പെരുമ്പാവൂർ
നഗരഹൃദയത്തെ കീഴടക്കി എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റിന്റെ റോഡ് ഷോ ആവേശമായി. വൈകിട്ട് അഞ്ചിന‌് താലൂക്കാശുപത്രി കവലയിൽനിന്ന‌് ആരംഭിച്ച റോഡ് ഷോ യാത്രിനിവാസിൽ സമാപിച്ചു. സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ പ്ലക്കാർഡുകളും പതാകകളുമേന്തി റോഡ് ഷോയിൽ അണിനിരന്നു. തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യംചെയ്തു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നഗരവീഥികളിൽ കാത്തുനിന്ന സ്ത്രീകളടക്കമുള്ളവർ സ്ഥാനാർഥിയെ വരവേറ്റു. റോഡിനിരുവശത്തുനിന്നും കൈവീശി അഭിവാദ്യം അർപ്പിച്ചു. വ്യാപാരികൾ പൂച്ചെണ്ടുകൾ നൽകിയും പൂത്തിരി കത്തിച്ചും പ്രിയനേതാവിനെ വരവേറ്റു.
യാത്രിനിവാസിൽ നടന്ന സമാപനയോഗത്തിൽ ഇന്നസെന്റ് എംപി സംസാരിച്ചു. ചാലക്കുടി മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ചുരുങ്ങിയ വാക്കുകളിൽ സ്ഥാനാർഥി വിശദീകരിച്ചു. വൈകിട്ടോടെ മണ്ഡലത്തിലെത്തിയ സ്ഥാനാർഥി പുല്ലുവഴി സെന്റ് ജോസഫ്സ് ചർച്ചിൽ സന്ദർശനം നടത്തി. വികാരി ജോസഫ് പാറപ്പുറം, ജോയി വെള്ളാഞ്ഞിയിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. എൽഡിഎഫ് കൊമ്പനാട് മേഖല സമ്മേളനത്തിലും പങ്കെടുത്തശേഷമാണ് നഗരത്തിലെ റോഡ് ഷോയിൽ പങ്കെടുക്കാൻ ഇന്നസെന്റ് എത്തിച്ചേർന്നത്.

മണിയുടെ സ‌്മരണയുമായി
ആലുവ
ഊട്ടുനേർച്ചകളുടെ തിരക്കിലൂടെ, വിശ്വാസികളുടെ പിന്തുണ തേടിയും പെരിയാറിന്റെ തീരത്ത‌് ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലെത്തി ആശ്രമാധിപതി സ്വാമി ശിവസ്വരൂപാനന്ദയുടെ ആശീർവാദം തേടിയും ഇന്നസെന്റ‌്. പെരുമ്പാവൂരിൽ ചൊവ്വാഴ‌്ച വൈകിട്ട‌് നൂറുകണക്കിനാളുകൾ പങ്കെടുത്ത റോഡ‌്ഷോ കൂടിയായതോടെ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത‌് ചാലക്കുടി മണ്ഡലത്തിൽ എൽഡിഎഫ‌് കുതിക്കുകയാണ‌്.
ചാലക്കുടിയുടെ സ്വന്തം കലാകാരൻ കലാഭവൻ മണിയുടെ സ‌്മൃതികുടീരത്തിൽ പുഷ‌്പാർച്ചനയോടെയായിരുന്നു തുടക്കം. കലാഭവൻ മണിയുടെ വിയോഗത്തിന‌് മൂന്നുവർഷം മാർച്ച‌് ആറിന‌് പൂർത്തിയായിരുന്നു. മണിയുടെ ഓർമകൾക്കുമുന്നിൽ ഒരു നിമിഷം കൈകുപ്പി ഒരുപിടി പുഷ‌്പങ്ങൾ സ‌്മൃതികുടീരത്തിൽ അർപ്പിച്ചു. അവിടെനിന്ന‌് ചാലക്കുടി സെന്റ‌് മേരീസ‌് ഫൊറോനാ പള്ളിയിലേക്കായിരുന്നു യാത്ര. ഫൊറോനാ പള്ളിയിൽ വികാരി ജോസ‌് പാലാട്ടിയും സഹപ്രവർത്തകരും ചേർന്ന‌് മധുരം നൽകിയാണ‌് സ്വീകരിച്ചത‌്. അവിടെനിന്ന‌് പടിഞ്ഞാറേ ചാലക്കുടി ലത്തീൻ പള്ളിയിലെത്തിയപ്പോൾ യൗസേപ്പിതാവിന്റെ ഓർമത്തിരുനാളിനോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർഥന നടക്കുന്നു. അൽപ്പസമയം അവിടെ ചെലവഴിച്ച‌് ചാലക്കുടി വനിതാ ഐടിഐയിലെത്തിയപ്പോൾ അധ്യാപകരും വിദ്യാർഥികളും ചേർന്ന‌് ഗംഭീര വരവേൽപ്പാണൊരുക്കിയത‌്. ചാലക്കുടി സെന്റ‌് ജെയിംസ‌് ആശുപത്രിയിൽ ഇന്നസെന്റിനെ ഡയറക്ടർ ഫാ. വർഗീസ‌് പാത്താടനും ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന‌് സ്വീകരിച്ചു. ആശുപത്രിയിൽ തന്റെ രണ്ടാംവട്ട സന്ദർശനമാണിതെന്ന‌് ഓർമിപ്പിച്ച സ്ഥാനാർഥിയോട‌് ‘എത്ര തവണയായാലും സ്വാഗതം, ഞങ്ങൾക്ക‌് സന്തോഷം’ എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രവും സന്ദർശിച്ച‌് പുരോഹിതരുടെ ആശീർവാദം തേടി.
ചാലക്കുടിയിൽനിന്ന‌് ആലുവയിലേക്കുള്ള യാത്രയ‌്ക്കിടെ അങ്കമാലിക്കടുത്ത‌് കരയാംപറമ്പിൽ മുല്ലോത്ത‌് അജിത ജെയ‌്ഷോറിനെ സന്ദർശിക്കാനും മറന്നില്ല. ഇന്നസെന്റ‌് എംപി ഫണ്ട‌് ചെലവഴിച്ച‌് അങ്കമാലി താലൂക്കാശുപത്രിയിൽ സ്ഥാപിച്ച മാമ്മോഗ്രാം യൂണിറ്റിൽ പരിശോധന നടത്തി സ‌്തനാർബുദം സ്ഥിരീകരിച്ചയാളാണ‌് അജിത. നേരത്തെ അറിഞ്ഞതിനാൽ യഥാസമയം ചികിത്സ നടത്തി രോഗം ഭേദമാക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ‌് അവർ. അതിന‌് ഇന്നസെന്റിന്റെ ആരോഗ്യരക്ഷാ പദ്ധതി നിമിത്തമായതോടെ അദ്ദേഹത്തെ നന്ദി അറിയിച്ചിരുന്നു. അജിതയുടെ സുഖവിവരങ്ങളിറിയാൻ നേരിട്ടെത്തിയതാണ‌് ഇന്നസെന്റ്.

അവിടെനിന്ന‌് ആലുവ തോട്ടയ‌്ക്കാട്ടുകര സെന്റ‌് ആൻസ‌് പള്ളിയിൽ സ്ഥാനാർഥിയെത്തുമ്പോൾ പള്ളിമുറ്റത്ത‌് വിശ്വാസികളുടെ നീണ്ടനിര കാണാമായിരുന്നു. യൗസേപ്പിതാവിന്റെ ഓർമദിനത്തോടനുബന്ധിച്ചുള്ള ഊട്ടുതിരുനാൾ നടക്കുകയാണ‌്. നിരയിലേറെയും സ‌്ത്രീകൾ. ഓടിയെത്തിയവർക്കൊപ്പം സെൽഫിയെടുത്തും കുശലം പറഞ്ഞും നിൽക്കുന്നതിനിടെ വികാരിയും സഹപ്രവർത്തകരുമെത്തി. സദ്യയുണ്ണാനുള്ള ക്ഷണം സ‌്നേഹപൂർവം നിരസിച്ചും ഇനിയും ഓടിയെത്തേണ്ട ഇടങ്ങളെക്കുറിച്ച‌് ഓർമിപ്പിച്ചും അവിടെനിന്നിറങ്ങി. തൊട്ടപ്പുറത്ത‌് മാർക്കറ്റ‌് റോഡിലെ സെന്റ‌് ഡൊമിനിക‌് പള്ളിയിലെത്തിയപ്പോൾ ഫാ. ജോസ‌് പൈനാടത്തും കൈക്കാരന്മാരും ചേർന്ന‌് പള്ളിമേടയിലേക്ക‌് ആനയിച്ചു. വികാരി നൽകിയ മധുരവടയും കഴിച്ചാണ‌് അവിടെനിന്നിറങ്ങിയത‌്.

ആലുവ അദ്വൈതാശ്രമത്തിലെത്തുമ്പോൾ സമയം ഒരുമണി. എത്തുമെന്നറിയിച്ചിരുന്നതിലും അരമണിക്കൂർ വൈകി. അൽപ്പം വൈകിയതിന‌് ആശ്രമാധിപതി സ്വാമി ശിവസ്വരൂപാനന്ദയോട‌് ക്ഷമചോദിച്ചു. അദ്വൈതാശ്രമത്തിന്റെ ചരിത്രപ്രാധാന്യവും സാംസ‌്കാരിക പ്രാധാന്യവും ശിവസ്വരൂപാനന്ദ വിശദമാക്കി. ഗാന്ധിജിയും ടാഗോറും ആശ്രമം സന്ദർശിച്ച കാര്യവും ലോക സർവമതസമ്മേളനം ആശ്രമത്തിൽ നടന്ന കാര്യവുമെല്ലാം അദ്ദേഹം പറഞ്ഞു. എസ‌്എൻ ട്രസ‌്റ്റിനു കീഴിലുള്ള സ‌്കൂളുകൾക്ക‌് എംപി ഫണ്ടിൽനിന്ന‌് വിവിധ കാര്യങ്ങൾക്കായി തുകയനുവദിച്ച കാര്യം പറഞ്ഞും ആശ്രമത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച‌് ചോദിച്ചറിഞ്ഞും വിജയത്തിന‌് ആശീർവാദം തേടിയും അവിടെനിന്നിറങ്ങി. ആലുവ സോഷ്യൽ വെൽഫയർ ഇൻസ‌്റ്റിറ്റ്യൂട്ടിലെത്തുമ്പോൾ അവിടെ സ്ഥാപനത്തിന്റെ 25–-ാം വാർഷികാഘോഷച്ചടങ്ങുകൾ നടക്കുന്നു. സദസ്സിലിരുന്ന ഇന്നസെന്റിനെ വേദിയിൽ കയറ്റിയിരുത്തിയാണ‌് സംഘാടകർ സ്വീകരിച്ചത‌്.
ഉച്ചയ‌്ക്കുശേഷം പുല്ലുവഴി സെന്റ് ജോസഫ് പള്ളിയിലെ നേർച്ചയൂട്ടുസദ്യയിലും പങ്കെടുത്തു. വൈകിട്ട‌് പെരുമ്പാവൂർ ടൗണിൽ നടന്ന റോഡ‌്ഷോയും ആകർഷകമായി. പെരുമ്പാവൂർ ഗവ. ആശുപത്രി പരിസരത്തുനിന്ന‌് ഗസ‌്റ്റ‌് ഹൗസ‌് ജങ‌്ഷൻ വരെയായിരുന്നു റോഡ‌്ഷോ. തുറന്ന വാഹനത്തിൽ സ്ഥാനാർഥിയും നൂറുകണക്കിനു പ്രവർത്തകർ വാഹനത്തിനു മുമ്പേ കാൽനടയായും നടത്തിയ റോഡ‌്ഷോ ആവേശം പകർന്നു.
from Kerala || Deshabhimani Online News https://ift.tt/2TfjQXz
via IFTTT
No comments:
Post a Comment