കൊല്ലം
വനത്തിനുള്ളിലും പുറത്തും ജീവഹാനി സംഭവിക്കുന്ന വന്യമൃഗങ്ങളുടെ വിവരം വിരൽത്തുമ്പിൽ ലഭ്യമാക്കി വനംവകുപ്പ്. വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നു മുതൽ നാലുവരെയുള്ള പട്ടികയിൽപെട്ട ജീവികളുടെ മരണം, മരണകാരണം, പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നിവ ഉൾപ്പെടെയുള്ള വിവരം ഓൺലൈൻ പ്ലാറ്റ്ഫോം ആയ ഹാക്ക് (ഹോസ്റ്റൈൽ ആക്ടിവിറ്റി വാച്ച് കേർണൽ) ലൂടെയാണ് ലഭ്യമാക്കിയിരിക്കുന്നത്.
2018 നവംബർ മുതൽ ഇതുവരെ 210 മൃഗങ്ങൾക്ക് ജീവഹാനി നേരിട്ടതായാണ് രേഖകൾ. 2015 മുതൽ ലഭ്യമായ വിവരംകൂടി ചേർത്തത് അനുസരിച്ച് 750 മൃഗങ്ങളുടെ മരണ വിവരമാണ് ഓൺലൈനിൽ ഉള്ളത്്. കഴിഞ്ഞ ആറു മാസത്തിനിടെ ചത്ത മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ആനയാണ് 45 എണ്ണം. തൊട്ടുപിറകിൽ കാട്ടുപോത്താണ് 40. രണ്ട് ഡോൾഫിൻ, അഞ്ച് പുലി, രണ്ടു കടുവ എന്നിവയും ഉൾപ്പെടുന്നു. തൃശൂർ, തിരുവനന്തപുരം ഡിവിഷനുകളിലാണ് ഡോൾഫിനുകൾ ചത്തത്. സ്വാഭാവിക മരണമാണ് ഇത്.
മരണകാരണങ്ങൾ കണ്ടെത്തി അവ ആവർത്തിക്കാതിരിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിച്ച് ജീവികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം വനംവകുപ്പ് ആരംഭിച്ചത്. ഇത്തരം സംവിധാനം ഒരുക്കിയിട്ടുള്ള ലോകത്തെ ആദ്യസംസ്ഥാനം കൂടിയാണ് കേരളം.
സ്വഭാവികമരണം ആണ് ഏറ്റവും പ്രധാന കാരണമായി പറയുന്നതെങ്കിലും രോഗബാധയെത്തുടർന്ന് 22 മൃഗങ്ങൾ ചത്തതായി ചൂണ്ടിക്കാട്ടുന്നു. ഇതിൽ 11 ആനകളുണ്ട്. കടുവ പിടിച്ച മൂന്ന് ആനകൾ കൊല്ലപ്പെട്ടതായും വിവരമുണ്ട്. വനത്തിൽ തെന്നിവീണും പുഴയിൽപ്പെട്ടും മലയിടിഞ്ഞു വീണും 16 ആനകൾ ചെരിഞ്ഞു. ആനകൾ തമ്മിലുള്ള ആക്രമണത്തിൽ ഒരു കൊമ്പനും ചെരിഞ്ഞു. വാഹനംതട്ടി 11 മൃഗങ്ങളാണ് ചത്തത്. ഇതിൽ ഷെഡ്യൂൾ ഒന്നിൽപ്പെടുന്ന ഉടുമ്പ്, കരിങ്കുരങ്ങ്, മയിൽ, ആന, പുലിപ്പൂച്ച എന്നിവ ഉൾപ്പെടുന്നു. വാളയാറിൽ ആന ട്രെയിൻ തട്ടിയാണ് ചത്തത്.
വിഷം ഉള്ളിൽചെന്ന് ഒരു പുലിയും ഒരു ആനയും ചത്ത സംഭവത്തിൽ നിലവിൽ കേസുണ്ട്. രണ്ട് സിംഹവാലൻ കുരങ്ങുകൾ ഉൾപ്പെടെ ആറു മൃഗങ്ങൾ വൈദ്യുതാഘാതമേറ്റാണ് ചത്തത്. ഇതിൽ ഒന്നു വീതം വെള്ളിമൂങ്ങ, പുലിപ്പൂച്ച, ആന, കരിങ്കുരങ്ങ്, മയിൽ എന്നിവ പെടുന്നു. സിംഹവാലൻ കുരങ്ങും കരിങ്കുരങ്ങും ശബരിമലയിലാണ് വൈദ്യുതാഘാതമേറ്റ് ചത്തത്. ആരോഗ്യ പ്രശ്നം, മനുഷ്യനുമായുള്ള ഏറ്റുമുട്ടൽ, നായാട്ട്, രോഗം എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു റേഞ്ചിൽ മരണം റിപ്പോർട്ട് ചെയ്താൽ അത് അപ്പോൾ തന്നെ റേഞ്ച് ഓഫീസർമാർ മുതൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെയുള്ളവർക്ക് വിവരം ലഭ്യമാകും വിധത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
from Kerala || Deshabhimani Online News http://bit.ly/2PBQhzi
via IFTTT
No comments:
Post a Comment