കൊച്ചി> രാഷ്ട്രീയക്കാരുടെ തീരുമാനങ്ങളുടെയും പ്രവൃത്തികളുടെയും ശരിതെറ്റുകള്‍ ജനവിധിയില്‍ പ്രതിഫലിക്കുമെന്ന് കെ വി തോമസ് എം പി. എറണാകുളം പ്രസ് ക്ലബ്ബിന്റെ വോട്ടും വാക്കും മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റ് നിഷേധം സംബന്ധിച്ചു വ്യക്തിപരമായി പരിഭവങ്ങള്‍ ഇല്ലെങ്കിലും അണികള്‍ ഇത് പൊറുക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്റെ ഗുരുനാഥനായ അലക്സാണ്ടര്‍ പറമ്പിത്തറയ്ക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ അടക്കം ഉയര്‍ന്നിരുന്നു.
അന്ന് അതേക്കുറിച്ചു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാരക്കേസില്‍ താന്‍ മനസാ വാചാ അറിയാത്ത കാര്യങ്ങളാണ് ആരോപണമായി ഉയര്‍ന്നത് .എന്നാല്‍ അന്ന് 20,000 വോട്ടിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പിന്റെ അതിപ്രസരമാണ്. ഇക്കാര്യം സീറ്റ് നിഷേധിച്ചതിന് ശേഷം കണ്ടപ്പോള്‍ പി സി ചാക്കോ തന്നോട് പറയുകയുണ്ടായി .കേരളത്തില്‍ ബൂത്തു തലം മുതല്‍ ഗ്രൂപ്പടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത് .കേരളത്തില്‍ എക്കാലവും ഗ്രൂപ്പുണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള രൂക്ഷതയില്ലായിരുന്നു.
ആന്റണിയും കരുണാകരനും ഉണ്ടായിരുന്നപ്പോള്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍ അവര്‍ കൂടിക്കാണുന്നതോടെ പ്രശ്‌നങ്ങള്‍ തീരുമായിരുന്നു .സോണിയാഗാന്ധിയുടെ കുടുംബവുമായി വ്യക്തിപരമായി അടുപ്പമാണുള്ളത്. ഇത്തവണ കണ്ടപ്പോളും നിങ്ങള്‍ ഈ കുടുംബത്തിലെ അംഗമാണെന്നാണ് പറഞ്ഞത്.രാഷ്ട്രീയ കാര്യങ്ങളിലെ അഭിപ്രായ ഭിന്നത പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. അത് പലര്‍ക്കും അനിഷ്ടമായിട്ടുണ്ടാവാം. എട്ട് സിറ്റിങ് എം പി മാര്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി തൃശൂരിലേക്ക് പോകാന്‍ നെടുമ്പാശേരിയില്‍ എത്തിയപ്പോഴും പറഞ്ഞതാണ്.
പിന്നീട് എന്ത് സംഭവിച്ചുവെന്ന് തനിക്കറിയില്ല. ഇക്കാര്യം നേതാക്കളോട് ചോദിച്ചിട്ടുമില്ല .ഡല്‍ഹിയില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പ്രവര്‍ത്തകരും നേതാക്കളും ഗ്രൂപ് വ്യതാസമില്ലാതെ വന്നു. കുമ്പളങ്ങിയില്‍ നിന്നുള്ളവരൊക്കെ ഭക്ഷണ പൊതികളുമായാണ് വന്നത്. കഴിഞ്ഞ 30 വര്‍ഷക്കാലം ജനപ്രതിനിധിയെന്ന നിലയില്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും മറക്കാന്‍ കഴിയില്ല .അതുകൊണ്ട് തന്നെ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നില്ല. ജനങ്ങള്‍ക്കിടയില്‍ ഉണ്ടാവും അടിസ്ഥാനപരമായി ഐ ഗ്രൂപ്പുകാരനാണെങ്കിലും പാര്‍ട്ടിയിലെ എല്ലാ നേതാക്കന്മാരുമായി അടുപ്പമുണ്ട്.
ചെറുപ്പക്കാരായ ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളിലൂടെ കടന്ന് പോകുകയാണ്. അതിനെ അതിജീവിക്കുവാന്‍ രാജ്യത്തിന് സാധിക്കും. ഏകാധിപത്യത്തിന്റെ ശബ്ദമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റകെട്ടായി നിന്ന് തല്‍സ്ഥിതിയില്‍ നിന്ന് രാജ്യത്തിനെ രക്ഷിക്കണം. ഈ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ള തിരഞ്ഞടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും കെ വി തോമസ് പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡണ്ട് ഡി ദിലീപ് അധ്യക്ഷനായി. സെക്രട്ടറി സുഗതന്‍ പി ബാലന്‍ നന്ദി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2FE1lHv
via IFTTT
No comments:
Post a Comment