കൊച്ചി> എറണാകുളം മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കവെ കെ വി തോമസിനെ ബിജെപി പാളയത്തിലേക്കെത്തിക്കാനുള്ള നീക്കം ശക്തമാക്കി നേതൃത്വം. കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ച എഐസിസി സെക്രട്ടറിയായിരുന്ന ടോം വടക്കന്റെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച നീക്കങ്ങള്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ ഒരുക്കമല്ലെന്നും എറണാകുളത്ത് സീറ്റ് നല്‍കാതിരുന്നതില്‍ കടുത്ത അമര്‍ഷമാണുള്ളതെന്നും കെ വി തോമസ് പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. തുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന അനുനയനീക്കവും പാളുകയായിരുന്നു. ഒരു നാടകവും തന്റെ മുന്നില്‍ കാണിക്കേണ്ടെന്ന് ചെന്നിത്തലയോട് തോമസ് പറഞ്ഞതായാണ് വിവരം പുറത്തുവരുന്നത്.
സോണിയാ ഗാന്ധിയുമായും അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും. സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള കേന്ദ്രസമിതിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിച്ചത്. എന്നാല്‍ അതിനോടുള്ള തോമസിന്റെ പ്രതികരണം അറിഞ്ഞ സോണിയ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് തോമസിനെ വസതിയിലേക്ക് വിളിപ്പിച്ചു
പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരുമോ എന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍,
ഇല്ലായെന്ന വ്യക്തമായ മറുപടി കെവി തോമസില്‍ നിന്ന് ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.തന്നെ ഒഴിവാക്കിയത് ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിയെന്ന് തോമസ് പറഞ്ഞു.
സീറ്റ് നിഷേധിക്കുന്നത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം സൂചനപോലും നല്‍കാത്തതില്‍ വലിയ ദു:ഖമുണ്ടെന്നും അനീതിയാണിതെന്നും കെ വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിയില്‍ നല്ല സുഹൃത്തുക്കളുണ്ടെന്നും എന്നാല്‍ അവിടെ നിന്നും ആരും വന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കോണ്‍ഗ്രസില്‍ തന്നെ തുടരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് വ്യക്തമായ മറുപടി പറയാന്‍ കെ വി തോമസ് തയ്യാറായില്ല.ഏഴു തവണ എംപിയായ തന്നെ ഒഴിവാക്കിയതിന്റെ കാരണം നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ലോക് സഭയിലേക്ക് മത്സരിക്കുന്ന എട്ടുപേരില്‍ തനിക്ക് മാത്രമെന്താണ് അയോഗ്യത.
പ്രായമായത് തെറ്റല്ലല്ലോ. തനിക്ക് ഒരു ഗ്രൂപ്പും ഇല്ല. ഗ്രൂപ്പ് പരിഗണിച്ചാണോ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്ന് ഇപ്പോഴത്തെ ലിസ്റ്റ് പരിശോധിച്ചാല്‍ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മനസിലാക്കാമല്ലോ. എന്നെ കറിവേപ്പിലയാക്കി കളയാന്‍ കഴിയില്ല. ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച തന്നെ കൊച്ചിക്കാരും കുമ്പളങ്ങിക്കാരും അറിയും.
ഹൈബി ഈഡന് വേണ്ടി പ്രവര്‍ത്തിക്കുമോ എന്നുള്ള കാര്യമൊക്കെ പാര്‍ടി തീരുമാനിക്കും. താനിപ്പോള്‍ വലിയ ഷോക്കിലാണ്.ഇക്കാര്യങ്ങള്‍ പാര്‍ടിയാണ് തീരുമാനിക്കുക. സജീവമായി പാര്‍ടിയില്‍ പ്രവര്‍ത്തിക്കും.
ദേശീയ സെമിനാറില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രശംസിച്ചതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും കെ വി തോമസ് ആവര്‍ത്തിച്ചു. പി രാജീവും മോഡിയെക്കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിയിലേക്ക് പോകുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. അവിടെ നല്ല സുഹൃത്തുക്കളുണ്ട്. ആരും ഇതുവരെ വന്നിട്ടില്ല. മോഡി മികച്ച മാനേജ്‌മെന്റ് വിദഗ്ധനെന്ന കെ വി തോമസിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. സാധാരണ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് പ്രവര്‍ത്തനം തുടങ്ങിയത്. തനിക്ക് പ്രവര്‍ത്തിക്കാന്‍ ശേഷിയും പ്രവര്‍ത്തന പാരമ്പര്യവുമുണ്ടെന്നും കെ വി തോമസ് പറഞ്ഞു.
അതേസമയം തോമസ് മാഷിന് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ലഭിക്കട്ടെ എന്ന് ഹൈബി ഈഡന്‍ പറഞ്ഞു. അദ്ദേഹം പക്വമതിയാണ്. മാഷിന്റെ ഗൈഡ് ലൈന്‍ ഉപയോഗിച്ചാകും തന്റെ പ്രചാരണമെന്നും ഹൈബി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Hr5IZN
via IFTTT
No comments:
Post a Comment