കൊല്ലം> പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി അന്നം നൽകുന്നതും യുഡിഎഫിന് പെരുമാറ്റച്ചട്ടലംഘനം. പരാജയ ഭീതിയിൽ സമനില തെറ്റിയ യുഡിഎഫ്, രണ്ടു വർഷമായി ഡിവൈഎഫ്ഐ പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ ആയിരങ്ങൾക്ക് ഉച്ചഭക്ഷണം വിതരണംചെയ്യുന്ന നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച്് കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്.
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ 2017 മാർച്ച് 15ന് ഡിവൈഎഫ്ഐ പ്രവർത്തകർ തുടങ്ങിയ ഹൃദയസ്പർശം പദ്ധതിയിലാണ് യുഡിഎഫുകാർ മണ്ണുവാരിയിടുന്നത്. അന്നു മുതൽ ഹർത്താൽ നാളുകളിൽപ്പോലും മുടങ്ങാതെ അന്നം വിതരണംചെയ്യുന്ന പുണ്യ പ്രവർത്തിക്ക് തുരങ്കംവയ്ക്കാനുള്ള യുഡിഎഫ് സ്ഥാനാർഥിയുടെ ശ്രമത്തിനെതിരെ നാടൊട്ടുക്ക‌് പ്രതിഷേധാഗ്നി പടരുകയാണ്.
കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ജില്ലയിലെ നിരാലംബരുടെ കണ്ണീരൊപ്പുന്ന പദ്ധതിക്ക് തുടക്കംകുറിക്കുമ്പോൾ ജില്ലാ ആശുപത്രിയിലെയും വിക്ടോറിയ ആശുപത്രിയിലെയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ആയിരം പൊതിച്ചോർ നൽകാനായിരുന്നു തീരുമാനിച്ചത്.
എന്നാൽ, തങ്ങൾ ഇന്നുവരെ കണ്ടിട്ടില്ലാത്തവരുടെ വിശക്കുന്ന വയറുകൾക്ക് സ്നേഹം പൊതിഞ്ഞുകെട്ടാൻ കൊല്ലത്തിന്റെ മനസ്സ് ഒപ്പംചേർന്നതോടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുറമേ നഗരത്തിലെ അശരണർക്കും ആലംബഹീനർക്കും ആശ്രയമായി ഈ പദ്ധതി. ആശുപത്രിയിലും പരിസരങ്ങളിലുമായി പ്രതിദിനം 3000 മുതൽ 5000പേരുടെ വിശപ്പാണ് പദ്ധതി പ്രകാരം അകറ്റുന്നത്. ഇതിനകം 30ലക്ഷംപൊതിച്ചോറുകളാണ് വിതരണംചെയ്ത്ത്.
ഡിവൈഎഫ്ഐ പ്രവർത്തകർ ഓരോ വീടുകളിൽനിന്നും കൈനീട്ടി ശേഖരിക്കുന്ന ഭക്ഷണപ്പൊതികളുടെ രുചിക്കൂട്ട് നുണയാത്തവർ ജില്ലയിൽ ഇന്ന് വിരളമാണ്. സംഘപരിവാറിന്റെ അക്രമ ഹർത്താൽ ദിനങ്ങളിൽ ഭക്ഷണവുമായി പോകുന്ന വാഹനം തടഞ്ഞ് പ്രവർത്തകർക്കു നേരെ നടത്തിയ ആക്രമണങ്ങളെ അതിജീവിച്ചും ഭക്ഷണവിതരണം മുടങ്ങാതെ തുടരുകയാണ്. തെരഞ്ഞെടുപ്പിന്റെ തിരക്ക‌് മാറ്റിവച്ച് പൊതിച്ചോർ എത്തിക്കുന്ന ഡിവൈഎഫ്ഐക്കും സംഘടനാപരവും ആശയപരവുമായ നേതൃത്വം നൽകുന്ന കെ എൻ ബാലഗോപാലിനും ജനങ്ങളുടെ ഹൃദയാംഗീകാരം പ്രതിദിനം വർധിക്കുന്നതിൽ വിറളിപിടിച്ചാണ് ഇപ്പോൾ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്്.
യുഡിഎഫിന്റെ മനുഷ്യത്വരഹിതമായ നിലപാടിനെതിരെ ജില്ലാ ആശുപത്രിയിലെ രോഗികൾ ഒന്നടങ്കം രംഗത്തുവന്നു. നിന്ദ്യമായ വർഗീയ പ്രചാരണം നടത്തിയതിന്റെ പേരിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ അതി ഗുരുതരമായ തെരഞ്ഞെടുപ്പുകേസ് ഉണ്ടായ സാഹചര്യത്തിലാണ് പാവങ്ങളുടെ അന്നംമുട്ടിക്കാൻ ഇക്കൂട്ടർ രംഗത്ത് വന്നിരിക്കുന്നത്.
from Kerala || Deshabhimani Online News http://bit.ly/2P6nJ0L
via IFTTT
No comments:
Post a Comment