ന്യൂഡൽഹി
വടകരയിൽ സിറ്റിങ് എംപിയായ കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ മൽസരിക്കണമെന്ന‌് കേരളത്തിലെ നേതാക്കൾ. മൽസരത്തിനില്ലെന്ന‌് തറപ്പിച്ചു പറഞ്ഞ‌് മുല്ലപ്പള്ളി. ദിവസങ്ങളായി ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ‌് സ്ഥാനാർഥി നിർണയ ചർച്ച എങ്ങുമെത്താതെ നീളുന്നു. സീറ്റ‌് വിഭജനത്തിൽ എ ഗ്രൂപ്പ‌് മേൽക്കൈ നേടിയതോടെ ക്ഷുഭിതനായ പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല ചർച്ചകൾ ബഹിഷ‌്കരിച്ച‌് കേരളത്തിലേക്ക‌് മടങ്ങി.
ഐ ഗ്രൂപ്പിന്റെ പരമ്പരാഗത സീറ്റായ വയനാട‌് എ ഗ്രൂപ്പ‌് പിടിച്ചെടുത്തു. വയനാട്ടിൽ ടി സിദ്ദിഖ‌് മത്സരിക്കും. ഇത‌് ഉറച്ചതോടെ ആലപ്പുഴയിൽ ഷാനിമോൾ ഉസ‌്മാനും ആറ്റിങ്ങലിൽ അടൂർ പ്രകാശും മൽസരിക്കും.
തിങ്കളാഴ‌്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതിയിൽ നടന്ന നിർണായക ചർച്ചയിലാണ‌് വയനാട‌് എ ഗ്രൂപ്പ‌് പിടിച്ചെടുത്തത‌്. കേരളത്തിൽ നിന്നെത്തിയ ഉമ്മൻ ചാണ്ടി, രമേശ‌് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ‌് ചർച്ചയിൽ പങ്കെടുത്തത‌്. വയനാട്ടിൽ ടി സിദ്ദിഖ‌് തന്നെ മൽസരിക്കണമെന്ന‌് ഉമ്മൻ ചാണ്ടി ശഠിച്ചു. എന്നാൽ ഐ ഗ്രൂപ്പിന്റെ പരമ്പരാഗത സീറ്റാണെന്നും വിട്ടുനൽകാനാവില്ലെന്നും ചെന്നിത്തല വാദിച്ചു. വടകരയിൽ സ്ഥാനാർത്ഥിയില്ലാത്ത സാഹചര്യത്തിൽ സിദ്ദിഖ‌് അവിടെ മൽസരിക്കട്ടെയെന്നും ചെന്നിത്തല നിർദേശിച്ചു. വയനാട‌് അല്ലാതെ മറ്റെവിടെയും സിദ്ദിഖ‌് മൽസരിക്കില്ലെന്ന‌് ഉമ്മൻ ചാണ്ടി നിലപാട‌് കടുപ്പിച്ചു. സിദ്ദിഖിനെ ഒഴിവാക്കി നീങ്ങാനാണ‌് ഭാവമെങ്കിൽ തെരഞ്ഞെടുപ്പിൽ അത‌് പ്രതിഫലിക്കുമെന്നും ഉമ്മൻ ചാണ്ടി ഭീഷണിയുയർത്തി.
കോൺഗ്രസിന്റെ സാധ്യതകൾ തീർത്തും ഇല്ലാതാക്കും വിധം ചർച്ച മുന്നോട്ടു കൊണ്ടുപോകുന്നതിൽ അർത്ഥമില്ലെന്ന‌് മുല്ലപ്പള്ളി പറഞ്ഞു. ഇതോടെ ചെന്നിത്തല ഒറ്റപ്പെട്ടു. ഉമ്മൻ ചാണ്ടി അയയില്ലെന്ന‌് ബോധ്യപ്പെട്ടതോടെ ചെന്നിത്തല യോഗത്തിൽനിന്ന‌് ഇറങ്ങിപ്പോയി. മാധ്യമങ്ങൾക്ക‌് പിടികൊടുക്കാതെ തിടുക്കത്തിൽ കേരളത്തിലേക്ക‌് മടങ്ങി.
ഇടുക്കിയും പത്തനംതി ട്ടയും ചാലക്കുടിയും നേരത്തെ തന്നെ ഉറപ്പാക്കിയ എ ഗ്രൂപ്പ‌് വയനാട‌് കൂടി പിടിച്ചെടുത്ത‌് കരുത്തുകാട്ടി. വിശ്വസ‌്തർക്കെല്ലാം സീറ്റു നേടികൊടുക്കാനായതിന്റെ സന്തോഷത്തിലാണ‌് ഉമ്മൻ ചാണ്ടി. കോഴിക്കോട‌് കോർപറേഷൻ കൗൺസിലറായ വിദ്യാ ബാലകൃഷ‌്ണന്റെ പേരാണ‌് തുടക്കത്തിൽ വടകരയിൽ പരിഗണിച്ചത‌്. അവസാനവട്ട ചർച്ചകളിൽ ഈ പേര‌് വെട്ടി. പി ജയരാജനോട‌് മൽസരിക്കാൻ മറ്റാരെങ്കിലും വേണമെന്ന‌് ഹൈക്കമാൻഡ‌് നിലപാടെടുത്തു. മുല്ലപ്പള്ളിയെ വീണ്ടും മൽസരിപ്പിക്കണമന്ന‌് ആവശ്യപ്പെട്ട‌് കേരളത്തിൽ നിന്ന‌് ഹൈക്കമാൻഡിലേക്ക‌് സന്ദേശങ്ങൾ പ്രവഹിച്ചു. വി എം സുധീരൻ അടക്കമുള്ളർ മുല്ലപ്പള്ളിയോട‌് മൽസരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
from Kerala || Deshabhimani Online News https://ift.tt/2TPLf6Y
via IFTTT
No comments:
Post a Comment