മൂവാറ്റുപുഴ> വീടിനുള്ളിൽ പലഭാഗത്ത‌് സൂക്ഷിച്ച വസ്ത്രങ്ങൾക്ക് പലപ്പോഴായി തീപിടിച്ചത‌് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കി. റാക്കാട് കൈമറ്റത്തിൽ അമ്മിണിയമ്മയുടെ ഇരുനില കോൺക്രീറ്റ് വീട്ടിലാണ് അലമാരയിലും ബക്കറ്റിലുമൊക്കെയായി സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾക്ക‌് തീപിടിച്ചത‌്. ബുധനാഴ‌്ച രാത്രിയിൽ തുടങ്ങിയ തീപിടിത്തം വ്യാഴാഴ്ച ആറുതവണ ആവർത്തിച്ചു. സംഭവമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായില്ല.
സംഭവം നടക്കുമ്പോൾ വീട്ടിൽ ആളുകളുള്ളതിനാൽ തീയണയ്ക്കാൻ കഴിഞ്ഞു. ബുധനാഴ്ച്ച രാത്രി എട്ടിനാണ് ആദ്യം തീ കണ്ടത് വീടിന്റെ പിന്നിലെ മുറിയിൽ ബെയ്സണിൽ സൂക്ഷിച്ച തുണിയിലായിരുന്നു തീ. തുടർന്ന‌് തീ അലമാരയിലായി. വ്യാഴാഴ‌്ച രാവിലെ പലപ്പോഴായി മൂന്ന് മുറികളിൽ വസ്ത്രങ്ങൾക്ക് തീപിടിച്ചു.അലമാരയ്ക്ക് മുകളിലും കട്ടിലിലും കിടന്ന വസ്ത്രങ്ങളിലാണ് തീ കണ്ടത്. വിവരമറിയിച്ചതിനേ തുടർന്ന് മൂവാറ്റുപുഴ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. വീടിനുള്ളിലുള്ളവരെ പുറത്തിറക്കി പരിശോധിച്ചെങ്കിലും കാരണം കണ്ടെത്താനായില്ല. ഇതിനിടെ രണ്ടുതവണ വീണ്ടും തീപിടിച്ചു. അടച്ചുവച്ച പ്ലാസ്റ്റിക് ബക്കറ്റിലെ വസ‌്ത്രത്തിനാണ‌് തീപിടിച്ചത്. ഉരുകി നശിച്ച ബക്കറ്റിൽ മറ്റൊന്നും കണ്ടെത്താനായില്ല.
വിവരം പരന്നതോടെ നൂറുകണക്കിനാളുകൾ ഇവിടേക്കെത്തി. തീപിടിത്തം രാസപ്രവർത്തനമാകാമെന്ന് അഭിപ്രായമുയർന്നതോടൊപ്പം ആചാരാനുഷ്ഠാനത്തിന്റെ ഭാഗമാണെന്നും പ്രചാരണമുണ്ടായി. വിഷു പടക്കങ്ങളുടെ പൊടി വസ‌്ത്രങ്ങളിൽ വിണ‌് കത്തിയതാകാമെന്നും നിഗമനമുണ്ടായി. വാളകം വില്ലേജ് അധികൃതരും സ്ഥലത്തെത്തി പരിശോധിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാകാത്തതിനാൽ വീട്ടുകാരും ദുരൂഹത നിലനിൽക്കുന്നതിനാൽ ജനങ്ങളും ആശങ്കയിലാണ്. വിധവയായ അമ്മിണിയമ്മയും മകളും അവരുടെ രണ്ട് ആൺമക്കളുമാണ‌് വീട്ടിലുള്ളത‌്.
അമ്മിണിയമ്മയുടെ മകൻ മിട്ടേഷും കുടുംബവും കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായ മകനും കുടുംബവും കാസർകോടാണ് താമസം. വിഷുവിന് വന്ന് പോയ ശേഷം വീണ്ടും എത്തിയതാണ്. ശാസ‌്ത്രീയ പരിശോധന നടത്തണമെന്ന‌് പഞ്ചായത്ത‌് അധികൃതരും നാട്ടുകാരും ആവശ്യപ്പെട്ടു. വീട്ടുകാരിൽനിന്ന് മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2IWOi7x
via IFTTT
No comments:
Post a Comment