി ആണെന്നാണ‌് പറയുക. 80 പാർലമെന്റ‌് സീറ്റുള്ള യുപിയിൽ എസ‌്പിയും ബിഎസ‌്പിയും ചേർന്ന‌് മഹാശക‌്തിയായി മത്സരിക്കാൻ തീരുമാനിച്ചു. ബിജെപിയെ പുറത്താക്കുകയായിരുന്നു ലക്ഷ്യം. കോൺഗ്രസ‌് കഴിഞ്ഞ തവണ മത്സരിച്ച രണ്ട‌് സീറ്റിൽ തങ്ങൾ മത്സരിക്കുന്നില്ല എന്നും അവർ തീരുമാനിച്ചു. എന്നാൽ കോൺഗ്രസ‌് അവിടെയും സഖ്യത്തിലേർപ്പെട്ടില്ല. ഇത്തരമൊരു തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ശക‌്തമായ ഒരു കൂട്ടുകെട്ട‌് വന്നാൽ ആ കൂട്ട‌്കെട്ടിനെ ബലപ്പെടുത്തുന്ന നിലപാട‌് എടുക്കേണ്ടതിന‌് പകരം വോട്ട‌് ഛിന്നഭിന്നമാക്കാനാണ‌് കോൺഗ്രസ‌് ശ്രമം. ബീഹാറിലെയും സഖ്യകക്ഷി നീക്കത്തിനെതിരെയും കോൺഗ്രസാണ‌് നിലപാടെടുത്തത‌്.
രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത‌് ഇടതുപക്ഷത്തിനെതിരെയാണ‌്. ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ മത്സരിക്കുമ്പോൾ രാജ്യത്തിന‌് നൽകുന്ന സന്ദേശമെന്താണ‌്. എന്നിട്ട‌് ഇതുപക്ഷത്തിനെതിരെ താൻ ഒന്നും പറയുന്നില്ലെന്നാണ‌് അദ്ദേഹം പറഞ്ഞത‌്. എന്തിനെ കുറിച്ചാണ‌് രാഹുലിന‌് പറയാനാകുക. ഇടതുപക്ഷത്തേയും കോൺഗ്രസിനേയെും താരതമ്യപ്പെടുത്തി പറയാനുണ്ടോ.
കോൺഗ്രസാണ‌് ജനങ്ങളോടൊപ്പം എന്ന‌് ഉദാഹരണം കാട്ടി പറയാൻ രാഹുലിന്റെ കൈയിൽ ഒന്നുമില്ലല്ലോ. രാഹുലിന്റെ സ്ഥാനാർഥിത്വത്തിലൂടെ തകർക്കേണ്ട ഒന്നാണ‌് ഇടതുപക്ഷമെന്നാണ‌് സൂചിപ്പിക്കുന്നത‌്. ഇത‌് രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതിയ‌്ക്ക‌് നല്ലതാണോയെന്ന‌് കോൺഗ്രസ‌് വ്യക‌്തമാക്കണം –- പിണറായി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Ie03WQ
via IFTTT
No comments:
Post a Comment