മുസ്ലിംലീഗിനെതിരെ ബിജെപി ഉയർത്തുന്ന ആക്ഷേപത്തെ പ്രതിരോധിക്കാത്ത കോൺഗ്രസ‌് നിലപാടിൽ ലീഗ‌് അണികൾക്ക‌് അമർഷം.
ലീഗിന്റെ പച്ചക്കൊടി പാകിസ്ഥാൻ പതാകയായി ചിത്രീകരിച്ച‌് ബിജെപി നടത്തിയ പ്രചാരണങ്ങൾക്ക‌് കൃത്യമായ മറുപടി നൽകാൻ തയ്യാറാകാത്ത -കോൺഗ്രസ‌് നേതൃത്വം അമിത‌്ഷാ വയനാടിനെ പാകിസ്ഥാൻ എന്ന‌് വിളിച്ചിട്ടും അനങ്ങിയിട്ടില്ല. ലീഗിനെ പിന്തുണയ‌്ക്കുന്നതിലൂടെ പാർടിയിലെ ഒരു വിഭാഗത്തിന്റെ വോട്ട‌് നഷ്ടപ്പെടുമെന്ന ഭീതിയിലാണ‌് കോൺഗ്രസ‌്. അതിനാൽ ലീഗുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മയപ്പെട്ട പ്രതികരണങ്ങൾ മതിയെന്ന ധാരണ. പാർടിയുടെ ആത്മാഭിമാനം ചോദ്യംചെയ്യപ്പെട്ടിട്ടും കോൺഗ്രസ‌് തുടരുന്ന മൗനത്തെ അണികൾക്കുമുന്നിൽ വിശദീകരിക്കാനാവാതെ പ്രതിസന്ധിയിലാണ‌് ലീഗ‌്. -
എ കെ ആന്റണിയും മുകുൾ വാസ‌്നിക്കും ഉമ്മൻ ചാണ്ടിയും രമേശ‌് ചെന്നിത്തലയും കെ സി വേണുഗോപാലുമടക്കം വയനാട്ടിൽ പ്രചാരണത്തിനെത്തിയിട്ടും ലീഗിനെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിന‌് മറുപടി പറയാൻ തയ്യാറായിട്ടില്ല.
ലീഗ‌് വൈറസാണെന്ന യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ ആക്ഷേപത്തെയും കോൺഗ്രസ‌് നേതാക്കൾ പ്രതിരോധിച്ചില്ല. അന്ന‌് സിപിഐ എം നേതാക്കളാണ് ആദിത്യനാഥിന‌് മറുപടി നൽകിയത‌്. ആദിത്യനാഥിന്റെ അറിവില്ലായ‌്മ എന്നുപറഞ്ഞ‌് മയപ്പെടുത്താനാണ‌് കുഞ്ഞാലിക്കുട്ടിപോലും ശ്രമിച്ചത‌്. വിഷയത്തിൽ രാഷ‌്ട്രീയമായി മറുപടി പറയുന്നതിനുപകരം തെരഞ്ഞെടുപ്പ‌് കമീഷന‌് പരാതി നൽകി ലീഗും തടിതപ്പി. കോൺഗ്രസ് ചവിട്ടിത്തേച്ചപ്പോഴൊക്കെ അപമാനം ഏറ്റുവാങ്ങി അധികാരത്തിന്റെ പങ്കുപറ്റിയ ചരിത്രമാണ‌് ലീഗിന‌്. 1955ൽ കോഴിക്കോട് കടപ്പുറത്ത് പൊതുയോഗത്തിലാണ‌് ലീഗിനെ ചത്ത കുതിരയെന്ന‌് അന്നത്തെ പ്രധാനമന്ത്രി നെഹ്റു വിശേഷിപ്പിച്ചത്. 1960-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‐- ലീഗ്-‐ പിഎസ്‌പി സഖ്യം അധികാരത്തിലെത്തിയെങ്കിലും ലീഗിന് മന്ത്രിസ്ഥാനം നൽകിയില്ല. കെ എം സീതി സാഹിബിന് സ്‌പീക്കർപദവി നൽകി. സീതി സാഹിബ് അന്തരിച്ചപ്പോൾ സി എച്ച് മുഹമ്മദ് കോയയെ സ്പീക്കറാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. എന്നാൽ സി എച്ച‌് ലീഗ് വിട്ട് സ്വതന്ത്ര ബഞ്ചിലേക്ക് മാറണമെന്ന‌് കോൺഗ്രസ് ഉപാധിവച്ചു. ഇത‌് ലീഗ‌് അംഗീകരിച്ചു. മുമ്പ‌് ഇന്ദിരാഗാന്ധിയുടെ പൊതുയോഗത്തിലും ലീഗിന്റെ കൊടി അഴിപ്പിച്ചിട്ടുണ്ട‌്. ബാബ്റി മസ്‌ജിദ് തകർക്കാൻ സംഘപരിവാറിന് കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മൗനാനുവാദം നൽകിയപ്പോഴും മൗനത്തിലായിരുന്നു ലീഗ‌്.
നാമനിർദേശ പത്രിക സമർപ്പണത്തിനുശേഷം രാഹുൽ ഗാന്ധി നടത്തിയ റോഡ‌് ഷോയിലാണ‌് മുസ്ലിംലീഗ‌് കൊടിക്ക‌് നിയന്ത്രണം ഏർപ്പെടുത്തിയത‌്. രാഹുലിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന‌് വയനാട്ടിൽ നടന്ന ആഹ്ലാദ പ്രകടനങ്ങളിൽ ലീഗിന്റെ കൊടി വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത‌് പാകിസ്ഥാൻ പതാകയാക്കി ചിത്രീകരിച്ച‌് ബിജെപി ഉത്തരേന്ത്യയിൽ വൻ പ്രചാരണം നടത്തി. ഉത്തർപ്രദേശിലും രാഹുൽ മത്സരിക്കുന്ന അമേഠിയിലും ബിജെപി പ്രചാരണം കോൺഗ്രസിന‌് തിരിച്ചടിയായി. തുടർന്നാണ് പ്രചാരണ യോഗങ്ങളിൽനിന്ന‌് പച്ചക്കൊടി ഒഴിവാക്കണമെന്ന‌് കോൺഗ്രസ‌് ആവശ്യപ്പെട്ടത‌്. വാട‌്സാപ്പിലെ പ്രസ്താവന ചോർത്തി മാധ്യമങ്ങൾക്ക‌് നൽകിയാണ് ലീഗ‌് അണികൾ ഇതിനോട് അമർഷം പ്രകടിപ്പിച്ചത‌്.
from Kerala || Deshabhimani Online News http://bit.ly/2Id4Ok7
via IFTTT
No comments:
Post a Comment