പറവൂർ
സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന സിപിഐ നേതാവുമായ കെ സി പ്രഭാകരൻ (96) അന്തരിച്ചു. സിപിഐയുടെയും എഐടിയുസിയുടെയും സംസ്ഥാന നേതൃത്വത്തിലെ മുൻനിരപ്രവർത്തകനായിരുന്നു. പത്തുവർഷത്തിലേറെയായി വിശ്രമജീവിതത്തിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ ആലുവ ടൗൺഹാളിലെ പൊതുദർശനത്തിനുശേഷം 11.30ന് പറവൂർ ഘണ‌്ഠാകർണൻവെളിയിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും.
1925 സെപ്തംബറിൽ വൈക്കം താലൂക്കിൽ കുലശേഖരമംഗലം ചേന്നോട് പുത്തൻപുരയിൽ പരമേശ്വരൻപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. വിദ്യാർഥിയായിരിക്കെ പൊതുപ്രവർത്തനത്തിൽ ആകൃഷ്ടനായി. സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതോടെ പൊലീസ് പിടികൂടി. ഒമ്പതുമാസം ആലുവ സബ് ജയിലിൽ കിടന്നു. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന പാലിയം സമരത്തിൽ പങ്കെടുത്തു. കമ്യൂണിസ്റ്റ് പാർടി നിരോധിച്ചപ്പോൾ അറസ്റ്റിലായി 11 മാസം പറവൂർ ലോക്കപ്പിൽ ക്രൂരമായ മർദനങ്ങൾക്ക‌് വിധേയനായി. പൂജപ്പുര സെൻട്രൽ ജയിലിൽ ഒന്നരവർഷം കഠിന തടവും അനുഭവിച്ചു.
ഭാര്യ: കമല, കേരള മഹിളാസംഘത്തിന്റെ ആദ്യകാല ജില്ലാ സെക്രട്ടറിയാണ‌്. മക്കൾ: രമ (പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ‌്, സിപിഐ ജില്ലാ കമ്മിറ്റി അംഗം), പ്രേമചന്ദ്രൻ, ശ്രീലത, മായ (സിയാൽ, കൊച്ചി), പരേതരായ ബാലചന്ദ്രൻ, പ്രതാപചന്ദ്രൻ. മരുമക്കൾ: പത്മജ, ശിവശങ്കരൻ (മാനേജർ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ), ശ്രീകല, സോമസുന്ദരൻനായർ (റ്റാറ്റാ ടീ), സുരേഷ് മേനോൻ (ലുലു ഇന്റർനാഷണൽ).
മുഖ്യമന്ത്രി അനുശോചിച്ചു
കൊച്ചി
സാമൂഹിക നവോത്ഥാന പ്രസ്ഥാനം കമ്യൂണിസ‌്റ്റ‌് പാർടിക്ക‌് സംഭാവന ചെയ‌്ത അനുപമനായ കമ്യൂണിസ‌്റ്റായിരുന്നു കെ സി പ്രഭാകരനെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ‌്മരിച്ചു.
അദ്ദേഹവുമായി അടുത്ത സൗഹൃദം പുലർത്താൻ കഴിഞ്ഞു. ആ ജീവിതം പുതുതലമുറയ‌്ക്ക‌് പാഠമാകണം. സജീവമായ രാഷ‌്ട്രീയത്തിൽനിന്ന‌് അവസാനകാലത്ത‌് മാറിനിന്നിട്ടും നിലപാടുകളിൽ ഒരു വീട്ടുവീഴ‌്ചയ‌്ക്കും തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ നിര്യാണം പുരോഗമനപ്രസ്ഥാനങ്ങൾക്ക‌് വലിയ നഷ‌്ടമാണ‌്. വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Gxm0Ph
via IFTTT
No comments:
Post a Comment