തൃശൂർ > നർമഭാഷയിൽ ചിന്തോദ്ദീപകമായ ഹ്രസ്വഭാഷണംകൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച് ചാലക്കുടി ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റ്. ഇന്നസെന്റ‌് എത്തുന്നതറിഞ്ഞ് സ്ത്രീകളും യുവാക്കളുമടക്കം വൻനിരയാണ് ഓരോയിടത്തും തടിച്ചുകൂടുന്നത്. ശനിയാഴ്ച ഇന്നസെന്റിന്റെ പര്യടനം കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലത്തിന്റെ വടക്കേയറ്റമായ കോണത്തുകുന്നിൽനിന്നാണ് ആരംഭിച്ചത്. സ്ഥാനാർഥിയെത്തുമെന്ന വിവരം ലഭിച്ചപ്പോൾ രാവിലെ ഏഴോടെതന്നെ കോണത്തുകുന്ന് സെന്ററിൽ ജനങ്ങൾ തടിച്ചുകൂടി. 7.30ന് സ്ഥാനാർഥിയെത്തിയതോടെ വൻ ആരവമായി. ഏവരുടെയും മനസ്സിൽതൊട്ട സ്നേഹവും വോട്ടും ഉറപ്പിച്ചശേഷം, ചെറുപ്രഭാഷണവും നടത്തി അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്.
കുട്ടികളും മുതിർന്നവരും, തങ്ങളുടെ സുപരിചിതനായ സ്ഥാനാർഥിയെ വഴിനീളെ കൈവീശി അഭിവാദ്യമർപ്പിച്ചു. മിക്കയിടങ്ങളിലും വണ്ടിനിർത്തി രണ്ടുവാക്ക‌് പറഞ്ഞ‌് ഇന്നസെന്റ‌് യാത്ര തുടർന്നു. എട്ടുമണിയോടെ, പുത്തൻചിറ വെള്ളൂരിൽ നാട്ടുകാർ വൻ വരവേൽപ്പ് നൽകി. തുടർന്ന് ജനമനസ്സുകളിൽ എക്കാലത്തും ഇടംനേടിയ പരേതനായ മുൻമന്ത്രി വി കെ രാജന്റെ വസതിയിലേക്ക്. രാജന്റെ ഭാര്യ സതി, മക്കൾ വി ആർ സുനിൽകുമാർ എംഎൽഎ, സിറിൾകുമാർ, മരുമകൾ സിനു എന്നിവരുമായി അൽപ്പനേരം സ്നേഹഭാഷണം. മൂത്തചേച്ചിയുടെ മകന്റെ വിവാഹത്തിന് വി കെ രാജൻ വന്ന ഓർമ ഇന്നസെന്റ് വീട്ടുകാരോട് പങ്കുവച്ചു.
.jpg)
തുടർന്ന് രാജന്റെ കുടീരത്തിൽ പുഷ്പങ്ങളർപ്പിച്ചു. തൊട്ടടുത്ത വീട്ടിൽ ഏറയ്ക്കൽ ബാലന്റെ മരണ വിവരം അറിഞ്ഞ് അവിടെയും എത്തി. ക്ഷേത്രത്തിനുമുന്നിലെ ലോട്ടറിക്കച്ചവടക്കാരൻ ചന്ദ്രൻ പാഞ്ഞെത്തി സ്നേഹത്തോടൊപ്പം ലോട്ടറി നീട്ടി. ഒരു മടിയും കൂടാതെ ഇന്നസെന്റ‌് കേരള ലോട്ടറി ഒന്ന് എടുത്തു.
മേത്തല വെസ്റ്റ് ജീവൻനഗറിലെ വരവേൽപ്പിനുശേഷം, ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാൻ മസ്ജിദിലേക്ക്. കോട്ടപ്പുറം പള്ളിയിലേക്ക് നീങ്ങിയെങ്കിലും കുർബാന നടക്കുന്നതിനാൽ പിന്നീട് വരാമെന്ന് പറഞ്ഞ്, പൊയ്യയിലേക്ക് നീങ്ങി. സ്വതന്ത്ര്യസമരസേനാനി പഴുക്കര തെക്കുമുറി ടി പി പത്മനാഭൻ നായരുടെ മരണവിവരമറിഞ്ഞ‌് വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.
പകൽ പതിനൊന്നോടെ, മാള ടൗണിൽ ബസ‌്സ‌്റ്റാൻഡ‌് പരിസരത്ത്. വൈകിട്ട് കൺവൻഷനുകളിലും സ്ഥാനാർഥി പങ്കെടുത്തു. എൽഡിഎഫ് മണ്ഡലം കൺവീനർ കെ വി വസന്തകുമാർ, പി കെ ഡേവിസ്, എം രാജേഷ്, അമ്പാടി വേണു (സിപിഐ എം), വി ആർ സുനിൽകുമാർ എംഎൽഎ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.
എന്റെ കന്നിവോട്ട് ഇന്നസെന്റിന്...
തൃശൂർ > എന്റെ കന്നിവോട്ട് ഇന്നസെന്റിന്.... ശനിയാഴ്ച പകൽ കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനുമുന്നിൽ സ്ഥാനാർഥി ഇന്നസെന്റിന്റെ വരവും കാത്തുനിന്ന എം എസ് സഫ‌്നയുടേതാണ് ഈ പ്രഖ്യാപനം. ചാലക്കുടി ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റ് വോട്ടഭ്യർഥിച്ച‌് എത്തിയതിന‌് പിന്നാലെയാണ്, തിരക്കിനിടയിലൂടെ ഈ പെൺകുട്ടി സ്ഥാനാർഥിക്കടുത്തെത്തി കന്നിവോട്ട് പ്രഖ്യാപനം നടത്തിയത്.
ഇന്നസെന്റ‌് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതറിഞ്ഞ് വോട്ട് രേഖപ്പെടുത്തണം എന്ന് കരുതിയിരുന്നെങ്കിലും പ്രായം തികയാത്തതിനാൽ സഫ‌്നയ്ക്ക് അതിന് കഴിഞ്ഞില്ല. ഒടുവിൽ കഴിഞ്ഞ ദിവസം വോട്ടർപ്പട്ടികയിൽ ഇടം ലഭിച്ചതിന‌് പിന്നാലെയാണ് ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റ് മത്സരിക്കുന്ന വിവരം സഫ‌്ന അറിഞ്ഞത്. തുടർന്നാണ് ഇന്നസെന്റിനെ നേരിൽ കണ്ട് കന്നിവോട്ട് രേഖപ്പെടുത്തുന്ന വിവരം അറിയിക്കണമെന്ന‌് തീരുമാനിച്ചത‌്.
സ്ഥാനാർഥി സിവിൽ സ്റ്റേഷനുമുന്നിൽ എത്തിയപ്പോൾ, സഫ‌്ന പറഞ്ഞതിനു പിന്നാലെ സമീപത്തുണ്ടായിരുന്ന മറ്റു വിദ്യാർഥികളും ഞങ്ങളും വോട്ടുചെയ്യുമെന്ന് ഇന്നസെന്റിനെ നേരിൽ അറിയിച്ചു. തൃപ്രയാർ ശ്രീരാമ പോളിടെക്നിക് കോളേജിൽ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് സഫ‌്ന. പിതാവ‌് മേത്തല മൂലംകണ്ണി എം കെ സഗീർ കൊടുങ്ങല്ലൂർ നഗരസഭാ കൗൺസിലറാണ്.
വോട്ടഭ്യര്‍ഥിക്കാന്‍ മൂന്നാംക്ലാസുകാരി ഫാത്തിമയും
തൃശൂർ > കൊടുങ്ങല്ലൂർ ക്ഷേത്ര നടയ്ക്കുമുന്നിൽനിന്നാണ് ഫാത്തിമ ബദൂലിനെ ഇന്നസെന്റ് കണ്ടുമുട്ടുന്നത്. ഉപ്പ നജീബിനൊപ്പം സ്കൂളിലേക്ക് പോകാൻ ഇറങ്ങിയതാണ് ഫാത്തിമ ബദൂൽ. തന്റെ ഇഷ്ടതാരത്തെ നേരിൽ കണ്ടപ്പോൾ ഫാത്തിമ അദ്ദേഹത്തിനുപിന്നാലെകൂടി. വോട്ടഭ്യർഥിച്ച് നടക്കുന്നതിനിടെ, ഭക്ഷണം കഴിക്കാൻ നഗരത്തിലെ ആരതി ഹോട്ടലിലെത്തിയപ്പോൾ, ഇന്നസെന്റ് മൂന്നാം ക്ലാസുകാരി ഫാത്തിമയെയും അവിടേക്ക് കൂട്ടി. ചൂടുള്ള നെയ‌്റോസ‌്റ്റും വടയും മേശപ്പുറത്തെത്തിയതോടെ, ഇന്നസെന്റ് ആദ്യം അന്വേഷിച്ചത് ഫാത്തിമയെ. കാണാതായതോടെ, നീട്ടിയുള്ള വിളിക്കുപിന്നാലെ ഫാത്തിമ ഇന്നസെന്റിനടുത്തെത്തി.
ചൂടുള്ള ഉഴുന്നുവട ഇന്നസെന്റ് ഫാത്തിമയ്ക്കുനേരെ നീട്ടി. ആദ്യം ഒന്നുമടിച്ച ഫാത്തിമ, പിന്നെ ഉപ്പയുടെ സമ്മതത്തോടെ ഉഴുന്നുവട വാങ്ങി. കഴിക്കുന്നതിനിടെ, ഇന്നസെന്റ് അടുത്ത തമാശയ്ക്ക് തിരികൊളുത്തി. ‘മോള് എത്രാം ക്ലാസിലാ പഠിക്കുന്നേ' ഉടൻ വന്നു ഉത്തരം, ‘ മൂന്നാംക്ലാസിൽ.’ ‘അതേ, എട്ടാം ക്ലാസ് ആണ് ഏറ്റവും ഉയർന്ന പഠനം. ഞാൻ അതുവരെ മാത്രമേ പഠിച്ചിട്ടുള്ളൂ.' കൂടുതൽ പഠനത്തിനൊന്നും മുതിരണ്ടട്ടാ... എന്നും പറഞ്ഞതോടെ, ഹോട്ടലിലുള്ളവരും ചിരിയടക്കാനാകാതായി. അങ്കിളിനായി ഞാൻ എന്റെ വീട്ടുകാരോടും കൂട്ടുകാരോടും വോട്ടഭ്യർഥിക്കുമെന്ന് ഫാത്തിമ സ്ഥാനാർഥിക്ക് ഉറപ്പു നൽകി.
from Kerala || Deshabhimani Online News https://ift.tt/2UECqKt
via IFTTT
No comments:
Post a Comment