തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സംരക്ഷണ നയത്തിന‌് അംഗീകാരമായി ചേർത്തല ഓട്ടോകാസ്റ്റിന‌് ട്രെയിൻ ബോഗി നിർമാണത്തിന‌് അനുമതി. റെയിൽവേയുടെ ഗുണപരിശോധനാ വിഭാഗമായ റിസർച്ച‌് ആൻഡ‌് സ‌്റ്റാൻഡേർഡ‌്സ‌് ഓർഗനൈസേഷന്റെ (ആർഡിഎസ‌്ഒ) അംഗീകാരമാണ‌് ഓട്ടോകാസ‌്റ്റിന‌് ലഭിച്ചത‌്. ഇതാദ്യമായാണ‌് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനം ഈ അംഗീകാരം നേടുന്നത‌്.
യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് വിറ്റുതുലയ‌്ക്കാൻ ശ്രമിച്ച സ്ഥാപനമാണ‌് ഇപ്പോൾ ഇന്ത്യൻ റെയിൽവേയുടെ അംഗീകാരം നേടി വൻകുതിപ്പു നടത്തുന്നത‌്. 1984ൽ സ്ഥാപിച്ച ഓട്ടോകാസ‌്റ്റ‌് ഏഷ്യയിലെ ഏറ്റവും മികച്ച ഉരുക്കുൽപ്പാനശാലയാണ‌്. എന്നാൽ, യുഡിഎഫ‌് സർക്കാരിന്റെ അവഗണനയുടെ ഫലമായി 1992ൽ പീഡിത വ്യവസായമായി പ്രഖ്യാപിച്ചു. 2004ൽ എ കെ ആന്റണി സർക്കാർ സ്ഥാപനം സ്വകാര്യമേഖലയ‌്ക്ക‌് കൈമാറാൻ ശ്രമിച്ചെങ്കിലും ജീവനക്കാരുടെയും തൊഴിലാളികളുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും എതിർപ്പിനെത്തുടർന്ന‌് നടന്നില്ല.
2008–-09ലെ റയിൽവേ ബജറ്റിൽ ഓട്ടോകാസ‌്റ്റിൽ ബോഗി നിർമിക്കുമെന്ന‌് മന്ത്രി ലാലുപ്രസാദ‌് യാദവ‌് പ്രഖ്യാപിച്ചത‌് പ്രതിസന്ധിയിലായ സ്ഥാപനത്തിന‌് പ്രതീക്ഷ നൽകി. ഇതിനായി 85 കോടിരൂപ വകയിരുത്തുകയും ചെയ്തു. എന്നാൽ, പ്രഖ്യാപനം കടലാസിലൊതുങ്ങി. കേരളത്തിൽ നിന്നുള്ള ഇ അഹമ്മദ‌് റയിൽേവ സഹമന്ത്രിയായിട്ടും ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. ഇതിനിടെ 2010ൽ സ‌്റ്റീൽ കാസ‌്റ്റിങ് ലൈനിന്റെ നിർമാണം മുടങ്ങിയത‌് പ്രതിസന്ധി രൂക്ഷമാക്കി. എന്നാൽ, 2016ൽ എൽഡിഎഫ‌് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ സ‌്റ്റീൽ കാസ‌്റ്റിങ‌് ഉൽപ്പാദിപ്പിക്കാനുള്ള കർശന നിർദേശം നൽകി. 2017ൽ ബോഗി നിർമാണത്തിനും സ‌്റ്റീൽ കാസ‌്റ്റിങ‌് ലൈനിങ‌് പൂർത്തീകരണത്തിനുമായി പത്തുകോടി രൂപ അനുവദിച്ചു. ഈ ധനസഹായവും പിന്തുണയുമാണ‌് ഓട്ടോകാസ‌്റ്റിനെ ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ നിരയിലേക്കുയർത്തിയത‌്.
ആർഡിഎസ‌്ഒയുടെ ‘ക്ലാസ‌് എ ഫൗണ്ടറി’ അംഗീകാരം ലഭിക്കുന്നതിനായി എൽഡിഎഫ‌് സർക്കാർ അധികാരമേറ്റതുമുതൽ ശ്രമിച്ചുവരികയായിരുന്നു. ഇതിനായി മാനദണ്ഡങ്ങൾ പാലിച്ച‌് ബോഗികളുടെ സാമ്പിളടക്കം ഇവിടെ നിർമിച്ചു. 2018 ഡിസംബർ മുതൽ ഈവർഷം ഫെബ്രുവരിവരെ ആർഡിഎസ‌്ഒയുടെ ഹൈദരാബാദ‌് ഓഫീസിൽനിന്നുള്ള വിദഗ്ധർ ഇവിടെ ഗുണനിലവാര, നിർമാണ ശേഷികൾ പരിശോധിച്ചു. ഈ മാസമാദ്യം ആർഡിഎസ‌്ഒ ഡയറക്ടർ വി എസ‌് യാദവിന്റെ നേതൃത്വത്തിലുള്ള സംഘവും പരിശോധനയ‌്ക്കെത്തി. തുടർന്ന‌്, പ്രതിവർഷം 4800 മെട്രിക‌് ടൺ ഉരുക്ക‌് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ക്ലാസ‌് എ ഫൗണ്ടറിയായി ഓട്ടോകാസ‌്റ്റിന‌് അംഗീകാരം നൽകി. പിന്നാലെ റെയിൽവേയുടെ അംഗീകൃത വിതരണക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന അറിയിപ്പ‌് വി എസ‌് യാദവിൽനിന്ന‌് ഓട്ടോകാസ‌്റ്റിന‌് ലഭിച്ചു.
ചരക്കുബോഗികളാണ‌് തുടക്കത്തിൽ ഓട്ടോകാസ‌്റ്റിൽ നിർമിക്കുക. റെയിൽവേ നിലവിലിത‌് പൂർണമായും സ്വകാര്യകമ്പനികളിൽ നിന്നാണ‌് വാങ്ങുന്നത‌്. പ്രതിവർഷം രണ്ടായിരത്തിലേറെ ബോഗികളാണ‌് റയിൽവേക്ക‌് ആവശ്യം. രണ്ടുലക്ഷത്തിലേറെ രൂപയാണ‌് ഒരു ബോഗിയുടെ വില. ബോഗി നിർമാണത്തിലൂടെ ഓട്ടോകാസ‌്റ്റിന‌് പ്രതിവർഷം നാലുകോടി രൂപ അധികവരുമാനം ഉണ്ടാക്കാമെന്ന‌് പ്രതീക്ഷിക്കുന്നു. സർക്കാരും വ്യവസായ വകുപ്പിനു കീഴിലുള്ള പബ്ലിക‌് സെക‌്ടർ റീ സ‌്ട്രക‌്ചറിങ‌് ആൻഡ‌് ഇന്റേണൽ ഓഡിറ്റ‌് ബോർഡും (റിയാബ‌്) ആവിഷ്കരിച്ച‌് നടപ്പാക്കിയ പദ്ധതികളാണ‌് ഓട്ടോകാസ‌്റ്റിന‌് പുതുജീവൻ നൽകിയത‌്.
from Kerala || Deshabhimani Online News https://ift.tt/2OwRibB
via IFTTT
No comments:
Post a Comment