കോട്ടയം> തോമസ് മാണിയുടെയും ഏലിയാമ്മ മാണിയുടെയും മകനായി 1933ൽ കോട്ടയം ജില്ലയിൽ മരങ്ങാട്ടുപിള്ളിയിലെ സിറിയൻ കാത്തലിക് ക്രിസ്ത്യൻ കുടുംബത്തിൽ ജനനം. കരിങ്ങോഴക്കൽ മാണി മാണി എന്ന് മുഴുവൻ പേര്. കുറുവിലങ്ങാട് സെന്റ് മേരീസ്‐പാലാ സെന്റ് തോമസ് ഹൈസ്കൂളുകളിലാണ് വിദ്യാഭ്യാസം. പ്രസംഗത്തിൽ കുട്ടിക്കാലത്തേ താൽപര്യം കാണിച്ച മാണി നിരവധി മത്സരങ്ങളിൽ പങ്കെടുത്തു. കേരള കോൺഗ്രസിലെ എല്ലാ ഗ്രൂപ്പിന്റെയും ഗോഡ് ഫാദറായി അറിയപ്പെട്ട അദ്ദേഹത്തിന് 1979ൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് തലനാരിഴക്ക്. മുൻമന്ത്രി പി ടി ചാക്കോയുടെ മരുമകൾ പൊൻകുന്നത്തു നിന്നുള്ള കുട്ടിയമ്മയെ വിവാഹം കഴിച്ചു. മകൻ ജോസ് കെ മാണിയെ കൂടാതെ എൽസ, ആനി, സാലി, ടെസ്സി, സ്‌മിത എന്നീ അഞ്ച് പെൺമക്കൾ. 65ൽ പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചശേഷം അവിടെനിന്നും തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടു.
.jpg)
ആറു പതിറ്റാണ്ടുനീണ്ട രാഷ്ട്രീയ ജീവിതത്തിനുടമയായ കെ എം മാണി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ നേതാവെന്ന് അറിയപ്പെട്ടു. പാലാക്കാരുടെ മാണിസാർ, കർഷക മാണിക്യം എന്നിങ്ങനെ വിശേഷണങ്ങൾ അനവധി. അഴിമതിക്കെതിരെ നിയമസഭയിൽ ഒട്ടേറെ തവണ കത്തിക്കയറിയ മാണി ഒടുവിൽ വീണത് അഴിമതിയുടെ ശരമുനയേറ്റ്. ഇ എം എസ്, സി അച്യുതമേനോൻ, കെ ആർ ഗൗരിയമ്മ, എം എൻ ഗോവിന്ദൻ നായർ, എ കെ ആന്റണി തുടങ്ങി ബഹുമാന്യർക്കു നേരെപ്പോലും മാണി ആരോപണ ചളിവാരിയെറിയുകയുണ്ടായി.

1959ൽ കെപിസിസി അംഗമായെങ്കിലും ആ രാഷ്ട്രീയ ജീവിതം ശ്രദ്ധിക്കപ്പെടുന്നത് കേരള കോൺഗ്രസിലൂടെ. മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന പി ടി ചാക്കോയുടെ ശിഷ്യനായാണ് ചുവടുറപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ പരാമർശിക്കപ്പെട്ട നേതാവായ ചാക്കോ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അപവാദങ്ങളെ തുടർന്ന് രാജിവെച്ചു. തുടർന്നുണ്ടായ സംഭവങ്ങളാണ് കേരള കോൺഗ്രസ് രൂപീകരണത്തിലെത്തിച്ചത്.
തുടക്കത്തിൽ അതിന്റെ ഭാഗമാകാതിരുന്ന മാണി കോൺഗ്രസുമായുള്ള വിലപേശലുകൾക്കൊടുവിൽ കളംമാറി. കേരള കോൺഗ്രസിന്റെ ആദ്യ ചെയർമാൻ കെ എം ജോർജും ജനറൽ സെക്രട്ടറി ആർ ബാലകൃഷ്ണ പിള്ളയും. 1964ൽ തിരുനക്കര മൈതാനിയിൽ കർഷക പാർടിയെന്ന് വിശേഷിപ്പിച്ച് മന്നത്ത് പത്മനാഭൻ പതാക ഉയർത്തി. അതുമുതൽ പാർടിയിലുണ്ടായ ഒട്ടേറെ ഭിന്നിക്കലിനും ഒന്നിക്കലിനും തിരുനക്കര സാക്ഷ്യംവഹിച്ചു; മാണിയും.
ചാക്കേയുടെ മരണത്തെ തുടർന്ന് മാണിയും ബാലകൃഷ്ണപിള്ളയും ശക്തരായി. പാർടി ചെയർമാൻ കെ എം ജോർജ്. ചെയർമാൻ സ്ഥാനവും മന്ത്രിസ്ഥാനവും ഒന്നിച്ചു വഹിക്കരുതെന്ന് പറഞ്ഞ് അടിയന്തരാവസ്ഥ കാലത്ത് അച്യുതമേനോൻ മന്ത്രിസഭയിൽ ജോർജ് മന്ത്രിയാകുന്നത് മാണി തടഞ്ഞു. മാണിയും പിള്ളയും മന്ത്രിമാരായി. 76ൽ ജോർജും മാണിയും പിരിഞ്ഞതോടെ കേരള കോൺഗ്രസിൽ പിളർപ്പിന്റെ കാലം തുടങ്ങി. ജോർജ് അരങ്ങൊഴിഞ്ഞ ശേഷമാണ് മാണിയുമായി പിണങ്ങി പിള്ള പടിയിറങ്ങിയത്. പിന്നീട് പി ജെ ജോസഫ് പുറത്തുവന്ന് മറ്റൊരു കേരള കോൺഗ്രസിന് ജന്മംനൽകി.
80ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുമ്പോൾ ഘടകകക്ഷിയായ മാണി 82ൽ യുഡിഎഫിൽ ചേക്കേറി. ജോസഫ് അന്നേ യുഡിഎഫിൽ. 84ൽ ഇരു ഗ്രൂപ്പും ലയിച്ചു. "വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർടി'യെന്ന മാണിയുടെ കണ്ടെത്തൽ അക്കാലത്താണ് വന്നത്. അടുത്തത് ടി എം ജേക്കബിന്റെ ഊഴം. ജോസഫും മാണിയും വർഷങ്ങൾക്കുശേഷം ഒന്നിച്ചെങ്കിലും സ്ഥാനങ്ങൾ നൽകാൻ മാണി തയ്യാറായില്ല. അരനൂറ്റാണ്ട് കാലത്തിനിടെ ഏതാണ്ട് പതിനാറോളം പിളർപ്പുകൾ കേരള കോൺഗ്രസിലുണ്ടായി. പിളർപ്പുകളൊന്നും ആദർശത്തെ ചൊല്ലിയല്ലായിരുന്നു; കറകളഞ്ഞ അധികാര തർക്കം. ഇതിൽ ഒരു ഭാഗത്ത് എന്നും മാണിയുണ്ടായി.
കോൺഗ്രസിന്റെ മതേതര രാഷ്ട്രീയത്തെ കേരളകോൺഗ്രസിന്റെ മതരാഷ്ട്രീയവുമായി കൂട്ടിക്കെട്ടി വിലപേശി, തന്റെ അധികാരതാൽപര്യം സംരക്ഷിക്കുന്നതിൽ മാണി എന്നും മിടുക്കുകാട്ടി. എങ്ങോട്ടു മറഞ്ഞാലും അണികളെ കൂടെനിർത്താനും സാധിച്ചു. അധികാരത്തിൽ എത്തുന്നതിനുള്ള മാർഗം മാത്രമാണ് രാഷ്ട്രീയം എന്ന പാഠമാണ് അദ്ദേഹം അവർക്ക് നൽകിയത്. അധികാരം നേടിയെടുക്കുന്നതിന് ഏത് മാർഗവും ആവാം. കെ കരുണാകരനുശേഷം രാഷ്ട്രീയ ചാണക്യൻ എന്ന വിളിക്കപ്പെടാൻ ഇടയായതും അങ്ങനെ. ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരിക്കാനും മന്ത്രിപദം അലങ്കരിക്കാനും കഴിഞ്ഞത് ആ തന്ത്രജ്ഞതയുടെ ബലത്തിൽ.
സമ്പദ്ശാസ്ത്രവും ലോകരാഷ്ട്രീയവുമെല്ലാം വഴങ്ങുമെന്ന് കാണിക്കുന്ന സിദ്ധാന്തങ്ങളും പ്രസ്താവനകളും മാണിയുടേതായി പുറത്തുവന്നു. സോവിയറ്റ് റഷ്യയിൽ ഗോർബച്ചേവ് ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും പ്രഖ്യാപിച്ചപ്പോൾ ഈ ആശയം താൻ മുമ്പേ കൊണ്ടുവന്നതാണെന്ന് പ്രതികരിച്ചു. ഇതാണ് തന്റെ അധ്വാനവർഗ സിദ്ധാന്തത്തിന്റെ കാതൽ എന്നായിരുന്നു പ്രസ്താവന. നവലിബറൽ നയങ്ങൾ ശക്തിപ്പെട്ട കാലത്ത് അതിന്റെ പ്രചാരകനാകാനും അതുകൊണ്ടുതന്നെ മാണിക്ക് പ്രയാസമുണ്ടായില്ല. 13 തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച അദ്ദേഹത്തിന്റെ അവസാന ഊഴം ബാർ കോഴക്കേസിൽ തട്ടി പ്രക്ഷുബ്ധമായി. തിരിച്ചുവരവില്ലാത്ത വിധത്തിലുള്ള പിൻമടക്കമായി അത്. അരനൂറ്റാണ്ടു പിന്നിട്ട കേരള കോൺഗ്രസ് ചരിത്രം അപ്പോഴേക്കും മാണിയോടൊപ്പം.
മുന്നണി രാഷ്ട്രീയത്തിൽ കാലിടറി തുടങ്ങിയപ്പോഴേക്കും മകൻ ജോസ് കെ മാണിയെ കളത്തിലിറങ്ങി അധികാര സ്ഥാനങ്ങൾ നിലനിർത്താനും അദ്ദേഹത്തിനു കഴിഞ്ഞു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പോടെ അടുത്ത തലമുറയിലേക്കുള്ള അധികാര കൈമാറ്റം മാണി സുഗമമായി നടത്തിയപ്പോൾ മുറിവേറ്റത് ജോസഫിനായിരുന്നു. പക്ഷേ അതൊന്നും മാണിയുടെ ലക്ഷ്യങ്ങൾക്ക് വിഘാതമായില്ല.
from Kerala || Deshabhimani Online News http://bit.ly/2Kk7ePI
via IFTTT
No comments:
Post a Comment