വയനാട്ടിൽ രാഹുൽ ഗാന്ധിയെ രംഗത്തിറക്കി നേട്ടംകൊയ്യാമെന്ന മനക്കോട്ട തകർന്നടിഞ്ഞപ്പോൾ അന്തർനാടകമെന്ന പൊയ‌് വെടിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. രാഹുലിനെ തടയാൻ ഒരു പാർടി ഡൽഹിയിൽ അന്തർനാടകം നടത്തിയെന്നാണ‌് മുല്ലപ്പള്ളിയുടെ കണ്ടുപിടിത്തം. വയനാടൻ പ്രതിസന്ധി കോൺഗ്രസിനെ പിടിച്ചുലച്ചിരിക്കുന്നുവെന്ന‌് സാക്ഷ്യപ്പെടുത്തുന്നതാണ‌് മുല്ലപ്പള്ളിയുടെ വേവലാതി.
രാഹുലിന്റെ പിന്മാറ്റത്തിനു പിന്നിൽ സിപിഐ എം ആണെന്നാണ‌് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ‌് ശ്രീധരൻ പിള്ള ആരോപിച്ചത‌്. ഇതിന്റെ ചുവടുപിടിച്ചാണ‌് ഇടതുപക്ഷത്തിനെതിരെ ദുരാരോപണവുമായി മുല്ലപ്പള്ളിയുടെ വരവ‌്.
രാഹുൽ വരരുതെന്ന‌് പറയാൻ മുഖ്യമന്ത്രി പിണറായി വിജയന‌് എന്ത‌് അധികാരമെന്നും മുല്ലപ്പള്ളി ചോദിക്കുന്നു. രാഹുലിന്റെ സ്ഥാനാർഥിത്വത്തിലെ രാഷ‌്ട്രീയ സന്ദേശത്തെയാണ‌് മുഖ്യമന്ത്രിയും സിപിഐ എമ്മും ചോദ്യംചെയ‌്തത‌്.
ദേശീയ തലത്തിൽ ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ മുൻനിരയിൽ നിൽക്കുന്നതായി അവകാശപ്പെടുന്ന കോൺഗ്രസ‌് അധ്യക്ഷൻ കേരളത്തിൽ വന്ന‌് ഇടതുപക്ഷത്തെ എതിർക്കുന്നതിലെ സന്ദേശം എന്താണെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന‌് കോൺഗ്രസ‌് നേതൃത്വത്തിന‌് ഇനിയും മറുപടി നൽകാനായിട്ടില്ല. വയനാട്ടിലെ സ്ഥാനാർഥിത്വത്തിൽ പുനഃപരിശോധനയ‌്ക്ക‌് ഈ ചോദ്യം പ്രേരണ ചെലുത്തിയെങ്കിൽ അത‌് ദേശീയ താൽപ്പര്യം മുൻനിർത്തി മാത്രമായിരിക്കാം. ഇക്കാര്യം മുല്ലപ്പള്ളിക്ക‌് ബോധ്യമാകാൻ സമയമെടുക്കും.
വയനാട്ടിലല്ല കേരളത്തിൽ എവിടെ രാഹുൽ മത്സരിച്ചാലും രാഷ‌്ട്രീയമായി നേരിടുമെന്ന‌് സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട‌്. ഇടതുപക്ഷം വിശാല മതേതര ഐക്യനിരയ‌്ക്കുവേണ്ടിയും മോഡി ഭരണത്തെ വലിച്ചിറക്കാനുമാണ‌് നിലകൊള്ളുന്നതെന്ന‌് കോൺഗ്രസ‌് നേതൃത്വത്തിനും ബോധ്യമാണ‌്.
കേരളത്തിലെ കോൺഗ്രസ‌് സ്ഥാനാർഥി നിർണയത്തിൽ നടന്ന കള്ളക്കളികളും വീതംവയ‌്പ്പും കോൺഗ്രസുകാരിൽ പോലും വലിയതോതിൽ അവമതിപ്പ‌് സൃഷ‌്ടിച്ചിട്ടുണ്ട‌്.
മിടുക്കന്മാരും ചുണക്കുട്ടികളും സ്ഥാനാർഥികളായി അവതരിക്കുമെന്നാണ‌് മുല്ലപ്പള്ളിയും ചെന്നിത്തലയും മേനിപറഞ്ഞത‌്. പട്ടിക വന്നപ്പോഴാകട്ടെ ‘കളങ്കിത വ്യക്തിത്വം’ എന്ന‌് മുൻ കെപിസിസി പ്രസിഡന്റ‌് വി എം സുധീരൻ കുറിയിട്ട ബെന്നി ബെഹനാൻ, പീഡനക്കേസിൽ ആരോപണവിധേയരായ ഹൈബി ഈഡൻ, അടൂർ പ്രകാശ‌്, അർധരാത്രിയിൽ യുവതിക്കൊപ്പം നാട്ടുകാർ തടഞ്ഞുവച്ച‌് വിവാദത്തിൽപ്പെട്ട രാജ‌്മോഹൻ ഉണ്ണിത്താൻ ...
കോൺഗ്രസിലെ ‘അഭിനവ ത്രിമൂർത്തികളായ’ ഉമ്മൻചാണ്ടി, രമേശ‌് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ കരവിരുതിൽനിന്നാണ‌് ഈ പട്ടിക പിറന്നുവീണത‌്. അതിനായി കേരളത്തിലും ഡൽഹിയിലും അരങ്ങേറിയ അന്തർ നാടകങ്ങൾ മുല്ലപ്പള്ളിക്ക‌് മറക്കാനും കഴിയില്ല.
മൂവർ സംഘം പങ്കിട്ടെടുത്ത സ്ഥാനാർഥികൾക്കെതിരെ ഗ്രൂപ്പ‌് ഭേദമെന്യേ കോൺഗ്രസുകാരിൽ രോഷം നുരഞ്ഞുപൊന്തുകയാണ‌്. നേതാക്കൾക്ക‌് മറുപടി നൽകാൻ കോൺഗ്രസുകാർ കാത്തിരിക്കുന്നുവെന്ന‌് ഉറപ്പായപ്പോഴാണ‌് അപ്രതീക്ഷിതമായി രാഹുൽ ഗാന്ധിയുടെ പേരുമായി ഉമ്മൻചാണ്ടിയുടെ രംഗപ്രവേശം.
രാഹുൽ സ്ഥാനാർഥിയായി വരുമെന്ന‌് ഉമ്മൻചാണ്ടി അറിയിച്ചതിനു പിന്നാലെ അതുറപ്പിച്ച‌് ചെന്നിത്തലയും മുല്ലപ്പള്ളിയും അരങ്ങ‌് കൊഴുപ്പിച്ചു.
തന്റെ പേര‌് ഉയർത്തിവിട്ട‌് ഇവിടെ നടത്തിയ കോലാഹലം രാഹുൽ ഗാന്ധി അറിഞ്ഞിരുന്നില്ലെന്ന‌് വേണം കരുതാൻ. അദ്ദേഹത്തിന്റെയോ കോൺഗ്രസ‌് നേതൃത്വത്തിന്റെയോ സമ്മതത്തോടെയായിരുന്നെങ്കിൽ ഇത്രയും നാണംകെട്ട നിലയിൽ കോൺഗ്രസും യുഡിഎഫും അധഃപതിക്കുമായിരുന്നില്ല.
from Kerala || Deshabhimani Online News https://ift.tt/2OCJG7q
via IFTTT
No comments:
Post a Comment