ഇടുക്കി
മണ്ഡലത്തിലുണ്ടായ വികസന മുന്നേറ്റം തുടരേണ്ടതിനാണ് ജനങ്ങൾ ഇത്തവണ വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് പറഞ്ഞു. അഞ്ച് വർഷവും ജനങ്ങളേൽപ്പിച്ച ഉത്തരവാദിത്വം പത്തരമാറ്റ് വിശുദ്ധിയോടെ പൂർത്തീകരിക്കാൻ കഴിഞ്ഞതാണ് ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ആത്മവിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി, കോതമംഗലം മേഖലകളിൽ വോട്ടർമാരോട് സംസാരിക്കുകയായിരുന്നു സ്ഥാനാർഥി. എംപി സ്ഥാനം പദവിയായോ അലങ്കാരമായോ കാണാതെ ഉത്തരവാദിത്വമായാണ് കണ്ടിട്ടുള്ളത്. 4750 കോടി രൂപയുടെ വികസനം പൊരുതി നേടിയതാണ്. ഓരോ ഫയലുകൾക്കും പിന്നാലെ മനസ്സും ഹൃദയവും സമർപ്പിച്ചാണ് ത്വരിതഗതിയിൽ മണ്ഡലത്തിന്റെ മുഖഛായ മാറ്റിയത്. കേന്ദ്ര സർക്കാരിന്റെ മാത്രമല്ല സംസ്ഥാന സർക്കാരിലിടപ്പെട്ടും വികസന രംഗത്ത് പ്രവർത്തിക്കാനായി.
സംസ്ഥാന സർക്കാർ വലിയ പിന്തുണയാണ് ഇക്കാര്യത്തിൽ നൽകിയിട്ടുള്ളത്. ദേശീയപാതാ വികസന രംഗത്ത് കുതിച്ചു ചാട്ടമാണ് ഉണ്ടായത്. കേന്ദ്രാനുമതി ലഭിച്ച 2200 കോടിയുടെ പളനി- ശബരിമല തീർഥാടന ഹൈവേയും, ശബരി റെയിൽപാതയും യാഥാർഥ്യമാക്കുന്നതിനാണ് ഇനി മുൻഗണന നൽകുന്നത്. പദ്ധതി ചെലവിന്റെ പകുതി 1408 കോടി സംസ്ഥാനം വഹിക്കാമെന്ന് കേന്ദ്രത്തെ അറിയിച്ച സാഹചര്യത്തിൽ പദ്ധതി ഉടൻ തന്നെ പൂർത്തിയാക്കാനാകും. ഇപ്പോൾ ചെയ്തതിനേക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങൾ ഇനിയും ചെയ്യാൻ കഴിയും. കഴിഞ്ഞ അഞ്ച് വർഷത്തെ അനുഭവ സമ്പത്തും പരിചയവും ഇക്കാര്യത്തിൽ മുതൽക്കൂട്ടാവുമെന്നും ജോയ്സ് ജോർജ് പറഞ്ഞു.
ഇടുക്കി, കോതമംഗലം മേഖലകളിലെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഞായറാഴ്ച ജോയ്സ് ജോർജിന്റെ പ്രവർത്തനം. വിവിധ സ്ഥാപനങ്ങളിലെത്തി ഉടമകളെയും ജീവനക്കാരെയും കണ്ട് പിന്തുണ അഭ്യർഥിച്ചു.
വോട്ടുചെയ്യണം; നാടിനായി ‘തെരുവുനാടകം’
ഇടുക്കി
തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടി സ്വീപ്പിന്റെ ഭാഗമായി മൂന്നാറിൽ തെരുവുനാടകം സംഘടിപ്പിച്ചു. ആദിവാസി മേഖലകളിലെ പോളിങ് ശതമാനം ഉയർത്തുക, തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലയിലെ ആദിവാസി മേഖലകളിൽ തെരഞ്ഞടുപ്പ് ബോധവൽക്കരണം സംഘടിപ്പിച്ചത്. ‘എന്റെ വോട്ട് എന്റെ അവകാശം’ എന്ന സന്ദേശത്തോടെ വോട്ട് ചെയ്യുന്നതിനുള്ള പരിശീലനവും നൽകി. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, കൺട്രോൾ യൂണിറ്റ്, വിവി പാറ്റ് മെഷീൻ, ബാലറ്റ് യൂണിറ്റ് എന്നിവ ജനങ്ങളെ പരിചയപ്പെടുത്തി.

വോട്ടർപട്ടികയിൽ പേരു ചേർക്കേണ്ടതിന്റെ ആവശ്യകതയും രീതികളും തിരിച്ചറിയൽ രേഖകളായി ഉപയോഗിക്കാൻ കഴിയുന്ന രേഖകളെ കുറിച്ചുള്ള അവബോധവും നാടകം പകർന്നുനൽകി. പരീക്ഷണാർഥം വോട്ട് ചെയ്യാനുള്ള സൗകര്യവും സംശയ നിവാരണവും നാടൻ പാട്ടുമെല്ലാം ജനങ്ങളെ ഏറെ ആകർഷിച്ചു.
ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മൂന്നാർ ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി. സബ് കലക്ടർ രേണു രാജ്, മൂന്നാർ ഡിഎഫ്ഒ നരേന്ദ്ര ബാബു, വൈൽഡ് ലൈഫ് വാർഡൻ ആർ ലക്ഷ്മി, നോഡൽ ഓഫീസർ ശ്രീകല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ആദിവാസി മേഖലകളായ പെരിങ്ങാശേരി, അറക്കുളം, വെള്ളിയാമറ്റം എന്നീ സ്ഥലങ്ങളിലും നാടകം അവതരിപ്പിച്ചു. ഇടുക്കി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ രംഗശ്രീ തെരുവുനാടക സംഘമാണ് ജില്ലയിലെ വിവിധ മേഖലകളിലെ ജനങ്ങൾക്കായി തെരഞ്ഞെടുപ്പ് കമീഷൻ രചിച്ച തെരുവുനാടകം അവതരിപ്പിച്ചത്.
എംപിയും മന്ത്രിയും ജനങ്ങൾക്കൊപ്പം
അതിർത്തി തർക്കങ്ങളില്ല; കമ്പംമെട്ടിൽ ജീവിതം ഇന്ന് ശാന്തം
എം എ സിറാജുദ്ദീൻ
നെടുങ്കണ്ടം
കമ്പംമെട്ട് ഉൾപ്പെടെ അതിർത്തി ഗ്രാമങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ആശങ്കയകറ്റി കുടിയേറ്റ കർഷകർക്ക് ഇന്നിവിടെ ശാന്തജീവിതം. മന്ത്രി എം എം മണി, ജോയ്സ് ജോർജ് എംപി എന്നിവരുടെ ശക്തമായ ഇടപെടൽ ഒന്നു കൊണ്ടുമാത്രമാണ് തങ്ങളുടെ ആകെയുള്ള കിടപ്പാടം കാക്കാനായതെന്ന് പാണ്ടിയാംകുഴി വീട്ടിൽ സദാനന്ദനും ഭാര്യ കുസുമവും പറയുന്നു.
കമ്പംമെട്ടിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവ് കടത്തുകാരെ പിടികൂടുന്നതിനായി മൊഡ്യൂൾഡ് കണ്ടെെയ്നർ സ്ഥാപിച്ചതോടെയാണ് ഇവരുടെ ജീവിതം അശാന്തമായത്. സംസ്ഥാന അതിർത്തി സംബന്ധിച്ച് ഉടലെടുത്ത തർക്കം ഇവർക്ക് ആകെയുള്ള സമ്പാദ്യമായ നാല് സെന്റ് സ്ഥലവും വീടും നഷ്ടമാകുന്ന സ്ഥിതിയിൽ എത്തിച്ചു. രണ്ടുവർഷം മുമ്പ് ഉദ്യോഗസ്ഥർ അതിർത്തി അളന്നുതിരിച്ചപ്പോഴാണ് ഇവരുടെ വീടും സ്ഥലവും, കൂടാതെ സമീപവാസികളായ കളീക്കൽ കുഞ്ഞുമോൾ ജോർജിന്റെ അരയേക്കേറും കിഴക്കേനാത്ത് ജോയിയുടെ 30 സെന്റും കാലാപ്പള്ളിയിൽ ജോയിയുടെ 15 സെന്റും കുഴൽ കിണറും ഉൾപ്പെടെ തമിഴ്നാട്ടിലാണെന്നുപറഞ്ഞ് അളന്ന് കുറ്റിവച്ചത്.

ഇതിനിടെ കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ തമിഴ്നാട് വനത്തിൽ ഉൾപ്പെടുന്നതാണെന്നും തമിഴ്നാട് ഉദ്യോഗസ്ഥർ അറിയിച്ചു. കുമളി മുതൽ ചതുരംഗപ്പാറ വരെയുള്ള അതിർത്തി മുഴുവൻ അളന്നുതിരിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് ഉദ്യോഗസ്ഥർ നിലപാട് കടുപ്പിച്ചു. ഇതോടെ അവസരം മുതലെടുത്ത് അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കുന്നതിന് ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
40 വർഷത്തിലേറെയായി തുണ്ടുഭൂമിയിൽ വീടുവച്ചും കൃഷി ചെയ്തും ജീവിക്കുന്ന നിരവധി കുടുംബങ്ങൾ ഭീതിയിൽ കഴിഞ്ഞിരുന്ന സന്ദർഭത്തിൽ സ്ഥലം സന്ദർശിച്ച മന്ത്രിയും എംപിയും ജനങ്ങൾക്കൊപ്പം നിന്നു. മന്ത്രി എം എം മണിയും ജോയ്സ് ജോർജ് എംപിയും തമിഴ്നാട്ടിലെ മന്ത്രിതലത്തിലും ഇരു സംസ്ഥാനത്തെയും റവന്യൂ, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ഫലപ്രദമായ ഇടപെടലും ഫലംകണ്ടു. നിരന്തരം പ്രകോപനം സൃഷ്ടിച്ചുവന്ന തമിഴ്നാട് വനം വകുപ്പിലെ ഉദ്യോഗസ്ഥരെ ശക്തമായ ഭാഷയിൽ താക്കീത് ചെയ്തതോടെയുമാണ് അതിർത്തിയിൽ ഭീതിയൊഴിഞ്ഞത്. മന്ത്രിയും എംപിയും സമയോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ തങ്ങൾ ഇവിടെനിന്നും ഒഴിഞ്ഞുപോകേണ്ടി വരുമായിരുന്നുവെന്ന് ഇവർ പറയുന്നു.
സുന്ദരമീ ഗ്രാമീണ റോഡുകൾ
പി ജി ബിജു
മൂവാറ്റുപുഴ
ഇടുക്കിയുടെ മലയോര കാർഷിക മേഖലയിൽ ഗതാഗതസൗകര്യം ഒരുക്കുന്നതിനൊപ്പം മൂവാറ്റുപുഴയിൽ 36 ഗ്രാമീണ റോഡുകളുടെ വികസനം യാഥാർഥ്യമാക്കിയാണ് ജോയ്സ് ജോർജ് ഇത്തവണയും നാട്ടുകാർക്ക് മുന്നിലെത്തുന്നത്. പിഎംജിഎസ്വൈ പദ്ധതിയിൽ മൂവാറ്റുപുഴയിൽ അഞ്ച് റോഡുകൾക്ക് 6.46 കോടി രൂപയും മൂവാറ്റുപുഴ നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും റോഡ് നിർമാണ പദ്ധതിയിൽ 31 റോഡുകൾക്ക് 1,58,35,000 രൂപയുമാണ് അനുവദിച്ചത്. ഗതാഗതം സുഗമമാക്കിയതിനൊപ്പം കാർഷിക, വാണിജ്യ, വ്യവസായ മേഖലയുടെ വികസനത്തിനും ജോയ്സ് ജോർജ് വഴിയൊരുക്കി.
കാടും മേടും താണ്ടിയുള്ള യാത്രകൾക്ക് കൂടുതൽ സൗകര്യമൊരുക്കണമെന്ന ദൃഢനിശ്ചയമാണ് മണ്ഡലത്തിന്റെ ഉൾഗ്രാമങ്ങളിലുൾപ്പെടെ റോഡുകൾ നിർമിക്കുന്നതിനും നിലവിലുള്ള റോഡുകൾ ആധുനികരീതിയിൽ നവീകരിക്കുന്നതിനും തുക അനുവദിച്ചത്. പിഎംജിഎസ്വൈ പ്രകാരം പായിപ്ര പഞ്ചായത്തിലെ പായിപ്ര സ്കൂൾപ്പടി–--കല്ലുപാലം റോഡിന് (2.1 കിലോമീറ്റർ) 1.44 കോടിയും പേഴയ്ക്കാപ്പിള്ളി–-- മാനാറി റോഡിന് (2.15 കിലോ മീറ്റർ) 1.39 കോടിയും മഞ്ഞള്ളൂർ പഞ്ചായത്തിലെ വാഴക്കുളം എക്സ്ചേഞ്ച് -–-മഞ്ഞള്ളൂർ റോഡിന് (2 കിലോ മീറ്റർ) 1. 43 കോടിയും ആരക്കുഴ പഞ്ചായത്തിലെ മുതുകല്ല് -–-പെരുമ്പല്ലൂർ വെസ്റ്റ് റോഡിന് (1.775 കിലോമീറ്റർ) 1.28 കോടിയും മാറാടി പഞ്ചായത്തിലെ മാറാടി സൗത്ത് -–-പെരുമ്പല്ലൂർ സൗത്ത് റോഡിന് (1.3 കിലോമീറ്റർ) 92.02 ലക്ഷം രൂപയും നൽകി.
മൂവാറ്റുപുഴ നഗരത്തിന്റെ ഗതാഗതക്കുരുക്കഴിക്കാൻ നടപ്പാക്കുന്ന മൂവാറ്റുപുഴ ബൈപാസ് റോഡ് പദ്ധതിയുടെ കടാതിമുതൽ പുതുപ്പാടിവരെ 4.87 കിലോമീറ്റർ നിർമാണത്തിന് വിശദമായ പദ്ധതിറിപ്പോർട്ട് തയ്യാറാക്കി കേന്ദ്രസർക്കാരിന് നൽകി. ഇതോടൊപ്പം കൊച്ചി–-ധനുഷ് കോടി ദേശീയപാതയെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറി. ബൈപാസ് നിർമാണത്തിന് കേന്ദ്രാനുമതിക്കായി സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടു.
2014 മുതൽ ഇതുവരെ കേരളത്തിൽ ഏറ്റവും കൂടുതൽ റോഡ് നിർമിച്ചത് ഇടുക്കി പാർലമെന്റ് മണ്ഡലത്തിലാണ്. പിഎംജിഎസ്വൈ പ്രകാരം ഇടുക്കി മണ്ഡലത്തിലാകെ 222 കിലോമീറ്റർ നിർമാണ പ്രവർത്തനങ്ങൾക്കായി 194.06 കോടി രൂപയും 204 വിവിധ ഗ്രാമീണ റോഡുകൾക്ക് 11.56 കോടി രൂപയുമാണ് അനുവദിച്ചത്. ഭൂരിഭാഗം റോഡുകളുടേയും നിർമാണം പൂർത്തിയായി. കൂടാതെ 500 കിലോമീറ്റർ റോഡ് നിർമാണത്തിനുള്ള അനുമതി തേടിയിരിക്കുകയാണ്.
ജോയ്സ് ജോർജിനെ വിജയിപ്പിക്കുക: ഹൈറേഞ്ച് സംരക്ഷണ സമിതി
തൊടുപുഴ
കർഷകജനതയുമായി ബന്ധപ്പെട്ട ഏല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് പരിഹാരം കാണുകയും മണ്ഡലത്തിൽ സമഗ്രവികസനം നടപ്പാക്കുകയും ചെയ്ത അഡ്വ. ജോയ്സ് ജോർജിനെ ഇനിയും വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഹെറേഞ്ച് സംരക്ഷണസമിതി സെക്രട്ടറി ജോസഫ് കുഴിപ്പിള്ളിൽ പറഞ്ഞു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പു വിജയത്തിനായി സമിതി പ്രവർത്തകർ നടത്തിയ പ്രചാരണ പരിപാടിയുടെ ആദ്യദിനത്തെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ജനപ്രതിനിധി എങ്ങിനെയായിരിക്കണമെന്ന് അദ്ദേഹം ജനങ്ങൾക്കു മുന്നിൽ തെളിയിച്ചു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒളിച്ചോടാതെ ജനങ്ങൾക്കൊപ്പം നിന്നതിന്റെ നിരവധി ഉദാഹരണങ്ങളിൽ ഒന്നാണ് പ്രളയ ദുരിതത്തിൽപെട്ടവർക്കിടയിൽ നടത്തിയ രക്ഷാപ്രവർത്തനം. കഴിഞ്ഞകാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി ഇടുക്കിയെ സംസ്ഥാനത്തെ മികച്ച വികസനനേട്ടം കൈവരിച്ച മണ്ഡലമാക്കി മാറ്റി. പാർലമെന്ററി രംഗത്തെ മികവും എടുത്തു പറയേണ്ടതാണ്. സാമൂഹിക പ്രശ്നങ്ങളിലെ സജീവമായ ഇടപെടലും മണ്ഡലത്തിലെ സ്ഥിരസാന്നിധ്യവും അവിതർക്കിതമായ കാര്യമാണ്. ഈ സാഹചര്യത്തിലാണ് മലയോര സംരക്ഷണസമിതി അഡ്വ. ജോയ്സ് ജോർജിന്റെ വിജയം ഉറപ്പിക്കാൻ വീണ്ടും രംഗത്തിറിങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2HFhrUH
via IFTTT
No comments:
Post a Comment