കയ‌്പമംഗലം
കത്തുന്ന ഉച്ചവെയിലിൽ മതിലകത്ത‌് കാത്തുനിന്ന നൂറുകണക്കിന‌് തൊഴിലുറപ്പ‌് തൊഴിലാളികൾ ഇതുപോലൊരു ഉറപ്പ‌് നൽകുമെന്ന‌് ഇന്നസെന്റുപോലും പ്രതീക്ഷിച്ചില്ല. വോട്ട‌് തേടിയുള്ള യാത്രയിൽ ഉച്ചവെയിലിന്റെ കാഠിന്യത്തിൽ കുളിർമഴപോലൊരു വാഗ‌്ദാനം ആരാണ‌് ഇഷ‌്ടപ്പെടാത്തത്. തലയിൽ തോർത്തുമുണ്ടുമിട്ട‌് റോഡരികിൽ കാത്തുനിന്ന തൊഴിലാളിസ‌്ത്രീകൾ എൽഡിഎഫ‌് സ്ഥാനാർഥിയെ തടഞ്ഞുനിർത്തി. തൊഴിലുറപ്പ‌് തൊഴിലാളികളുടെ കൂലിക്കുവേണ്ടി പാർലമെന്റിൽ പ്രസംഗിച്ച കാര്യമാണ‌് പിന്നെ ചോദിച്ചത‌്.
‘കുറെക്കാലം പൈസ കുടിശ്ശികയായിരുന്നു സാറേ, നിങ്ങളെപ്പോലുള്ളവരുവേണം അവിടെ ഇനിയും’ ചിരിയോടെ അവരുടെ ഹൃദയവായ‌്പ‌് ഏറ്റുവാങ്ങി കൈവീശി യാത്ര പറയുമ്പോൾ ഇന്നസെന്റ‌് ഉറപ്പിച്ചു. തൊഴിലുറപ്പിന്റെ ഉറപ്പ‌് ആരുവന്ന‌് പറഞ്ഞാലും മാറില്ല.
ചാലക്കുടി മണ്ഡലത്തിലെ തീരദേശ നിയോജകമണ്ഡലമായ കയ‌്പമംഗലത്ത‌് ഏഴു പഞ്ചായത്തുകളിലും ആവേശം നിറയ‌്ക്കുന്ന സ്വീകരണമാണ‌് ഒരുക്കിയത‌്. തീരപ്രദേശങ്ങളായ അഴീക്കോട്ടും ഏറിയാട്ടും സ‌്ത്രീകളുടെ നീണ്ടനിര സ്ഥാനാർഥിയെ കാത്തുനിന്നു. അഴീക്കോട് മാർത്തോമ്മാ ദേവാലയത്തിലെത്തി ക്രിസ‌്തുശിഷ്യൻ സെന്റ‌് തോമാശ്ലീഹയുടെ തിരുശേഷിപ്പുകൾ വണങ്ങി. പള്ളി വികാരി റെക്ടർ ഫാ. ആന്റണി വേലത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ഇന്നസെന്റിനെ സ്വീകരിച്ചു. ഇന്നസെന്റിന്റെ പഴയ സുഹൃത്തുകൂടിയാണ‌് ഫാ. ആന്റണി. ‘ഇത‌് എന്റെ കൂട്ടുകാരൻ ഇന്നസെന്റിനായുള്ള പ്രത്യേക പ്രാർഥന’ എന്ന‌് ഫാ. ആന്റണിയുടെ സ‌്നേഹപ്രകടനം. അൽപ്പസമയത്തെ സുഖാന്വേഷണങ്ങൾക്കുശേഷം അഴീക്കോട‌് പുത്തൻപള്ളി ജുമാ മസ‌്ജിദിലേക്ക‌്. വിശ്വാസികളുടെ വലിയൊരു സംഘം അവിടെയും കാത്തുനിൽപ്പുണ്ടായിരുന്നു. പേബസാർ മഹല്ല് പള്ളിയും സന്ദർശിച്ചു. അഴീക്കോട‌്–- മുനമ്പം പാലം പണി ഉടൻ പൂർത്തിയാക്കാൻ ഇടപെടണമെന്ന് മഹല്ല‌് കമ്മിറ്റിയുടെ എളിയ ആവശ്യം. പിന്നെ കയ‌്പമംഗലത്ത‌് ഫിഷറീസ‌് സ‌്കൂളിൽ വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പുയോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
തീരദേശത്തിന്റെ രക്തസാക്ഷി സർദാർ ഗോപാലകൃഷ‌്ണന്റെ മണ്ണായ എടത്തിരുത്തി പുളിച്ചോടിൽ വൻജനാവലിയാണ‌് ഇന്നസെന്റിനെ കാത്തുനിന്നത‌്. എസ‌്എൻ പുരം പഞ്ചായത്തിലെ സുപ്രീം, ബേക്കറി യൂണിറ്റിലും മതിലകം, ഏറയാട‌് പഞ്ചായത്തുകളിലും പെരിഞ്ഞനം ബാലസുധ ആയുർവേദ മരുന്നുനിർമാണ യൂണിറ്റിലുമെല്ലാം ഹൃദ്യമായി വരവേറ്റു. അന്തരിച്ച കെ എസ‌് മുഹമ്മദിന്റെ വീട്ടിലുമെത്തി. കയ‌്പമംഗലം എൽഡിഎഫ‌് മണ്ഡലം സെക്രട്ടറി പി കെ ചന്ദ്രശേഖരൻ, സിപിഐ എം നാട്ടിക ഏരിയ സെക്രട്ടറി പി എം അഹമ്മദ‌്, ഇ ടി ടൈസൺ എംഎൽഎ, ടി പി രഘുനാഥ‌് എന്നിവരും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2TId3tT
via IFTTT
No comments:
Post a Comment