കൊച്ചി
ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് നിർമിച്ച വീട് ലഭിച്ച രതി ദിവാകരൻ എത്തിയത് അതിനു മുൻകൈ എടുത്ത പ്രിയനേതാവിന് നന്ദി അറിയിക്കാൻ, ഒപ്പം പ്രവർത്തിച്ച നേതാവിനെ കാണാൻ തൊഴിലാളികൾ, സഹപ്രവർത്തകർ സഹപാഠികൾ–- എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന് വ്യാഴാഴ്ച ലഭിച്ചത് ആവേശോജ്വല സ്വീകരണം.
മണ്ഡലപര്യടനം കളമശേരി അപ്പോളോ കമ്പനിയിലെ തൊഴിലാളികളുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയാണ് ആരംഭിച്ചത്. അപ്പോളോ ടയേഴ്സ് എംപ്ലോയീസ് യൂണിയനുവേണ്ടി സിഐടിയു വൈസ് പ്രസിഡന്റ് പി എ ശരത് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാർഥിക്ക് കൈമാറി. പ്രീമിയർ ടയേഴ്സ് ആയിരുന്ന സമയത്ത് ദീർഘകാലം പി രാജീവ് പ്രീമിയർ ടയേഴ്സ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഏലൂർ ഫാക്ട് ഉദ്യോഗമണ്ഡൽ ഡിവിഷനിലെ തൊഴിലാളികൾ ടൈം ഗേറ്റിലും നോർത്ത് ഗേറ്റിലുമായി സംഘടിപ്പിച്ച ഇ എം എസ്- –- എ കെ ജി ദിനാചരണങ്ങളിൽ പി രാജീവ് പങ്കെടുത്തു. രാജ്യസഭാംഗമായിരുന്നപ്പോൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഇടപെടാനായതും പിന്നീട് പ്രകൃതിവാതകത്തിന്റെ വില കുറയ്ക്കാനായതും രാജീവ് ഓർത്തെടുത്തു.
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിലെത്തിയ രാജീവിനെ സ്വീകരിക്കാൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഭവനനിർമാണ പദ്ധതിവഴി വീടു ലഭിച്ച രതി ദിവാകരനും എത്തി. തുടർന്ന് കളമശേരി റെയിൽവേ സ്റ്റേഷനിൽ ഫാക്ട് ഗോഡൗണിലെയും ഗുഡ്സ് ഷെഡിലെയും തൊഴിലാളികളെയും സന്ദർശിച്ചു. ഫാക്ട് സൈഡിങ് എംപ്ലോയീസ് യൂണിയന്റെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു രാജീവ്.
കളമശേരി റോക്ക് വെൽ റോഡിലെ വാത്സല്യം ശിശുഭവനും സ്ഥാനാർഥി സന്ദർശിച്ചു. രാജീവിനെ കളമശേരി നഗരസഭാ മുൻ കൗൺസിലറായ മിനി കെ വി സ്വന്തം കൃഷിയിടത്തിൽ ഉൽപ്പാദിപ്പിച്ച ജൈവപച്ചക്കറി നൽകി സ്വീകരിച്ചു. ഏറെനേരം ശിശുഭവനിലെ കുട്ടികളോടൊപ്പം പാട്ടും കളികളുമായി ചെലവഴിച്ച് മിഠായിയും വിതരണം ചെയ്താണ് രാജീവ് മടങ്ങിയത്.
അന്തരിച്ച സിപിഐ എം നേതാവ് ടി വി ഗംഗാധരന്റെ വീട്, മാർത്തോമാഭവനം കോൺവന്റ്, സെന്റ് ബ്രിഡ്ജട്ട്സ് കോൺവന്റ് എന്നിവിടങ്ങളും സന്ദർശിച്ചു. എച്ച്എംടി ജങ്ഷനിലെ ഓട്ടോ തൊഴിലാളികളോടും വോട്ട് അഭ്യർഥിച്ചു.സൗത്ത് കളമശേരിയിൽ വസ്ത്രവ്യാപാര സ്ഥാപനം ഉദ്ഘാടനംചെയ്തു. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലെത്തിയ രാജീവിനെ തൊഴിലാളി അജിത്കുമാർ സൂര്യകാന്തി നൽകി സ്വീകരിച്ചു. ഡിവൈഎഫ്ഐയുടെ സ്ഥിരം ഉച്ചഭക്ഷണവിതരണ പരിപാടി വേദിയിലെത്തിയ രാജീവ് പ്രവർത്തകരോടൊപ്പം പൊതിച്ചോറ് വിതരണത്തിൽ പങ്കെടുത്തു.
രാജ്യസഭാ എംപിയായിരുന്ന കാലത്ത് കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ വികസനപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടാൽ ശ്രമിക്കുമെന്ന് രാജീവ് പറഞ്ഞു. സെന്റ് പോൾസിൽ പ്രീഡിഗ്രി വിദ്യാർഥിയായിരുന്ന പി രാജീവിനെ കാണാൻ അന്നത്തെ സതീർഥ്യർ എത്തി. ഐടിഐയിലെ ജൂനിയർ സൂപ്രണ്ട് സുനിതാ പോൾ പി രാജീവിനെ സ്വീകരിച്ചത് അവർ വരച്ച രാജീവിന്റെ ചിത്രം സമ്മാനിച്ചാണ്.
ടെക്കികളുമായി സംവാദം
മതനിരപേക്ഷ സർക്കാരിന് കൂടുതൽ വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ
കൊച്ചി
എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചാലും ബിജെപിയെ പുറത്തിരുത്തി ഒരു സർക്കാർ വരുമ്പോൾ കേന്ദ്രത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കേണ്ടിവരില്ലേ എന്ന് ചോദ്യം. കോൺഗ്രസ് നയിക്കുന്ന ഒരു മതനിരപേക്ഷ സർക്കാരാണ് വരുന്നതെങ്കിൽ അതിനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിനേക്കാൾ വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെയാണെന്ന പി രാജീവിന്റെ മറുപടി കേട്ട് ടെക്കികൾ എഴുന്നേറ്റുനിന്ന് നിർത്താതെ കൈയടിച്ചു.
എൽഡിഎഫ് സ്ഥാനാർഥി പി രാജീവ് തെരഞ്ഞെടുപ്പു പ്രചാരണാർഥം ഇൻഫോപാർക്കിലെ ടെക്കികളുമായി നടത്തിയ സംവാദം വിഷയവൈപുല്യംകൊണ്ടും ആനുകാലിക പ്രസക്തികൊണ്ടും വേറിട്ടതായി. ഇൻഫോപാർക്കിലെ കെട്ടിടങ്ങളിൽ ജൈവകൃഷിയുടെ സാധ്യതയിൽ തുടങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ ഐടി മേഖലയെ എങ്ങനെ ബാധിക്കും എന്നതുവരെയുള്ള ചോദ്യങ്ങളാണ് സദസ്സിൽ ഉയർന്നത്. എല്ലാ ചോദ്യങ്ങൾക്കും വ്യക്തവും സ്ഫുടവുമായ മറുപടി.

പി രാജീവിന്റെ ആമുഖത്തോടെയാണ് സംവാദം ആരംഭിച്ചത്. എറണാകുളത്തിന്റെ സമഗ്രവികസനത്തിന് എന്തുചെയ്യാൻ കഴിയും എന്നതിന് ജനങ്ങളിൽനിന്ന് നിർദേശം സ്വീകരിക്കുന്ന കാര്യം രാജീവ് സൂചിപ്പിച്ചു. രാജ്യസഭയിൽ മറ്റു പാർടികളുടെ നേതാക്കൾ രാജീവിനെ വീണ്ടും സഭയിലെത്തിക്കണമെന്നു പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു ഒരു ചോദ്യം. രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കിയപ്പോൾ ഉയർന്ന ഇതേ ചോദ്യത്തിനു നൽകിയ മറുപടിയാണ് രാജീവ് സൂചിപ്പിച്ചത്. തനിക്കുമുമ്പ് രാജ്യസഭാംഗമായിരുന്ന ആൾ ഒരു ടേം എന്ന നിബന്ധന പാലിച്ചതുകൊണ്ടാണ് തനിക്ക് അവസരം ലഭിച്ചതെന്ന് മറുപടി.
ജൈവകൃഷിയുടെ അംബാസഡർ എന്നു രാജീവിനെ വിശേഷിപ്പിച്ച് ഇൻഫോപാർക്കിൽ ജൈവകൃഷി സാധ്യതകളെക്കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. സുഹൃത്ത് താമസിക്കുന്ന ഫ്ലാറ്റിന്റെ നാലാം നിലയിൽ തെങ്ങും ചേനയും ചേമ്പും പച്ചക്കറികളും അടക്കം കൃഷിചെയ്യുന്നത് ചൂണ്ടിക്കാട്ടി മറുപടി. നിങ്ങൾതന്നെ മുൻകൈയെടുത്താൽ പദ്ധതി വൻ വിജയമാകുമെന്നും തന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും രാജീവ് പറഞ്ഞു.
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നതിനെക്കുറിച്ചും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് താൻ എംപിയായിരുന്നപ്പോൾ വഞ്ചിനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാൻ നടത്തിയ ഇടപെടലുകളെക്കുറിച്ചും എംപി ഫണ്ടിൽനിന്ന് റോഡ് നിർമിച്ചതും ഓർമിപ്പിച്ചു. എറണാകുളം ഈസ്റ്റ് ആയി തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനെ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയും പങ്കുവച്ചു.
ദേശീയ രാഷ്ട്രീയവും ഐടി വികസനത്തിന്റെ ആവശ്യകതയും പ്രകൃതിസംരക്ഷണവും വികസനവും ഇടതുപക്ഷത്തിന്റെ പ്രസക്തിയുമെല്ലാം ചർച്ചയായി. ഒരു മണിക്കൂർ നീണ്ട സംവാദത്തിൽ നൂറിലധികം ടെക്കികൾ പങ്കെടുത്തു. ഒരുമിച്ചു ഫോട്ടോ എടുത്ത് വോട്ട് അഭ്യർഥിച്ചാണ് സ്ഥാനാർഥി മടങ്ങിയത്.
പഴയ ക്ലാസ് മുറിയില്‍ ഒരുവട്ടംകൂടി
സന്തോഷ് ബാബു
കൊച്ചി
ഷീല ടീച്ചര്‍ ചോദിച്ചു:
"രാജീവേ... പഴയ ക്ലാസ് മുറിയില്‍ ഒന്നിരിക്കണ്ടേ.'
സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച പാർലമെന്റേറിയൻ എന്ന് പേരുകേട്ട പി രാജീവിന്റെ ഓർമകൾ പൊടുന്നനെ പോളിടെക്നിക്കിലെ തന്റെ വിദ്യാർഥിജീവിത കാലത്തേക്ക് തിരിച്ചുപോയി. പിന്നെ, ടീച്ചര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പുറകെ രാജീവ് മൂന്നുപതിറ്റാണ്ടുമുമ്പ് താനിരുന്ന് പഠിച്ച ആ ക്ലാസ് മുറിയിലേക്ക് നടന്നു. കളമശേരി പോളിടെക്നിക്കിലെ 1985-–-88 ബാച്ച് കെമിക്കല്‍ എൻജിനിയറിങ് വിദ്യാര്‍ഥിയായിരുന്നു രാജീവ്.
.jpg)
ഒരുനിമിഷം എന്തോ ഓര്‍ത്തുനിന്നിട്ട് രാജീവ് ആ മുറിക്ക് അകത്തേക്കു കയറി. മുന്നിലെ ബെഞ്ചില്‍ തന്റെ ഇരിപ്പിടം കണ്ടെത്തി. മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്ന അവാര്‍ഡ് നേടിയിട്ടുള്ള പൂര്‍വവിദ്യാര്‍ഥിയെ അധ്യാപകരും ജീവനക്കാരും സ്നേഹാദരങ്ങളോടെ നോക്കി.
പിന്നെ പുതിയ വിദ്യാർഥികൾക്കൊപ്പം പഴയകാല വിശേഷങ്ങൾ പങ്കുവച്ചു.
‘ആദ്യമായി ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ചുജയിച്ച് രക്തഹാരവുമായി നിന്നത് ഇവിടെയായിരുന്നു.’
1985--–-86ല്‍ കളമശേരി പോളിടെക്നിക്കില്‍ വൈസ് ചെയര്‍മാനായ തന്റെ ആദ്യ തെരഞ്ഞെടുപ്പുവിജയത്തെക്കുറിച്ച് രാജീവ് ഓര്‍ത്തെടുത്തു.
"ഇപ്പോള്‍ വീണ്ടും ഈ മുറിയില്‍ ഇരിക്കുമ്പോള്‍ നിങ്ങളുടെ സ്നേഹവും ആവേശവും അതിരുകളില്ലാത്ത ഒരു ഊര്‍ജം എന്റെ ശരീരത്തിലേക്ക് പകരുന്നു.'–- രാജീവ് പറഞ്ഞു. പിന്നെ പ്രിന്‍സിപ്പൽ വി എന്‍ ലീലയെ സന്ദര്‍ശിച്ചു. വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് ലീല ടീച്ചര്‍ പറഞ്ഞു: ‘ഇവിടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. രാജീവ് ജയിച്ചുവന്നിട്ട് വേണം എല്ലാമൊന്ന് മെച്ചപ്പെടുത്താന്‍’. രാജീവ് എംപി ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ നല്കി പണികഴിപ്പിച്ച പുതിയ പ്രോജക്ട് ലാബിനെക്കുറിച്ച് പഴയ സഹപാഠികൂടിയായ ഷീല ടീച്ചര്‍ ഓര്‍മിപ്പിച്ചു.
അവിടെനിന്ന് തൊട്ടപ്പുറത്തെ ഐടിഐയിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ഒരാൾ വന്ന് വട്ടംനിന്നു, ക്യാന്റീനിലെ ഗംഗാധരൻ. അദ്ദേഹത്തെ കെട്ടിപ്പിടിച്ച് രാജീവ് പറഞ്ഞു: ‘ഞങ്ങളുടെ അന്നദാതാവാണ്’.
പി രാജീവിന്റെ വ്യാഴാഴ്ചയിലെ തെരഞ്ഞെടുപ്പുപര്യടനം കളമശേരിയിലായിരുന്നു.
"പോളിയുടെ സ്വന്തം രാജീവേട്ടന്...' എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണ് പോളിടെക്നിക്കിന്റെ കവാടത്തിൽ വിദ്യാർഥികൾ സ്വീകരിച്ചത്. ‘റെഡ് സല്യൂട്ട്... ബിഗ് സല്യൂട്ട്... രാജീവിനുപുറകിൽ വിദ്യാർഥികളുടെ മുദ്രാവാക്യം ഉയർന്നു.
-ഐടിഐയുടെ മുന്നിലും വിദ്യാർഥികൾ നിറഞ്ഞ ആവേശത്തോടെ രാജീവിനെ ചുവപ്പുമാല അണിയിച്ച് സ്വീകരിച്ചു. അവിടെനിന്ന് തന്റെ ആദ്യ കോളേജായിരുന്ന കളമശേരി സെന്റ് പോൾസ് കോളേജിലേക്ക്. കോളേജ് അസിസ്റ്റന്റ് മാനേജർ ഫാ. ജോസ് ആന്റണി പള്ളിപ്പറമ്പുമായും വിദ്യാർഥികളുമായും വിശേഷങ്ങൾ പങ്കുവച്ച് തെരഞ്ഞെടുപ്പുപര്യടനത്തിന്റെ അടുത്തഘട്ടത്തിലേക്ക് നീങ്ങി. എ എം യൂസഫ് മുൻ എംഎൽഎ, സക്കീർ ഹുസൈൻ, അഡ്വ. മുജീബ് റഹ്മാൻ, പി വി ഷാജി, എ ടി സി കുഞ്ഞുമോൻ തുടങ്ങിയവർ രാജീവിനൊപ്പം ഉണ്ടായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2HRtPAe
via IFTTT
No comments:
Post a Comment